മയാമി; രണ്ടായിരം വർഷങ്ങൾക്കപ്പുറം യേശുക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ നേർക്കാഴ്ച ഓർമ്മപ്പെടുത്തുന്ന, ഫലസ്തീനിയായിലും ഇസ്രയേലിലും ജോർദാനിലുമായി ദൈവപുത്രൻ നടത്തിയ അത്ഭുതങ്ങളുടേയും അടയാളങ്ങളുടേയും ഇന്നും തുടിക്കുന്ന തിരുശേഷിപ്പുകളുടെ വഴിത്താരയിലൂടെ ഒരു പുണ്യതീർത്ഥാടനം.

ഷിക്കാഗോ സീറോ മലബാർ രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയുടെ നേതൃത്വത്തിൽ വലിയ നോമ്പ് ആചരണകാലത്ത്, വ്യക്തികളുടേയും കുടുംബങ്ങളുടേയും, നവീകരണത്തിനും ലോക സമാധാനത്തിനുമായി സമർപ്പിച്ച് സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) ഫ്ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 28 മുതൽ ഏപ്രിൽ എട്ടാം തീയതി വരെ 12 ദിവസത്തെ പ്രാർത്ഥനാപൂർണ്ണമായ എക്യൂമെനിക്കൽ തീർത്ഥാടനം നടത്തുന്നു.

അനുതാപത്തിനും ആത്മീയ വളർച്ചയ്ക്കുമായി തിരുസഭ അനുശാസിക്കുന്ന നോമ്പ് ദിനങ്ങളിൽ വിശുദ്ധ നാട്ടിലൂടെയുള്ള ഈ എക്യൂമെനിക്കൽ തീർത്ഥാടനം വഴി ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ ഐക്യവും, മത സമൂഹ അംഗങ്ങൾക്കിടയിൽ ഉരുത്തിരിയുന്ന സമഭാവനയുടേയും സാഹോദര്യത്തിന്റേയും ഇഴയടുപ്പങ്ങൾ കൂടുതൽ ദൃഢകരമാക്കാൻ കഴിയുമെന്നു ഈ എക്യൂമെനിക്കൽ തീർത്ഥാടനം നയിക്കുന്ന രൂപതാ ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരി പ്രത്യാശിക്കുന്നു.

ആത്മനവീകരണത്തിനും, വിശ്വാസ സത്യങ്ങൾ നേരിൽകണ്ട് മനംനിറയുന്നതിനുമായി നടത്തുന്ന ഈ പുണ്യതീർത്ഥാടനം ഏവർക്കും വലിയൊരു ആത്മനിർവൃതിയും ദൈവാനുഭൂതിയും പ്രദാനം ചെയ്യുന്നതായിരിക്കുമെന്നു കോറൽസ്പ്രിങ് ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ വികാരിയും എസ്.എം.സി.സി ചാപ്ലെയിനുമായ ഫാ. തോമസ് കടുകപ്പള്ളി പറഞ്ഞു.

അമ്പത് നോമ്പിന്റെ അവസാന ആഴ്ചകളിൽ നടത്തുന്ന ഈ എക്യൂമെനിക്കൽ തീർത്ഥാടനത്തിന്റെ യാത്രാചെലവ്, ഭക്ഷണം, താമസം തുടങ്ങിയ എല്ലാ ചെലവുകളും ഉൾപ്പടെ ഒരാൾത്ത് 2489 ഡോളറാണ് ചെലവുവരുന്നത്.

അമേരിക്കയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന ട്രീയോ ട്രാവൽസ് ടൂർ ഓപ്പറേറ്റിങ് കമ്പനിയാണ് എസ്.എം.സി.സിക്കുവേണ്ടി ഈ എക്യൂമെനിക്കൽ തീർത്ഥാടനം ക്രമീകരിക്കുന്നതെന്നു എസ്.എം.സി.സി പ്രസിഡന്റ് മാത്യു പൂവനും, സെക്രട്ടറി ജിമ്മി ജോസും അറിയിച്ചു.

ഈ എക്യൂമെനിക്കൽ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടൂർ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി കോളിൻ മാത്യു (925 678 0798) എന്ന നമ്പറിലോ, ടോൾഫ്രീ നമ്പറായ 1- 844 483 0331 ലോ അല്ലെങ്കിൽ info@triotravelsusa.com എന്ന ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണെന്നു ടൂർ കോർഡിനേറ്റർ ജോയ് കുറ്റിയാനി അറിയിച്ചു.

കൂടാതെ എസ്.എം.സി.സി ഫ്ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2019 സെപ്റ്റംബർ 12 മുതൽ 22 വരെ പത്തുദിവസത്തെ ആഫ്രിക്കൻ സഫാരി. കെനിയ - ടാൻസാനിയ എന്നീ രാജ്യങ്ങളിലെ പുതുമ നിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള ലിഷർ ടൂറും നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.