കോഴിക്കോട്: സിനിമയുടെ തിരക്കുകളിൽ നിന്നകന്ന് കഴിയുന്നതിനിടെയാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ പി എസ് നിവാസ് (ശ്രീനിവാസൻ - 75) വിട വാങ്ങുന്നത്. അർബുദ ബാധയെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദേശീയ പുരസ്‌കാര ജേതാവായ ഈ ക്യാമറാമാൻ. പക്ഷേ ജന്മനാട്ടിലും പുതുതലമുറക്കുമൊക്കെ ഈ പ്രതിഭയെപ്പറ്റി കാര്യമായി ഒന്നും അറിയില്ലായിരുന്നു.

മോഹിനിയാട്ടത്തിലൂടെ 1977 ൽ ദേശീയ പുരസ്‌കാരം നേടുകയും ഭാരതിരാജയുടെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനുമായിരുന്ന ഈ പ്രതിഭയെ പക്ഷേ നാട്ടുകാർക്ക് പോലും ഓർമ്മയില്ലായിരുന്നു. കമൽഹാസനും രജനീകാന്തും വേഷമിട്ട ഭാരതിരാജയുടെ പതിനാറു വയതിനിലെ, കിഴക്കേ പോകും റെയിൽ, കമൽഹാസന്റെ മികച്ച പ്രകടനത്താൽ ശ്രദ്ധേയമായ സികപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാതെ പൂക്കൾ, തനിക്കാട്ട് രാജ , കൊക്കരക്കോ, സെലങ്ക ഒലി, മൈ ഡിയർ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാർക്ക്, കല്ലുകൾ ഈറം, സെവന്തി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് തമിഴിൽ ഇദ്ദേഹം ക്യാമറ ചലിപ്പിച്ചു.

ലിസ, വീണ്ടും ലിസ, സർപ്പം, വെല്ലുവിളി, രാജൻ പറഞ്ഞ കഥ, പല്ലവി, സൂര്യകാന്തി, രാജ പരമ്പര, ശംഖുപുഷ്പം, സിന്ദൂരം, മോഹിനിയാട്ടം, മധുരം തിരു മധുരം, സത്യത്തിന്റെ നിഴലിൽ തുടങ്ങിയവയാണ് മലയാള ചിത്രങ്ങൾ. മാന്യമഹാജനങ്ങളേ ആണ് അവസാനം ഛായാഗ്രഹണം നിർവ്വഹിച്ച സിനിമ. വയസു പിലി ച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീർത്തന, നാനി തുടങ്ങിയ തെലുങ്കു സിനിമകൾക്കും സോൽ വ സാവൻ, റെഡ് റോസ്, ആജ് കാ ദാദ , ഭയാനക് മഹാൽ തുടങ്ങിയ ഹിന്ദി ചിത്രങ്ങൾക്കും ക്യാമറ ചെയ്തിട്ടുണ്ട്. ഇദ്ദേഹം ഭാരതി രാജയെ നായകനാക്കി സംവിധാനം ചെയ്ത കല്ലുക്കൾ ഈറം എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.

രാജ രാജാ താൻ, സെവന്തി തുടങ്ങിയ സിനിമകൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ പുരസ്‌ക്കാരത്തിന് പുറമെ 1979 ൽ മികച്ച ഛായാഗ്രഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്‌ക്കാരം, ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ നന്ദി പുരസ്‌കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.

കിഴക്കേ നടക്കാവ് ഗവ: യു പി സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദേവഗിരി കോളേജിലെ ബിരുദ പഠനത്തിന് ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അശോക് കുമാറിന്റെ അസിസ്റ്റന്റ് ക്യാമറാമാനായി തുടങ്ങി തമിഴിലെ ശ്രദ്ധേയ ക്യാമറാമാനായി അദ്ദേഹം വളർന്നു. കോഴിക്കോട് നടക്കാവ് പനയം പറമ്പിൽ കിട്ടുണ്ണി- മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ, മക്കൾ: ഡോൺ നിവാസ് (യു.കെ),ഡയാന നിവാസ് (ദുബൈ),ഭനിഷ നിവാസ് (യു.കെ). താമരശ്ശേരി ഈങ്ങാപ്പുഴ എടുത്ത് വെച്ച കല്ലിൽ എന്ന പ്രദേശത്ത് തനിച്ച് താമസിച്ച് വരികയായിരുന്നു.