കൊച്ചി: എന്നും പാവങ്ങൾക്കൊപ്പം നിലകൊള്ളുകയും അശരണർക്കു വേണ്ടി എന്തിനുമേതിനും ഓടിയെത്തുകയും ചെയ്ത നേതാവായിരുന്നു ഇന്നലെ അകാലത്തിൽ നിര്യാതനായ പിഡിപി വൈസ് ചെയർമാൻ സുബൈർ സബാഹി. അതിനാൽ തന്നെ രാഷ്ട്രീയ ഭേദമെന്യേ എതിരാളികൾക്കുപോലും സമ്മതനായി മാറിയ നേതാവിന്റെ വിയോഗം എല്ലാവർക്കും വേദനയായി. രോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം ശേഖരിച്ച് എത്തിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായി നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുന്നത്. പിഡിപി ചെയർമാൻ അബ്ദുന്നാസർ മദനിയുടെ വലംകൈയായിരുന്നു സബാഹി.

ഹൃദയാഘാതത്തെ തുടർന്ന് രണ്ടുദിവസമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം. മൂന്നുദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും സബാഹിയുടെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം വൈക്കം തലയോലപ്പറമ്പ് കരിപ്പാടം കണ്ണംതറയിൽ പരേതനായ മുഹമ്മദാലി മൗലവിയുടെയും ഖദീജയുെടയും മകനാണ്. വെങ്ങോല കുന്നേൽ മുഹമ്മദിന്റെ മകൾ ഐഷയാണ് ഭാര്യ. മക്കൾ: സാജിദ, അസ്ലം. മരുമകൻ: ജാബിർ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ, ഷെമീർ ഇസ്ലാഹി, ബീമാ ബീവി, അബ്ദുൽ സത്താർ. ഖബറടക്കം ഇന്ന് രാവിലെ 10ന് കരിപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സുബൈർ സബാഹി പി.ഡി.പിയിൽ എത്തുന്നത്. ഹസനിയ അറബിക് കോളജിൽ അബ്ദുന്നാസിർ മഅ്ദനിയുടെ ജൂനിയറായിരുന്നു. പാർട്ടി രൂപവത്കരണം മുതൽ നേതൃനിരയിലുണ്ടായിരുന്നു. എറണാകുളം, കോട്ടയം ജില്ലകളുടെ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചശേഷമാണ് സംസ്ഥാന സമിതിയിലേക്ക് പോകുന്നത്. മഅ്ദനിക്കുള്ള നീതി നിഷേധത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളിലെല്ലാം അദ്ദേഹം സജീവ സാന്നിധ്യമായി.

പാർട്ടിയുടെ സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് സുബൈർ സബാഹിയായിരുന്നു. റോഹിങ്ക്യൻ അഭയാർഥികൾക്ക് വസ്ത്രം ഉൾപ്പെടെ സഹായങ്ങൾ ലഭ്യമാക്കാനുള്ള കാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് അദ്ദേഹത്തിന്റെ വിയോഗം. 30 ടണ്ണോളം വസ്ത്രം ശേഖരിച്ച് കൊച്ചിയിലെത്തിച്ച് ഡൽഹി, ഹരിയാന, ബംഗാൾ, ജമ്മു, ബിഹാർ എന്നിവിടങ്ങളിൽ എത്തിക്കാൻ അക്ഷീണം പ്രയത്‌നിച്ചിരുന്നു.

സബാഹിയുടെ നിര്യാണത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അനുശോചിച്ചു. വിശ്വസ്തനായ പൊതുപ്രവർത്തകനായിരുന്നു സുബൈർ സബാഹി എന്ന് മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സബാഹിയുടെ ആകസ്മിക മരണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി അതിയായ ദുഃഖം രേഖപ്പെടുത്തി. അവർണപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകർന്ന നേതാവായിരുന്നു സുബൈർ സബാഹി. പിന്നാക്ക ദലിത് ജനതയുടെ അവകാശങ്ങൾക്കുവേണ്ടി എക്കാലവും പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് വേദനാജനകമാണെന്ന് മജീദ് ഫൈസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.