തൃശൂർ: വൻജനാവലിയെ സാക്ഷി നിർത്തി മലയാളത്തിന്റെ അതുല്യകലാകാരി കെപിഎസി ലളിതയ്ക്ക് കണ്ണീരോടെ അന്ത്യാഞ്ജലി. തൃശൂർ എങ്കക്കാട് ദേശത്തെ 'ഓർമ' എന്ന വീടിനോടു ചേർന്നാണു കെപിഎസി ലളിതയ്ക്ക് ചിതയൊരുക്കിയത്. ഭർത്താവും പ്രമുഖ സംവിധായകനുമായ ഭരതന്റെ സ്മൃതികുടീരത്തോട് ചേർന്ന് തന്നെയാണ് ലളിതയ്ക്കും അന്ത്യവിശ്രമത്തിനുള്ള ഇടം ഒരുക്കിയത്.

മകൻ സിദ്ധർത്ഥ് ഭരതൻ ചിതയ്ക്ക് തീ പകർന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദർശനത്തിന് ശേഷം 11.30ഓടെയാണ് ലളിതയുടെ മൃതദേഹം കൊച്ചിയിൽനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. സംഗീത നാടക അക്കാദമിയിലെ പൊതുദർശനത്തിന് ശേഷമാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്.

വൻജനാവലിയാണ് മഹാനടിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നത്. മണിയൻപിള്ള രാജു, അലൻസിയർ, ടിനി ടോം, ഇടവേള ബാബു, കവിയൂർ പൊന്നമ്മ, സംവിധായകൻ ജയരാജ് തുടങ്ങി സിനിമയിലെ നിരവധി സഹപ്രവർത്തകരും നാടകത്തിലെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

വീട്ടിലെത്താൻ സാധിക്കാത്ത സിനിമാ പ്രവർത്തകരും തൃപ്പൂണിത്തുറ ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്നു മണിയോടെ മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപിച്ചു.

ചൊവ്വാഴ്ച രാത്രി 10.45ഓടെ തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥ് ഭരതന്റെ വീട്ടിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെനാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്മാരായ മോഹൻലാൽ, ഫഹദ് ഫാസിൽ, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ഇന്നലെത്തന്നെ ഫ്‌ളാറ്റിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

രാവിലെ എട്ട് മണി മുതൽ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹം 11.30ഓടെ വടക്കാഞ്ചേരിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോയി. തൃശൂർ സംഗീത നാടക അക്കാഡമി ഹാളിലും വടക്കാഞ്ചേരി നഗരസഭയിലും പൊതുദർശനത്തിന് വച്ചു. തുടർന്നാണ് എങ്കക്കാട്ടിലെ വീട്ടുവളപ്പിലേക്ക് എത്തിച്ചത്.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും (അമരം--1991, ശാന്തം--2000) നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (1975 നീലപ്പൊന്മാൻ, 1978--ആരവം, 1990 --അമരം), 1991 --കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.

10 വയസ്സുള്ളപ്പോൾ നാടക അഭിനയം ആരംഭിച്ചു. ചെറുപ്പംമുതൽ നൃത്തം അഭ്യസിച്ചു. ഗീഥയുടെ ബലിയായിരുന്നു ആദ്യ നാടകം. പിന്നീട് കെപിഎസിയിൽ ചേർന്നു. അവിടെ ആദ്യകാല ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു. 1970ൽ ഉദയായുടെ 'കൂട്ടുകുടുംബ'ത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹംകഴിച്ചു. 1998-ൽ ഭരതന്റെ മരണശേഷം സിനിമയിൽനിന്ന് വിട്ടുനിന്നു. പക്ഷേ 1999-ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ ശക്തമായി തിരിച്ചു വന്നു.