കൊല്ലം: ചേതനയറ്റ ഗൗരിയുടെ ശരീരം നോക്കി ആ അച്ഛൻ ആദ്യം നിർവികാരനായി നിന്നു. പിന്നെ എന്റെ മോൾ ഒന്നും കഴിച്ചില്ലല്ലോ... അവൾക്ക് എന്തെങ്കിലും കൊടുക്ക്.. എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് ആ പിതാവ് തളർന്നുവീണു. മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് തളർന്ന് അമ്മയും കുഞ്ഞനുജത്തിയും. അദ്ധ്യാപികമാരുടെ ക്രൂരമായ പീഡനം സഹിക്കാതെ സ്‌കൂൾക്കെട്ടിടത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് ഇന്ന് പുലർച്ചെ ആശുപത്രിയിൽവച്ച് മരണപ്പെട്ട ഗൗരിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അത് കണ്ടുനിൽക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും ഗൗരിയുടെ സഹപാഠികളും.

പലരും പൊട്ടിക്കരഞ്ഞുപോയി ആ പിഞ്ചോമനയുടെ ചേതനയറ്റ മുഖം കണ്ടപ്പോൾ. കൂട്ടുകാരിൽ പലരും തളർന്നുവീണു. മകളുടെ ദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയേയും കുഞ്ഞനുജത്തിയേയും പിടിച്ചുമാറ്റാനാവാതെ ബന്ധുക്കളും.

മൃതദേഹം വീട്ടിലെത്തിച്ചതോടെ രാമൻകുളങ്ങര നാടിന്റെ പൊന്നോമനയെ അവസാനമായി ഒരുനോക്കുകാണാൻ ആ വീട്ടിലേക്ക് ഒഴുകിയെത്തി. ചേതനയറ്റ ഗൗരിയുടെ മൃതദേഹത്തിൽ നോക്കി നിർവികാരനായി അച്ഛൻ നോക്കി നിന്നു. ഏറെ നേരം മകളുടെ മുഖത്തേക്ക് നോക്കി നിന്ന പിതാവ് എന്റെ മോൾ ഒന്നും കഴിച്ചില്ലല്ലോ അവൾക്ക് എന്തെങ്കിലും കൊടുക്ക് എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു തളർന്ന് വീഴുകയായിരുന്നു. താങ്ങിയെടുത്ത ബന്ധു ജനങ്ങളോട് എന്റെ മോളെ ഒന്നു തൊട്ടോട്ടെ എന്ന് തേങ്ങിക്കരഞ്ഞ് മകളുടെ മൂർദ്ധാവിൽ തഴുകി. ഒടുവിൽ ഒരിത്തിരി പനിനീർ പൂക്കൾ മകളുടെ മേൽ വിതറി ആ പിതാവ് പിൻവാങ്ങി.

അദ്ധ്യാപികമാരുടെ ക്രൂരമായ പീഡനത്തിൽ മനംനൊന്ത് സ്‌ക്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച ഗൗരിയുടെ മൃതദേഹം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് രാമൻകുളങ്ങരയിലെ വീട്ടിലെത്തിച്ചത്. വീട്ടിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചു. ജനപ്രതിനിധികളും നാട്ടുകാരും വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

സഹപാഠിയുടെ ജീവനറ്റ ശരീരത്തിലേക്ക് നോക്കി നിന്ന സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. ചിലർ കണ്ടുനിൽക്കാനാവാതെ കുഴഞ്ഞു വീണു. അനുജത്തി മീരയും അമ്മ പ്രസന്നയും മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനെത്തിയ കാഴ്ച ആരുടേയും ഹൃദയം പിളർക്കുന്ന കാഴ്ചയായി. പിന്നീട് നാലു മണിയോടെ ഗൗരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുളങ്കാടകം ശ്മശാനത്തിൽ സംസ്‌ക്കാരം നടത്തി.

ഗൗരിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ജനപ്രതിനിധികൾ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. കുട്ടിയുടെ മൃതദേഹം കാണാൻ സ്‌ക്കൂൾ മാനേജ്‌മെന്റ് അധികൃതർ ആരും എത്തിയില്ല. എന്നാൽ ഏതാനം ചില അദ്ധ്യാപകരെത്തിയിരുന്നു.

ലാറ്റിൻ കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സംഭവത്തിൽ പ്രതികളായ ക്രസന്റ്, സിന്ധു എന്നീ അദ്ധ്യാപകരെ പുറത്താക്കുന്നത് വരെ ട്രിനിറ്റി ലൈസിയം സ്‌ക്കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ അറിയിച്ചു. ഒളിവിൽ പോയ പ്രതികളായ അദ്ധ്യാപകരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വെള്ളിയാഴച്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു സഭവം. ഇളയ സഹോദരി പഠിക്കുന്ന ഇതേ സ്‌കൂളിലെ എട്ടാം ക്ലാസിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഗൗരി ഇടപെട്ടതിന്റെ വിരോധത്തിൽ അദ്ധ്യാപികമാർ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് സ്‌കൂളിലെ മൂന്നാം നിലയിൽ നിന്ന് ഗൗരി എടുത്ത് ചാടുകയായിരുന്നു. കൊല്ലം ബൻസിഗർ ആശുപത്രിയിൽ എത്തിച്ച ശേഷം രാത്രിയോടെ തിരുവനന്തപുരത്തേക്ക് മാറ്റിയ ഗൗരി വെന്റിലേറ്ററിന്റെ സഹായത്തിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

്അതേസമയം, മതിയായ ചികിത്സ കുട്ടിക്ക് കിട്ടിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി മരിച്ചത്. സ്‌ക്കൂളിന്റെ മൂന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റ കുട്ടിയെ കൊല്ലം ബൻസിഗർ ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിൽസ നൽകിയില്ലെന്നാണ് പരാതി. സ്‌കൂളും ആശുപത്രിയും തമ്മിൽ ബന്ധമുള്ളതിന്റെ ഫലമായാണ് മതിയായ ചികിൽസ നൽകിയില്ലെന്നുള്ള ആരോപണത്തിന് പിന്നിൽ.

ഉച്ചയ്ക്ക് ഒരുമണിക്ക് സംഭവം ഉണ്ടായപ്പോൾ ഉടൻതന്നെ ഈ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഏഴുമണിക്കുറിന് ശേഷം സംഭവം വിവാദമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നുമണിക്കൂർ മുമ്പേ എത്തിച്ചിരുന്നെങ്കിൽ ചികിൽസ കുറച്ചുകൂടി ഫലവത്തായേനെ എന്നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്നും അറിഞ്ഞതെന്നും അവർ പറയുന്നു.

വെന്റിലേറ്റർ സൗകര്യമില്ലാത്ത സാധാരണ ആംബുലൻസിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കൂടാതെ കുട്ടിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ ബന്ധുക്കളെ വേണ്ടരീതിയിൽ അറിയിച്ചില്ലെന്നും പറയുന്നു. ഒരു സ്ഥിരം ന്യൂറോ സർജനില്ലാത്ത ബൻസിഗർ ആശുപത്രിയിൽ, ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യനില തീരെ നിസാരമായി കണ്ടുവെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അതിനിടെ ഇന്ന് സ്‌കൂളിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭവും നടന്നു. നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.