- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ഫോട്ടോയും; ഒരുവടക്കൻ വീരഗാഥ കണ്ടത് നൂറുതവണ; ലോട്ടറി ടിക്കറ്റുകൾ സ്ഥിരമായി എടുത്തത് മമ്മൂട്ടിയെ വച്ച് സിനിമ എടുക്കാൻ; താരാരാധനയുടെ മനുഷ്യരൂപം പൂണ്ട മമ്മൂട്ടി സുബ്രൻ ഓർമയാകുമ്പോൾ
തിരുവനന്തപുരം: മമ്മൂട്ടിയുടെ കടുത്ത ആരാധകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി സുബ്രൻ അന്തരിച്ചു. ശനിയാഴ്ച രാത്രി ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തൃശൂർ പൂങ്കുന്ന ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ആൽത്തറയിലായിരുന്നു താമസം.
മലയാളത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ആയിരക്കണക്കിനുണ്ടെങ്കിലും അക്കൂട്ടത്തിൽ എന്നും നമ്പർ വൺ മമ്മൂട്ടി സുബ്രൻ തന്നെയായിരുന്നു. അത് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ വ്യക്തിജീവിതത്തിൽ സുബ്രനും അനന്യമായൊരു സ്ഥാനമുണ്ടായിരുന്നു. ദുൽഖർ സൽമാന്റെ വിവാഹത്തിന് മമ്മൂട്ടി നേരിട്ട് ക്ഷണിച്ച അതിഥികളിലൊരാളായിരുന്നു സുബ്രൻ. എന്നാൽ ചില കാരണങ്ങളാൽ കല്യാണത്തിന് പോകാൻ കഴിയാത്തത് സുബ്രന് വലിയ നിരാശ സൃഷ്ടിച്ചിരുന്നു.
സുബ്രന്റെ മദ്യപാനശീലം കൂടിയപ്പോൾ വീട്ടിൽ വിളിച്ചുവരുത്തി ശാസിക്കാൻ മമ്മൂട്ടി തയ്യാറായത് സുബ്രനോടുള്ള അടുപ്പവും അധികാരവും കൊണ്ടാണ്. ആ അടുപ്പം തന്നെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ 'സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ' എന്ന് ഫേസ്‌ബുക്കിൽ മമ്മൂട്ടിയെ കൊണ്ട് എഴുതിച്ചതും.
മമ്മൂട്ടിയെ കാണാനായി സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലും പോകുന്നത് സുബ്രന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. മമ്മൂട്ടിയോടുള്ള ആരാധന മൂത്തപ്പോഴാണ് നാട്ടുകാർ സുബ്രനെ, മമ്മൂട്ടി സുബ്രൻ എന്ന് വിളിക്കാൻ തുടങ്ങിയത്. അദ്ദേഹം സ്വയം തന്നെ അങ്ങനെയായിരുന്നു മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് 'ഒരു വടക്കൻ വീരഗാഥ' നൂറോളം തവണ കണ്ടിട്ടുണ്ടെന്നും, അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓർമ്മയില്ലെന്നും സുബ്രൻ പറയുമായിരുന്നു.
ദിവസവും ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച് വിളക്ക് കൊളുത്തിയിരുന്ന സുബ്രന്റെ സ്വപ്നമായിരുന്നു മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കുക എന്നത്. ചുമട്ടുതൊഴിലാളിയായിരുന്ന സുബ്രൻ ഇതിനുള്ള പണം കണ്ടെത്തുന്നതിന് സ്ഥിരമായി ലോട്ടറിടിക്കറ്റെടുക്കുമായിരുന്നു. പക്ഷെ ദൗർഭാഗ്യവശാൽ മരണം വരെയും ആ ആഗ്രഹം സഫലമായില്ല.
മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി...
എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ''മമ്മുട്ടി സുബ്രൻ'' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ.
മറുനാടന് മലയാളി ബ്യൂറോ