ദോഹ: രാജ്യത്തെ ഹൃദ്രോഗികൾക്ക് ഇനി ഡോക്ടറെ കാത്ത് ആശുപത്രിയിലേക്ക് പോകണ്ട. കാരണമെന്തെന്നോ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചവരെ വീട്ടിലെത്തി ചികിത്സിക്കുന്നതിനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ(എച്ച്.എം.സി.)

ഹാർട്ട് ഹോസ്പിറ്റലിന്റെ ഹാർട്ട് ഫെയിലിയർ പ്രോഗ്രാം അടുത്ത വർഷം തുടങ്ങുന്നതോടെ രോഗി വീട്ടിൽ കഴിയുമ്പോൾ തന്നെ ആശുപത്രിയിൽ വച്ച് നിരീക്ഷിക്കാനുള്ള സംവിധാനം നിലവിൽ വരും.

ഹൃദയ രോഗങ്ങളിൽ പ്രത്യേക പഠനം നടത്തിയ ഡോക്ടർ, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഹെൽത്ത് എജ്യൂക്കേറ്റർ നഴ്‌സ് എന്നിവരടങ്ങിയ സംഘമാണ് അടിയന്തര ഘട്ടത്തിലെ ചികിത്സയ്‌ക്കെത്തുക. ഓരോ രോഗിക്കും ആവശ്യമായ ചികിത്സാ പദ്ധതി തയ്യാറാക്കലാണ് ഈ സംഘത്തിന്റെ പ്രധാന ജോലി. സംഘം രോഗികളോടും കുടുംബാംഗങ്ങളോടും രോഗത്തെക്കുറിച്ച് വിശദീകരിക്കും. ഹൃദ്രോഗം വരാതിരിക്കാൻ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പഠിപ്പിക്കും.

അത്യാവശ്യ ഘട്ടങ്ങളിൽ നൽകുന്ന കുത്തിവെപ്പുകൾക്കായി രോഗിയെ പ്രവേശിപ്പിക്കുന്നതിന് ഇടത്താവളങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും.