ദോഹ. ഖത്തറിൽ നിന്നുള്ള കൂടുതൽ കലാകാരന്മാരെ ഉൾപ്പെടുത്തി പുതിയ മലയാള ചിത്രം നിർമ്മിക്കുന്നത് സംബന്ധിച്ച് ഗൗരവത്തിൽ ആലോചിക്കുന്നതായി വീരത്തിന്റെ നിർമ്മാതാവ് ചന്ദ്രമോഹൻപിള്ള അഭിപ്രായപ്പെട്ടു. ഖത്തറിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ബന്ന ചേന്ദമംഗല്ലൂർ അണിയിച്ചൊരുക്കിയ നിനച്ചിരിക്കാതെ എന്ന ഹോം സിനിമയുടെ പ്രദർശനോദ്ഘാടനം ഫ്രന്റ്സ് കൾചറൽ സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല കഴിവുള്ള കുറേ കലാകാരന്മാർ ഖത്തറിലുണ്ട്. പലരേയും വീരത്തിൽ ഉൾപ്പെടുത്തമെന്നാഗ്രഹിച്ചിരുന്നു. നീണ്ട ഷ്യൂട്ടിങ് ഷെഡ്യൂളുകളും ലൊക്കേഷനുകളും പ്രവാസികൾക്ക് പങ്കെടുക്കുവാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പലരേയും പരിഗണിക്കുവാൻ കഴിയാതെ വന്നത്. എന്നാൽ പുതിയ ചിത്രം പ്രവാസികൾക്കുകൂടി അഭിനയിക്കുവാൻ സൗകര്യപ്പെടുന്ന രീതിയിൽ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ കലാകാരന്മാരെ പ്രോൽസാഹിപ്പിച്ച് വളർത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി ചലച്ചിത്ര സംവിധായകരായ ലാൽ ജോസ്, ജയരാജ്, ഷാജി കൈലാസ് മുതലായവരുടെ സഹകരണത്തോടെ ദോഹയിൽ ഒരു ഫിലിം സൊസൈറ്റി തുടങ്ങാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട പരിശീലന കളരികളും ചർച്ചകളുമൊക്കെ സംഘടിപ്പിക്കുന്ന സൊസൈറ്റി താൽപര്യമുള്ളവർക്ക് അഭിനയം, കാമറ, മറ്റു സാങ്കേതിക വിദ്യകൾ മുതലായവ പരിചയപ്പെടുത്തുവാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ പ്ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സൗദിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ.കെ.എം. മുസ്തഫ, അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ, സി.കെ. റാഹേൽ സംസാരിച്ചു.

ഫ്രന്റ്സ് കൾചറൽ സെന്ററിന്റെ കാഴ്ചയുമായി സഹകരിച്ച് മീഡിയ പ്ളസാണ് പ്രദർശനം സംഘടിപ്പിച്ചത്. ഹോം സിനിമയുടെ സൗജന്യ ഡി.വി.ഡികൾ ആവശ്യമുള്ളവർ 44324853 എന്ന നമ്പറിൽ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.