മെൽബൺ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അനുശോചന പ്രവാഹമൊഴുകി. ഇന്ത്യയുടെ സാധാരണക്കാരന്റെ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്ന കലാമിന്റെ വിയോഗം ജനമനസ്സുകളിൽ ദുഃഖമുളവാക്കി. ഇന്ത്യയുടെ ആണവപദ്ധതിക്ക് ഉണർവേകി ലോകരാജ്യങ്ങളുടെ മുമ്പിൽ തലയുയർത്തി നടക്കാൻ നമുക്കായത് അബ്ദുൾ കലാമിന്റെ കാലത്തായിരുന്നു എന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകനും മലയാള മനോരമ റിപ്പോർട്ടറുമായ ജോൺസൺ മാമലശ്ശേരി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളർച്ചയുടെ നാഴികകല്ലായ കലാം രാജ്യത്തിന്റെ മിസൈൽമാനായിരുന്നുവെന്ന് തോമസ് ടി.ഓണാടൻ(ദീപിക) അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളർച്ചയെ സ്വപ്‌നം കണ്ട ഒരു മാർഗ്ഗദർശിയെയാണ് നമുക്ക് നഷ്ടമായതെന്ന് ജോസ് എം ജോർജ് (OICC ന്യൂസ്) അഭിപ്രായപ്പെട്ടു.

അണുപരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യയെ ലോകരാജ്യങ്ങളുടെ പട്ടികയിൽ എത്തിച്ചത് കലാമായിരുന്നുവെന്ന് മെൽബണിലെ സാമൂഹ്യപ്രവർത്തകൻ ഡോ.ഷാജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിൽ നിന്നും അത്യുന്നതിയുടെ കൊടുമുടിയിൽ എത്തിയ ആളാണ് കലാം എന്ന് ഓവർസീഡ് കൾച്ചറൽ കോൺഗ്രസ് കമ്മിറ്റി ദേശീയ സെക്രട്ടറി ജോർജ് തോമസ് അഭിപ്രായപ്പെട്ടു. യുവജനങ്ങളുടെ ആവേശമായിരുന്ന കലാം വിദ്യാർത്ഥികൾക്കായി നയിച്ചിരുന്ന ക്ലാസുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് വാതപ്പിള്ളി പറഞ്ഞു. പ്രഭാഷണങ്ങളുടെ ഒരു തേരാളിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് FIAV പ്രസിഡന്റ് തോമസ് ജോസഫ് പറഞ്ഞു.

അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ ഓസ്‌ട്രേലിയയിലെ വിവിധപ്രദേശങ്ങളിലെ സംഘടനകൾ ദുഃഖം രേഖപ്പെടുത്തി. ലിബറൽ പാർട്ടി നോതാവ് പ്രസാദ് ഫിലിപ്പ്, അജി പുനലൂർ, വിൻഡാം മലയാളി പ്രസിഡന്റ് ക്ലീറ്റസ് ചാക്കോ, വിനോദ് മത്തായി (ഗ്ലോബൽ മലയാളം), പുലരി, ജ്വാല, കെരളി, നവോദയ, പെർത്ത് മലയാളി അസോസിയേഷൻ, ഡാർവിൻ മലയാളി അസോസിയേഷൻ, മലയാളി ഫോറം, വുള്ളോംഗ് മലയാളി അസോസിയേഷൻ, ഇല്ലാവാര മലയാളി അസോസിയേഷൻ എന്നീ സംഘടനകളും കലാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.