കുവൈത്ത് സിറ്റി; ഗാർഹികത്തൊഴിലാളി വീസ ഓൺലൈൻ വഴി പുതുക്കുന്നതിനു താമസിയാതെ സംവിധാനം വരുമെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു. ഈ വിഭാഗത്തിൽപ്പെട്ട വീസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം സർവീസ് സെന്ററുകളിലും താമസാനുമതികാര്യവിഭാഗം ഓഫിസുകളിലും അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

അതിനിടെ വ്യാപാര ലൈസൻസ് നാലുദിവസത്തിനകം ലഭ്യമാക്കുംവിധം ഏകജാലക സംവിധാനം ഏർപ്പെടുത്തിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. കുവൈത്ത് ബിസിനസ് സെന്ററിന്റെ മേൽനോട്ടത്തിലാണു സംവിധാനം. നേരത്തേ 45 ദിവസംവരെ എടുത്തിരുന്ന നടപടികളാണു നാലുദിവസമാക്കി ചുരുക്കിയത്.

ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ-വ്യവസായ മന്ത്രാലയം ഓഫിസുകൾ എന്നിവ തമ്മിൽ ബന്ധിപ്പിച്ചാണ് ഏകജാലക സംവിധാനം. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് ഉതകുംവിധം പുതിയ സംരംഭകരെ വ്യാപാരമേഖലയിലേക്ക് ആകർഷിക്കുക എന്നതാണു നടപടിക്രമങ്ങൾ ലഘൂകരിക്കു ന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.