കൊച്ചി: മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവെക്കാവുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചത് ജോൺസൺ മാസ്റ്ററുടെ ഈണങ്ങളാണ്. മലയാളത്തിൽ പകരം വെക്കാനില്ലാത്ത ഈ സംഗീത പ്രതിഭയുടെ കുടുംബത്തെ തേടി വീണ്ടുമൊരു ദുരന്തം എത്തുമ്പോൾ അത് ഓരോ മലയാളികളെയും ഏറെ ദുഃഖിപ്പിക്കുന്നു. തുടർച്ചയായി മൂന്ന് ദുരന്തങ്ങളാണ് ജോൺസൺ മാസ്റ്ററുടെ കുടുംബത്തെ തേടി എത്തിയത്. ആദ്യം മലയാളികൾക്ക് മുഴുവൻ നഷ്ടം സമ്മാനിച്ച് അദ്ദേഹം വിടവാങ്ങി. ഈ ദുരന്തത്തിൽ നിന്നും കരകയറി വരും മുമ്പ് അദ്ദേഹത്തിന്റെ മകൻ റെൻ ജോൺസൺ അപകടത്തിൽ മരിച്ചു. ഏറ്റവും ഒടുവിൽ പിതാവ് ബാക്കിവച്ച ഈണങ്ങൾ മുഴുവിപ്പിക്കും മുമ്പ് മകൾ ഷാൻ ജോൺസണും പോയിരിക്കുന്നു. ഇതോടെ സംഗീതവീട്ടിൽ ജോൺസൺ മാഷിന്റെ ഭാര്യ റാണി മാത്രം തനിച്ചായി.

അച്ഛന്റെ പാതയിൽ സംഗീതരംഗത്ത് ശോഭിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു ഷാൻ. അതുകൊണ്ട് തന്നെ അച്ഛൻ ബാക്കിവച്ച ഈണങ്ങൾ പാടിത്തീർക്കാനായിരുന്നു ഷാന്റെ ശ്രമം. എന്നാൽ, പാടിത്തീരും മുമ്പ് ഷാനും സംഗീതലോകത്തു നിന്നും യാത്രയായി. സംഗീതം രക്തത്തിൽ അലിഞ്ഞകാരണം അത് പൂർത്തിയാക്കാനും പറ്റി. സംഗീത സംവിധാന രംഗത്ത് കൂടുതൽ സജീവമാകാൻ ഒരുങ്ങുന്നതിന് ഇടെയാണ് അവർ യാത്രയാകുന്നത്.

മലയാള ചലച്ചിത്രഗാന ശാഖയ്ക്ക എക്കാലവും ഓർത്തിരിക്കത്തക്ക മെലഡികൾ സമ്മാനിച്ച ജോൺസൺ മാസ്റ്ററുടെ മകൾ ഷാനും തന്നിലെ സംഗീതം പൂർണ്ണമായി പകർന്ന് നൽകാനാകാതെയാണ് മരണത്തിന് കീഴടങ്ങിയത്. രംഗബോധമില്ലാത്ത കോമാളിയായി മരണമെത്തിയപ്പോൾ ശനിയാഴ്ച തിരുവനന്തപുരത്ത് റെക്കോർഡിങ്ങിനായി കാത്തിരുന്ന ഗാനവുമാണ് ഷാനിനൊപ്പം അനന്തതയിലേക്ക് മറഞ്ഞത്. മലയാളികൾക്ക് എക്കാലവും ഓർത്തുവയ്ക്കാൻ ഒരുപിടി മെലഡികൾ നൽകിയ ജോൺസൺ മാസ്റ്ററുടെ കുടംബത്തെ പിന്തുടരുന്ന മറ്റൊരു ദുരന്തമായി ഷാനിന്റെ മരണവും.

അപ്രതീക്ഷിമായിരുന്നു ജോൺസൺ മാസ്റ്റുടെ മരണം. ഇതിന് പിന്നാലെ തുടർന്ന് ആറ് മാസത്തിനുള്ളിൽ തന്നെ ഏക മകൻ റെൻ ജോൺസണന്റെ അപകട മരണം. ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു റെൻ. റെൻ കൂടി കുടുംബത്തെ വിട്ട് പോയതോടെ ജോൺസൺ മാഷിന്റെ ഭാര്യ റാണിയും മകൾ ഷാനും ചെന്നൈയിൽ പുതിയൊരു ജീവിതത്തിനുള്ള ഒരുക്കൾ തുടങ്ങി.

2012 ഫെബ്രുവരിയിലാണ് റെൻ അപകടത്തിൽ മരിച്ചത്. മാസ്റ്ററുടെ മരണത്തിന് മുന്നിൽ തകർന്നിരുന്ന കുടുംബത്തിന് മറ്റൊരു ആഘാതമായി അത്. നാല് വർഷങ്ങൾക്കിപ്പുറം ഷാനിനും മരണമെത്തിയത് ഫെബ്രുവരിയിലെന്നത് വിധിവൈപര്യമായി. പ്രെയ്‌സ് ദ ലോർഡ്, എങ്കെയും എപ്പോതും, തിര എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടള്ള ഷാൻ ഹിസ് നെയിം ഈസ് ജോൺ എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

ജോൺസൺ മാഷ് ഏറ്റെടുത്തിരുന്ന ഈ പ്രൊജക്ട് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഷാൻ നിർവഹിക്കുകയായിരുന്നു. ചെന്നെയിലെ ജോലിക്കൊപ്പം സംഗീത രംഗത്ത് സജീവമായിരുന്ന ഷാൻ മാസ്റ്ററുടെ മരണശേഷം ട്രിബ്യുട്ട് ജോൺസൺ മാഷ് എന്ന് പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സംഗീത സംവിധാനത്തിലുപരി ഗാനരചനയിലും തത്പരയായിരുന്നു. ഷാൻ അവസാനമായി വരികൾ എഴുതിയ ഗാനം തന്റെ ഫെയ്‌സ് ബുക്ക് വാളിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങിയത് ഏവർക്കും തീരാ വേദനയുമായി. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേട്ടൈ എന്ന ചിത്രത്തിലെ രാവ് മായവെ എന്ന ഗാനത്തിന്റെ ഹിന്ദി വരികളാണ് ഷാൻ ഒരുക്കിയത്. ഈ ഗാനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഫേസ്‌ബുക്കിലൂടെ ഷാൻ പങ്കുവച്ചിരുന്നു. അത് ഷെയർ ചെയ്ത് മണിക്കൂറുകൾക്കകമാണ് അവരുടെ മരണവും സംഭവിച്ചത്. അപസ്മാരബാധിതയായിരുന്നു ഷാൻ എന്നു വിവരമുണ്ട്.

പാട്ടെഴുത്ത്, സംഗീതസംവിധാനം, ആലാപനം... മൂന്നിലും കൈവച്ചുനോക്കിയിരുന്നു ഷാൻ. ഇവ മൂന്നും തനിക്ക് വഴങ്ങുമെന്ന് ഷാൻ വിശ്വസിക്കുകുയം ചെയ്തു. സംഗീതസംവിധാനം കൂടുതൽ ആസ്വദിക്കുന്നുണ്ട്. ഈണങ്ങളിലൂടെയുള്ള യാത്ര സുഖകരമാണ്. അതുകൊണ്ടുതന്നെ സംവിധാനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഷാൻ എപ്പോഴും പറയാറ്.