- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിത രാഷ്ട്രീയ ഭൂമികയിൽ നിന്ന് ഉദിച്ചുയർന്ന പ്രിയ നേതാവിനെ അവസാന നോക്കുകാണാൻ കരിപ്പൂരിലേക്ക് ഒഴുകിയത് പതിനായിരങ്ങൾ; കോഴിക്കോട് കടപ്പുറത്തെ മയ്യിത്ത് നമസ്കാരത്തിന് സാക്ഷിയാകാനും ജനസാഗരം; ഖബറടക്കം ഇന്ന് രാവിലെ പത്തിന് കണ്ണൂരിൽ; അഹമ്മദിലെ പ്രതിഭയെ കണ്ടെത്തിയത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി
കോഴിക്കോട്: ഇന്ത്യൻ വിദേശ നയതന്ത്രങ്ങളുടെ സൗമ്യ സാന്നിധ്യമായ മുൻ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് എംപിക്ക് പതിനായിരങ്ങളുടെ പ്രാർത്ഥനയിൽ കുതിർന്ന കണ്ണീർ കണങ്ങൾ. ഡൽഹിയിൽനിന്നും ഇന്നലെ വൈകുന്നേരം 5.15ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. ശേഷം മൃതദേഹം സി എച്ച് സെന്റർ ആംബുലൻസിൽ കരിപ്പൂരിലെ ഹജ്ജ് ഹൗസിലെത്തിച്ചു. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, യു ഡി എഫ് കൺവീനർ പി പി തങ്കച്ചൻ, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ പതിനായിരങ്ങളാണ് മൃതദേഹം സ്വീകരിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ഹജ്ജ് ഹൗസിലെത്തിയത്. ശേഷം കോഴിക്കോട്ടേക്കു തിരിച്ച ആംബുലൻസിൽ പ്രിയനേതാവിനെ ഒരുനോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും വഴിയിലുടനീളം ആയിരങ്ങളാണ് തടിച്ചുകൂടിയത്. രാത്രി എട്ടരയോടെ കോഴിക്കോട് ലീഗ് ഹൗസിൽ പൊതുദർശനത്തിന് വച്ചു. ശേഷം കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം മൃതദേഹം കണ്ണൂരിലേക്കു കൊണ്ടുപോയ

കോഴിക്കോട്: ഇന്ത്യൻ വിദേശ നയതന്ത്രങ്ങളുടെ സൗമ്യ സാന്നിധ്യമായ മുൻ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദ് എംപിക്ക് പതിനായിരങ്ങളുടെ പ്രാർത്ഥനയിൽ കുതിർന്ന കണ്ണീർ കണങ്ങൾ. ഡൽഹിയിൽനിന്നും ഇന്നലെ വൈകുന്നേരം 5.15ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. ശേഷം മൃതദേഹം സി എച്ച് സെന്റർ ആംബുലൻസിൽ കരിപ്പൂരിലെ ഹജ്ജ് ഹൗസിലെത്തിച്ചു. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, യു ഡി എഫ് കൺവീനർ പി പി തങ്കച്ചൻ, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ പതിനായിരങ്ങളാണ് മൃതദേഹം സ്വീകരിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ഹജ്ജ് ഹൗസിലെത്തിയത്. ശേഷം കോഴിക്കോട്ടേക്കു തിരിച്ച ആംബുലൻസിൽ പ്രിയനേതാവിനെ ഒരുനോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും വഴിയിലുടനീളം ആയിരങ്ങളാണ് തടിച്ചുകൂടിയത്.
രാത്രി എട്ടരയോടെ കോഴിക്കോട് ലീഗ് ഹൗസിൽ പൊതുദർശനത്തിന് വച്ചു. ശേഷം കോഴിക്കോട് കടപ്പുറത്ത് വച്ച് നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം മൃതദേഹം കണ്ണൂരിലേക്കു കൊണ്ടുപോയി. ഇന്ന് രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ഖബറടക്കം. ബഹുമതികളോടെയായിരിക്കും രാജ്യത്തെ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ വിശേഷണമാണ് ജനനേതാവിന് ഏറ്റവുമധികം ചേരുക. 'ഗൾഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏത് സമയത്തും മുട്ടിത്തുറക്കാൻ കഴിയുന്ന ഒരേയൊരാൾ'എന്നായിരുന്ന സർദേശായിയുടെ അഹമ്മദിനെ കുറിച്ചുള്ള കണ്ടെത്തൽ. അത്രത്തോളമായിരുന്നു അഹമ്മദിന് ഗൾഫ് ഭരണകൂടവുമായുള്ള ബന്ധം.
മുസ്‌ലിംലീഗ് നേതാവും കേരള മുൻ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ്‌കോയ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'പറക്കും തളിക' എന്നായിരുന്നു. നാട്ടിലുള്ളതിനേക്കാൾ കൂടുതൽ അഹമ്മദ് ആകാശത്താണെന്നു അദ്ദേഹത്തിന്റെ എതിരാളികളും പറയാറുണ്ടായിരുന്നു. പാർല്ലമെന്റിൽ ഒന്നോ രണ്ടോ അംഗങ്ങളുള്ള ഒരു പാർട്ടിക്ക് കാണാവുന്ന സ്വപ്‌നങ്ങൾക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. കശ്മീർ മുതൽ ഫലസ്തീൻ പ്രശ്‌നം വരെയുള്ളവ യു എൻ അടക്കമുള്ള അന്തർ ദേശീയ വേദികളിൽ അതിതീക്ഷ്ണമായ രീതിയിൽ അവതരിപ്പിക്കാൻ അഹമ്മദിനായി.
ചേരിചേരാ നയത്തിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ലോകരാജ്യങ്ങൾക്കു മുമ്പിൽ രാജ്യത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിച്ചുവെങ്കിൽ അറബ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചതിൽ പ്രമുഖനാണ് ഇ അഹമ്മദ്. 1984ൽ അദ്ദേഹം കേരള വ്യവസായ മന്ത്രിയായിരിക്കെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യയുടെ ദൂതനായി ആദ്യമായി നിയോഗിച്ചത്. അന്നദ്ദേഹം കേന്ദ്രമന്ത്രിയോ, എം പി പോലുമോ അല്ലാതിരുന്നിട്ടും രാജ്യത്തിന്റെ നയതന്ത്രത്തിൽ ഇന്ദിരാഗാന്ധി കണ്ടെത്തിയ ഈ പ്രതിഭ അതോട് തീർത്തും നീതി പുലർത്തിയെന്നതാണ് പിൽകാല അനുഭവങ്ങൾ.
യു പി എ സർക്കാറിൽ രണ്ടു തവണ കേന്ദ്ര സഹമന്ത്രിയായിരിക്കെ ലോകം അറിയുന്ന നായകനായതും ചരിത്രം. സോമാലിയയിൽ ഇന്ത്യക്കാർ തടവിലായപ്പോഴും ലിബിയൻ പ്രക്ഷോഭത്തിൽ പൗരന്മാർ ഒറ്റപ്പെട്ടപ്പോഴും ഇറാഖിൽ വിമാനം റാഞ്ചി ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോയപ്പോഴും രാജ്യതാൽപര്യം സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ നയതന്ത്ര പാടവം മുതൽകൂട്ടായി. മന്മോഹൻ സിങ് മന്ത്രിസഭയിൽ അദ്ദേഹം വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിപ്പോൾ വിദേശ രാജ്യങ്ങളുമായി തകർക്കാൻ പറ്റാത്ത പാലമാണ് പണിതത്. ഗൾഫ്, പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക, മധേഷ്യ, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും സുദൃഢമായ ബന്ധം സ്ഥാപിച്ചു. ഫലസ്തീൻ പ്രശ്‌നത്തിലും ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലും അദ്ദേഹം തനതായി ഇടപെടലുകൾ ജീവിത വ്രതമാക്കി.

സദ്ദാം ഹുസൈൻ കുവൈത്ത് ആക്രമിച്ചപ്പോൾ മതന്യൂനപക്ഷങ്ങളും ലോകസമൂഹവും അമേരിക്കൻ വിരുദ്ധ വികാരത്തിൽ ഇറാഖിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ സദ്ദാം ചെയ്തത് തെറ്റാണെന്ന പക്ഷക്കാരനായിരുന്നു അഹമ്മദ്. അപ്പോഴും ഇറാഖ് ജനതയോടും സദ്ദാമിനോടുമെല്ലാം ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ അദ്ദേഹം മനസ്സ് വച്ചു. ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈത്ത് മോചിതരായപ്പോൾ കുവൈത്ത് നാഷണൽ അസംബ്ലി സന്ദർശിച്ച ലോക രാജ്യങ്ങളിൽ നിന്നുള്ള രണ്ടാമത്തെ പ്രതിനിധിയായിരുന്നു അഹമ്മദ്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവ പ്രമേയം ഇറാനുമായുള്ള ബന്ധം മോശമാക്കിയപ്പോൾ ഇറാൻ പ്രസിഡന്റ് അഹ്മദ് നജാദിയുമായും മറ്റും സംസാരിക്കാൻ പ്രധാനമന്ത്രി നിയോഗിച്ചത് അഹമ്മദിനെയായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ കശ്മീരിന് വേണ്ടി ആവേശത്തോടെ വാദിച്ചതും അഹമ്മദിന്റെ
ഉറച്ച ശബ്ദങ്ങളായിരുന്നു.
കാണ്ഡഹാറിലെ വിമാന റാഞ്ചൽ, ഗൾഫിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള നിതാഖാത്ത് ഉൾപ്പെടെ ഹജ്ജ് ക്വാട്ട അടക്കമുള്ള വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി പ്രശ്‌നപരിഹാരം ഉണ്ടാക്കാനും ആശയറ്റ ജനതയുടെയും മതന്യൂനപക്ഷങ്ങളുടെയും ആശകളും പ്രതീക്ഷകളും നെഞ്ചിലേറ്റാനും അദ്ദേഹത്തിന് സാധിച്ചു. മതനിരപേക്ഷ മൂല്യങ്ങളിൽ വിട്ടുവിഴ്ചയില്ലാതെ, യശ്ശശരീരനായ സുലൈമാൻ സേട്ടിനും ബനാത്ത് വാലക്കും ശേഷം പാർല്ലമെന്റിൽ മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ കൂടുതൽ ശ്രദ്ധയിൽപെടുത്താനും അദ്ദേഹത്തിനായി. ഗുജറാത്ത് വംശഹത്യാ സമയങ്ങളിൽ രാഷ്ട്രീയ നേതാക്കൾ അവിടെ പ്രവേശിക്കുന്നത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വിലക്കിയപ്പോൾ, എതിർപ്പ് മറികടന്ന് അദ്ദേഹം ഗുജറാത്തിൽ വിമാനമിറങ്ങി. അന്ന് മോദിയെ വിളിച്ചു വരുത്തി സംഭവത്തിലുള്ള പ്രതിഷേധവും അറിയിച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കലാപം നടന്ന കാൻപൂരിലും മുംബൈയിലും കോയമ്പത്തൂർ കലാപമുണ്ടായപ്പോൾ അവിടെയും സന്ദർശിച്ച് ഇരകൾക്ക് ആശ്വാസം പകരാനും മുമ്പിൽ നിന്നു.

റോഹിങ്ക്യൻ ജനതക്കെതിരെയുള്ള ക്രൂരമായ വംശീയ ഉന്മൂലനത്തിനെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഈയിടെ കോഴിക്കോട്ട് നടന്ന യൂത്ത്‌ലീഗ് സംഗമത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മ്യാന്മാറിൽ റോഹിങ്ക്യൻ ജനത അനുഭവിക്കുന്ന പീഡനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാകാത്തതാണ്. ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്്. ഫലസ്തീനിനെ സഹായിച്ച പോലെ ഇന്ത്യാ ഗവൺമെന്റും ഈ വിഷയത്തിൽ സഹായങ്ങൾ നൽകണം. യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും അവരുടെ സമാധാന സഹായ ദൗത്യങ്ങൾ നിർവ്വഹിക്കണം. വിശിഷ്യാ ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ ചുമതല നിർവ്വഹിക്കണം. സമാധാനത്തിനു നൊബേൽ സമ്മാനം ലഭിച്ച ആങ്ങ് സാൻ സൂക്കി ഇതിനെതിരെ കണ്ണടക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നത് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
പാണക്കാട് പൂക്കോയ തങ്ങളുടെ കൈപ്പിടിച്ച് സി എച്ചിന്റെയും കെ എം സീതി സാഹിബിന്റെയും പിന്മുറക്കാരനായി കേരള രാഷ്ട്രീയത്തിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെ മന്ത്രി മന്ദിരത്തിലേക്കും അന്തർ ദേശീയ തലങ്ങളിലേക്കും ഏണിപ്പടവുകൾ കയറിയ എട്ടിക്കണ്ടി അഹമ്മദ് എന്ന ഇ അഹമ്മദ് ഇനി ചരിത്രത്തിന് സ്വന്തം.

