ടൊറന്റോ: അഞ്ചാംപനിയും മറ്റും പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷനു പകരം ഉപയോഗിക്കാമെന്ന് പറഞ്ഞ് വിപണിയിൽ സജീവമായിരിക്കുന്ന ഹോമിയോ മരുന്നുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ. വാക്‌സിനേഷനു പകരം ഉപയോഗിക്കാമെന്ന തരത്തിലാണ് ഇത്തരം ചില ഹോമിയോ മരുന്നുകൾ വിപണിയിൽ സജീവമായിരിക്കുന്നതെന്നും അത് ഏറെ അപകടം സൃഷ്ടിക്കുന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രാജ്യം തണുപ്പിന്റെ പിടിയിൽ അകപ്പെട്ടതോടെ  അഞ്ചാം പനി പോലെയുള്ള പകർച്ച വ്യാധികൾ സജീവമായിട്ടുള്ള സാഹചര്യത്തിലാണ് ഇത്തരം ഫലപ്രദമല്ലാത്ത മരുന്നുകളുടെ സാന്നിധ്യം മാർക്കറ്റിൽ സജീവമായിരിക്കുന്നത്.

ചില നാച്ചുറോപ്പതി ഡോക്ടർമാരും ഹോമിയോപ്പതി ഡോക്ടർമാരും വൈറസിനെതിരേയും ബാക്ടീരിയയ്‌ക്കെതിരേയും ഹോമിയോപ്പതി മരുന്നുകൾ നൽകാറുണ്ട്. കുത്തിവയ്ക്കാവുന്നവയാണെങ്കിലും മിക്കവരും ഇത് കഴിക്കാനാണ് നൽകുന്നത്. എന്നാൽ മരുന്നുകളുടെ പായ്ക്കറ്റിനു പുറത്തുള്ള ലേബൽ മതിയായ തരത്തിലുള്ളവയല്ലെന്നാണ് ഹെൽത്ത് കാനഡ പറയുന്നത്. വാക്‌സിനേഷനു പകരമുള്ളതല്ല ഈ മരുന്ന് എന്ന് ലേബൽ ചെയ്താണ് ഇത്തരം മരുന്നുകൾ വിപണിയിൽ ഇറങ്ങേണ്ടതെന്നാണ് ഹെൽത്ത് കാനഡ വ്യക്തമാക്കുന്നത്.

ഇത്തരം ഹോമിയോ മരുന്നുകൾ അഞ്ചാം പനി, പോളിയോ, വില്ലൻചുമ എന്നിങ്ങനെയുള്ള അസുഖങ്ങൾക്ക് വാക്‌സിനേഷനുവേണ്ടി ഉപയോഗിക്കാവുന്നതാണെന്ന് ചില ഹോമിയോപ്പതി ഡോക്ടർമാർ മാതാപിതാക്കളോട് പറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഈ രോഗങ്ങൾ പകർച്ചവ്യാധികളാണെന്നും ചിലത് കുഞ്ഞുങ്ങളുടെ ജീവനെടുക്കാൻ തക്കതാണെന്നുമാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്.
ഇത്തരം പകർച്ചവ്യാധികൾക്കെതിരേ ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് തെളിയിക്കാൻ ഇക്കൂട്ടർക്കു സാധിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇവരുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നുമാണ് ഹെൽത്ത് കാനഡ ചൂണ്ടിക്കാട്ടുന്നത്. വിപണിയിൽ നിന്ന് ഇത്തരം മരുന്നുകൾ പിൻവലിക്കേണ്ടതാണെന്നും ഇത്തരം മരുന്നുകളുടെ സാന്നിധ്യം ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും പറയപ്പെടുന്നു.