സാൻഅന്റോണിയോ: പെസഹാ ആഴ്ചത്തെ തിരുകർമ്മങ്ങൾ വൈകുന്നേരം 6 മണി മുതൽ ആരാധന, കാൽകഴുകൽ ശുശ്രൂഷ, അപ്പംമുറിക്കൽ തുടങ്ങിയവയോടെ നടത്തപ്പെട്ടു. ദുഃഖവെള്ളിയുടെ തിരുകർമ്മങ്ങൾ രാവിലെ 10 മണിയോടുകൂടി ആരംഭിച്ചു. കുരിശുവന്ദനം, പള്ളി ചുറ്റിയുള്ള കുരിശിന്റെ വഴി, കുരിശു ചുംബനം, കയ്പുനീർ കുടിക്കൽ എന്നിവ നടത്തപ്പെട്ടു.

ദുഃഖശനിയുടേയും ഈസ്റ്ററന്റേയും തിരുകർമ്മങ്ങൾ രാവിലെ 10 മണിയോടെ ആരംഭിച്ചു. ഫാ. ജോസഫ് ശൗര്യംമാക്കലിന്റെ സംഭവങ്ങളും സാഹിത്യവും ഇടകലർന്നുള്ള പ്രസംഗശൈലി ഇടവക സമൂഹത്തിന് ഒരു പുതിയ അനുഭവമായിരുന്നു. പതിവുപോലെ ഈവർഷവും ദേവാലയ ശുശ്രൂഷകൾക്കുശേഷം തങ്ങളുടെ വീട്ടിൽ നിന്നും തയാറാക്കികൊണ്ടുവന്ന ഭക്ഷണ വിഭവങ്ങൾ പങ്കുവെയ്ക്കുന്നതിലൂടെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ കൂട്ടായ്മയും പങ്കുവെയ്ക്കും സ്‌നേഹവും ഈ ഇടവക സമൂഹം ഒരിക്കൽക്കൂടി അനുഭവിച്ചറിഞ്ഞു.

ഈസ്റ്റർ കുർബാനയ്ക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി കലാപരിപാടികൾ നടത്തപ്പെട്ടു. ഗൃഹതുരത്വം ഉണർത്തുന്ന തട്ടുകടയും വിഭവങ്ങളും ഏവരുടേയും പ്രശംസയേറ്റുവാങ്ങി. വിനു മാവേലിൽ അറിയിച്ചതാണിത്.