- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിച്ചു തിരുമലയ്ക്ക് മലയാളം വിടചൊല്ലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; യാത്രയായത് മലയാളസിനിമയിലെ ഏകാന്തചന്ദ്രിക
തിരുവനന്തപുരം: മലയാളത്തിന്റെ ഏകാന്തചന്ദ്രിക മാഞ്ഞു. പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വൈകീട്ട് 4.30 ഓടെ ആയിരുന്നു ശാന്തികവാടത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നത്. ഏകമകൻ സുമൻ അന്ത്യകർമങ്ങൾ നിർവഹിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗാനരചയിതാവ് ശ്രീകുമാരൻതമ്പി നിറകണ്ണുകളോടെ പ്രിയസുഹൃത്തിനെ യാത്രയാക്കാൻ ആദ്യാവസാനം വേട്ടമുക്കിലെ വീട്ടിലുണ്ടായിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, മുകേഷ്, ബാലചന്ദ്രമേനോൻ, മണിയൻപിള്ള രാജു, സുരേഷ്കുമാർ, മേനക, ജി. വേണുഗോപാൽ, തുളസിദാസ്, ബാലു കിരിയത്ത്, കൃഷ്ണ ചന്ദ്രൻ, ശ്രീകുമാർ, ടിഎസ് സുരേഷ് ബാബു, രാജലക്ഷ്മി, കൃഷ്ണ പൂജപ്പുര, ഗോപകുമാർ, ആർ. രഞ്ജിത്, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡെപ്യൂട്ടി മോയർ പികെ രാജു, വികെ പ്രശാന്ത്, പാലോട് രവി, എം വിജയകുമാർ, എൻ ശക്തൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സുരേന്ദ്രൻപിള്ള, സി ദിവാകരൻ, ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, വിവി രാജേഷ്, ശബരിനാഥൻ, മാങ്കോട് രാധാകൃഷ്ണൻ, ചാരുപ്പാറ രവി തുടങ്ങി വിവിധ മേഖലകളിലെ നിരവധിപേർ ബിച്ചുതിരുമലയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു.
മലയാള സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. മലയാളത്തിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ സൃഷ്ടിച്ച മഹാനായിരുന്നു അദ്ദേഹം.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിരുന്നു. കൂടാതെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി-പി ഭാസ്കരൻ ഗാനസാഹിത്യ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി.
1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു.
ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. സംഗീതാസ്വാദകരുടെ മനസുകളിൽ ആ തൂലിക മായാതെ നിൽക്കുമെന്നുള്ള കാര്യം തീർച്ച.
മറുനാടന് മലയാളി ബ്യൂറോ