സിംഗപ്പൂർ: വീടുകളിൽ പ്രസവിക്കുകയെന്നത് ചിന്തിക്കുക പോലും ചെയ്യാത്ത ഇക്കാലത്ത് ആശുപത്രി വിട്ട് പ്രസവത്തിനായി വീട് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം സിംഗപ്പൂരിൽ ഏറിവരുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ്‌സ് അഥോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരമാണ് വീടുകളിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർധന നേരിടുന്നതായി വ്യക്തമായിട്ടുള്ളത്.

കഴിഞ്ഞ വർഷം സിംഗപ്പൂരിൽ 107 പേർ വീടുകളിൽ പ്രസവിച്ചുവെന്നാണ് കണക്ക്. ഇതിൽ പ്ലാൻ ചെയ്തപ്രകാരം വീടുകൾ പ്രസവത്തിനായി തെരഞ്ഞെടുത്തവരും അപ്രതീക്ഷിതമായി വീടുകളിൽ പ്രസവിച്ചവരും ഉൾപ്പെടുന്നുണ്ട്. മൊത്തമുള്ള ജനന നിരക്കിൽ 0.25 ശതമാനമാണ് ഇത്തരത്തിൽ വീടുകളിൽ കുഞ്ഞുങ്ങൾക്ക് ജന്മമേകിയിരിക്കുന്നത്. 2006-ൽ 38,317 ജനനങ്ങളിൽ 57 എണ്ണം മാത്രമായിരുന്നു വീടുകളിൽ ജനിച്ചത്. അതായത് 0.15 ശതമാനം.

വീടുകൾ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെങ്കിലും ഇത് സിംഗപ്പൂരിൽ ഇപ്പോഴും വളരെ അപൂർവം തന്നെയാണ്. പ്രസവത്തോടനുബന്ധിച്ചുള്ള സങ്കീർണതകൾ കണക്കിലെടുത്താണ് ആരും തന്നെ വീടുകൡ പ്രസവിക്കാത്തത്. അടുത്തിടെ പലരും ഏറെ തയ്യാറെടുപ്പോടെ വീടുകളിൽ പ്രസവിക്കാനുള്ള സന്നദ്ധത കാട്ടുന്നത് ഈ പ്രവണത വർധിച്ചുവരുന്നതിന്റെ ഉദാഹരണമാണ്.

അതേസമയം പ്രസവത്തിനിടെ പല തരത്തിലുള്ള സങ്കീർണതകൾ ഉണ്ടാകാമെന്നും അതിനെ നേരിടാനുള്ള സജ്ജീകരണങ്ങൾ ഇല്ലാത്തത് ഇക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് രക്തസ്രാവം പോലുള്ള ബുദ്ധിമുട്ടുകൾ സാധാരണയാണെന്നും ഇവ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മരണം വരെ സംഭവിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

അതേസമയം ആശുപത്രികൾ വിട്ട് വീടുകൾ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നതു മൂലം എന്തെങ്കിലും മെച്ചം ഉള്ളതായി തോന്നുന്നില്ലെന്നും പല ഗൈനക്കോളജിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നുണ്ട്.