- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥയെഴുതിയെഴുതി പരാജിതനായ പപ്പൻ റൈറ്റർ ഒടുവിൽ കഥാവശേഷനായി; മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്കു നല്കി പുതിയ കഥയായിട്ടും അതു രചിക്കാനും സ്മരിക്കാനും ആരുമില്ല
കണ്ണൂർ: സ്വന്തം കൃതികൾ രചിച്ച് കടം കയറിയ എഴുത്തുകാരന്റെ മൃതദേഹം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകി. തന്നിലെ എഴുത്തുകാരൻ സംതൃപ്തി അടയണമെങ്കിൽ തന്റെ ശരീരം കീറിമുറിച്ച് വിദ്യാർത്ഥികൾ പഠിക്കട്ടെ എന്ന ആഗ്രഹം അദ്ദേഹം വച്ചു പുലർത്തിയിരുന്നു. കണ്ണൂർ തളാപ്പ് ശക്തിഭവനിലെ എം. പത്മനാഭൻ എന്ന പപ്പൻ റൈറ്റർ തന്റെ ജീവിതം കൊണ്ട് മ

കണ്ണൂർ: സ്വന്തം കൃതികൾ രചിച്ച് കടം കയറിയ എഴുത്തുകാരന്റെ മൃതദേഹം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകി. തന്നിലെ എഴുത്തുകാരൻ സംതൃപ്തി അടയണമെങ്കിൽ തന്റെ ശരീരം കീറിമുറിച്ച് വിദ്യാർത്ഥികൾ പഠിക്കട്ടെ എന്ന ആഗ്രഹം അദ്ദേഹം വച്ചു പുലർത്തിയിരുന്നു.
കണ്ണൂർ തളാപ്പ് ശക്തിഭവനിലെ എം. പത്മനാഭൻ എന്ന പപ്പൻ റൈറ്റർ തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഗുണം ഉണ്ടാകണമെന്ന പക്ഷക്കാരനായിരുന്നു. അതുകൊണ്ടു തന്നെ തന്റെ മരണശേഷം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സമർപ്പിക്കണമെന്ന് എഴുതിവച്ചു. താനും ഒരെഴുത്തുകാരനായിരുന്നു വെന്ന് മരണശേഷമെങ്കിലും അറിയട്ടെ എന്ന് അദ്ദേഹം അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുമായിരുന്നു.
1950 കളിൽ കഥകളെഴുതിയായിരുന്നു പത്മനാഭന്റെ സാഹിത്യലോകത്തേക്കുള്ള തുടക്കം. വടക്കേ മലബാറിൽ പി.വി.കെ നെടുങ്ങാടിയുടെ പത്രാധിപത്യത്തിൽ ദേശമിത്രം വാരിക തുടങ്ങിയ കാലം കഥകൾ ഒട്ടേറെ പത്രാധിപരുടെ മേശമേലെത്തി. അതിൽ പത്മനാഭന്റെ കഥകളുമുണ്ടായിരുന്നു.പത്മനാഭനിൽ ഒരു കഥാകാരനുണ്ടെന്ന് തിരിച്ചറിഞ്ഞ പത്രാധിപർ ആദ്യ പതിപ്പിൽ കഥ പ്രസിദ്ധീകരിച്ചു. തുടർന്ന് മാതൃഭൂമി, മലയാള രാജ്യം, കൗമുദി, കുങ്കുമം, ജനയുഗം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ പത്മനാഭന്റെ കഥകൾ പ്രസിദ്ധീകരിച്ചു. എന്നാൽ സാഹിത്യകാരന്മാരുടേയോ കഥാകരന്മാരുടേയോ കൂട്ടായ്മയിൽ അദ്ദേഹത്തെ ആരും പങ്കാളിയാക്കിയില്ല, അതിനൊട്ടു ശ്രമിച്ചുമില്ല. അതുകൊണ്ടു തന്നെ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റിയുമില്ല. എഴുത്തിലെപ്പോലെതന്നെ ജീവിതത്തിലും അന്തർമുഖത്വം സൂക്ഷിക്കുകയായിരുന്നു പത്മനാഭൻ.
പത്മനാഭന്റെ വലിയ നോവലുകളിലൊന്നായ 'പരാജിതൻ' സ്വന്തമായി പ്രസിദ്ധീകരിച്ചതാണ് അദ്ദേഹത്തെ ജീവിതത്തിലും പരാജയപ്പെടുത്തിയത്. സ്വജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ വരച്ചു കാട്ടിയ ആ നോവൽ ആരും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. കാര്യമായി പത്മനാഭൻ ആരേയും സമീപിച്ചിരുന്നുമില്ല എന്നതാണ് സത്യം. ജോലിയിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച തുക കൊണ്ട് അദ്ദേഹം ആ പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചു. പ്രസാധനരംഗത്തെ കളികളൊന്നുമറിയാത്ത പത്മനാഭൻ അതോടെ തകരുകയായിരുന്നു. അവസാനത്തെ അഭയം, വിവാഹ സമ്മാനം, മൊബൈൽ പ്രണയം, ഒരു പെൺകുട്ടിയുടെ ദുരന്തം എന്നീ കഥാ സമാഹാരങ്ങളും അദ്ദേഹം സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചവയാണ്.
ഓരോ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുമ്പോഴും കടങ്ങൾ കൂടിക്കൂടി വരികയായിരുന്നു. എന്നിരുന്നാലും അദ്ദേഹം എഴുത്തുനിർത്തിയിരുന്നില്ല. താൻ പരിചയപ്പെട്ട ലോകത്തിലെ സകലതും അദ്ദേഹം കഥയിൽ പ്രമേയമാക്കി. വാർത്തകളിലോ വാർത്താ മാദ്ധ്യമങ്ങളിലോ ഒരിക്കലും പ്രത്യക്ഷപ്പെടാൻ ശ്രമിക്കാതെ ഒറ്റയാനായ ഈ എഴുത്തുകാരൻ എഴുത്തിന്റെ ലോകത്തു നിന്നും വിടപറയുമ്പോഴാണ് വാർത്തകളിൽ നിറയുന്നത്.

