കൊളുത്തൂർ: അത്തിപ്പറ്റയിലെ ഉസ്താദിനെ അവസാനമായി ഒരു നോക്ക്  കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അന്തരിച്ച ഉസ്താദ് അത്തിപ്പാറ മുഹ്‌യുദ്ദീൻകുട്ടി മുസല്യാരുടെ മൃതദ്ദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ പൊരിവെയിലിനെ പോലും അവഗണിച്ച് ഒട്ടേരെ പേരാണ് അദ്ദേഹത്തിന്റെ സ്ഥാപനമായ ഫത്തഹുൽ ഫത്താഹിലേക്ക് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉസ്താദിന്റെ മൃതദ്ദേഹം പൊതു ദർശനത്തിനായി എത്തിച്ചത്.

ആളുകളുടെ ക്രമാതീതമായി എണ്ണം വർധിക്കുകയും  തിരക്ക് നിയന്ത്രണാതീതമാകുകയും ചെയ്തതോടെ പെരിന്തൽമണ്ണ വളാഞ്ചേരി റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ വൊളന്റിയർമാർ നിയന്ത്രണം ഏറ്റെടുത്തതോടെ ഗതാഗതക്കുരുക്കിന് ശമനമുണ്ടായത്. രണ്ടുമണി മുതൽ ഓരോ പത്തുമിനിട്ട് ഇടവിട്ടും മയ്യിത്ത് നമസ്‌കാരങ്ങൾ രാത്രി വൈകിയും നടന്നുവരികയാണ്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മലപ്പുറം ഖാസി ഒ.പി.എം. മുത്തുക്കോയ തങ്ങൾ, മഅദിൻ ചെയർമാൻ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ, മഞ്ഞളാംകുഴി അലി എംഎ‍ൽഎ, അഡ്വ. എൻ. ശംസുദ്ദീൻ എംഎ‍ൽഎ, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് തുടങ്ങിയവർ സന്ദർശനം നടത്തി.

വൻ ശിഷ്യസമ്പത്തിന്റെ ഉടമയായ ഉസ്താദ്

ബുധനാഴ്ച രാവിലെ 11.50-ന് വളാഞ്ചേരിക്കടുത്ത അത്തിപ്പറ്റയിലെ വസതിയിലായിരുന്നു പ്രമുഖ സൂഫിവര്യനും ഇസ്ലാമിക പണ്ഡിതനുമായ വെങ്ങാട് അത്തിപ്പറ്റ ഉസ്താദിന്റെ (മുഹ്യുദ്ദീൻകുട്ടി മുസ്ലിയാർ -82) അന്ത്യം. കുറച്ചുനാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. വ്യക്തിജീവിതത്തിൽ എളിമയും വിശുദ്ധിയും പുലർത്തിയ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

ഇരുപത്തിയേഴുവർഷം യു.എ.ഇ. മതകാര്യവകുപ്പിൽ സേവനംഅനുഷ്ഠിച്ച അത്തിപ്പറ്റ ഉസ്താദിന് സ്വദേശത്തും വിദേശത്തുമായി അനവധി ശിഷ്യന്മാരുണ്ട്. പള്ളി ദർസ് അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. സമസ്തക്കൊപ്പം അടിയുറച്ചുനിന്ന അദ്ദേഹം അതിന്റെ വളർച്ചയിലും ദൗത്യങ്ങളിലും വലിയ പങ്കുവഹിച്ചു. ശാദുലി, ഖാദിരിയ്യ സൂഫി സരണികളുടെ തെന്നിന്ത്യയിലെ പ്രചാരകനായിരുന്നു.

ഉസ്താദിന്റെ നേതൃത്വത്തിൽ കാടാമ്പുഴ മരവട്ടം ഗ്രൈസ് വാലി കോളേജ്, വെങ്ങാട് അത്തിപ്പറ്റയിൽ ഫതഹുൽ ഫതാഹ് (സെന്റർ ഫോർ സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്) എന്ന പേരിൽ സ്ഥാപനം തുടങ്ങി. യു.എ.ഇയിൽ മലയാളികൾ നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ അൽ ഐൽ ദാറുൽ ഹുദാ സ്‌കൂളിന്റെ സ്ഥാപകനും ചെയർമാനുമായി പ്രവർത്തിച്ചു. നിലവിൽ അത്തിപ്പറ്റ മഹല്ലിന്റെ പ്രസിഡന്റായിരുന്നു.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത അച്ചിപ്രയിൽ 1936 സെപ്റ്റംബർ 18-നാണ് ജനനം. പ്രാഥമിക പഠനത്തിനുശേഷം പന്താരങ്ങാടിയിൽ വഹ്ശി മുഹമ്മദ് മുസ്ലിയാരുടെ ദർസിലുമായിരുന്നു മതപഠനം. മൗലാനാ അബ്ദുൽ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപ്പറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്.

മൗലാനയിൽനിന്നാണ് ഖദിരീയ്യ സരണി സ്വീകരിക്കുന്നത്. ഭാര്യമാർ: ആയിശ (പത്തിരിപാലം), പരേതയായ ഫാത്തിമ(ഇന്ത്യനൂർ). മക്കൾ: അബ്ദുൽ വാഹിദ് മുസ്ലിയാർ, മുഹമ്മദ് ഫൈസി, ആതിക്ക, ആയിശ, മൈമൂന. മരുമക്കൾ: പരേതനായ സി.എച്ച്. മൊയ്തീൻകുട്ടി മുസ്ലിയാർ, മുസ്തഫ നദ്വി, മൊയ്തീൻകുട്ടി ബാഖവി കരുവാൻപടി, ബുഷ്റ കുറുമ്പത്തൂർ, ജമീല കുരുവമ്പലം.