കോഴിക്കോട്: എലിപ്പനി പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട കൊമ്പ് കോർത്തിരിക്കയാണ് കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര രംഗത്തുള്ളവരും ഹോമിയോ ഡോക്ടർമാരും. ഹോമിയോപ്പതി അശാസ്ത്രീയമാണെന്നും ലോകത്തെ പല രാജ്യങ്ങളും നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയതാണെന്നും അതിനാൽ പനി പ്രതിരോധം അടക്കമുള്ളവയിൽ ഹോമിയോപ്പതിക്കാരെ ഇടപെടീക്കരുതെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ രംഗത്ത് എത്തിയിട്ടുണ്ട്. ഹോമിയോപ്പതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ അലോപ്പതി ഡോക്ടർമാർ മരുന്നു മാഫിയയുടെ ആളുകൾ ആണെന്ന് പറഞ്ഞും തങ്ങളുടെ ചികിൽസയാണ് പൂർണമായും ശാസ്ത്രീയമെന്നും പറഞ്ഞ് ഹോമിയോ ഡോക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്.

ഈ വിവാദം കൊഴുക്കുന്നതിനിടയിലാണ് ഹോമിയോ ചികിൽസയിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടി ഒരു ഹോമിയോ ഡോക്ടർ തന്നെ രംഗത്ത് എത്തിയത്. കോഴിക്കോട്ടെ ഹോമിയോ ഡോക്ടർ ആയ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതിയപോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നാഴികക്ക് നാൽപതു വട്ടം പാരസെറ്റമോൾ വിഷമാണെന്നും വാക്സിൻ എടുക്കരുതെന്നും പറയുന്നത് വെച്ചുനോക്കുമ്പോൾ ഐഎംഎ കാണിച്ചത് വളരെ കുറഞ്ഞു പോയോ എന്നാണ് സംശയമെന്ന് അദ്ദേഹം എഴുതുന്നു. ഒപ്പം ഹോമിയോ മരുന്നകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തെളിവില്ലാതെ ഇത്രയും പടിച്ചുനിന്നത് ഭാഗ്യമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഹോമിയോ ഡോക്ടർ അരീഖ് തെരുവത്ത് എഴുതിയെ ഫേസ്‌ബുക്ക്പോസ്റ്റ് ഇങ്ങനെയാണ്

ഹോമിയോപ്പതി പ്രതിരോധമരുന്ന്: ഈ നാടകം ഇനിയെത്ര കാലം?
എന്റെ വീടിനടുത്തു ഒരു പ്രായമേറിയ മനുഷ്യൻ ഉണ്ടായിരിന്നു. മീൻ വിൽപനയായിരുന്നു മൂപ്പരുടെ പ്രധാന ജോലി. അതിരാവിലെ തലയിൽ കുട്ടയുമേന്തി ഉച്ചവരെ നീളുന്ന വില്പന. അതിനിടെ ഓരോ അഞ്ചാമത്തെ ചുവടിലും വളരെ വ്യത്യസ്തമായൊരു മീൻവിളി ഉണ്ട്, ഉച്ചത്തിൽ ഒരു പ്രത്യേക തരത്തിലുള്ള കൂക്കിവിളിയാണത്. അതുകേട്ടാണ് ഞങ്ങളൊക്കെ കുട്ടിക്കാലത്തു മീൻ വാങ്ങിയിരുന്നത്. കാലം കുറെ കഴിഞ്ഞു, മീൻകച്ചവടം M80 കയ്യടക്കി. എന്നിട്ടും മൂപ്പര് തളർന്നിരുന്നില്ല. പെട്ടെന്നൊരുനാൾ, മൂപ്പർ അസുഖ ബാധിതാനായി, നടക്കാൻ വയ്യാതായി. മുതിർന്ന മക്കൾ അദ്ദേഹത്തെ കച്ചവടത്തിനയക്കാതെ ആയി. എന്നാലും, പല ദിവസങ്ങളിലും മീൻവിളി കേൾക്കാറുണ്ട്. കേട്ടു പുറത്തിറങ്ങി നോക്കിയ ഞങ്ങൾക്ക് മീൻകാരനെ കാണാൻ പറ്റുന്നില്ല. പിന്നീടാണ് മനസ്സിലാക്കിയത്, വിൽപനയൊന്നും ഇല്ലെങ്കിലും, ആ മീൻവിളി മൂപ്പർക്ക് നിർത്താൻ പറ്റാത്തതിനാൽ, ഉച്ചവരെ കൂകി വിളിച്ചുകൊണ്ടിരിക്കും. ഒരു സുഖം..! നാട്ടുകാർക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല, എന്നാലും മൂപ്പർക്കൊരു മുട്ടുശാന്തി. ഏതാണ്ട് ഇക്കണക്കിനാണ് ഇപ്പൊ ഹോമിയോപ്പതി വകുപ്പ് ഓരോ പകർച്ചവ്യാധി കാലത്തും പുറത്തിറക്കുന്ന പ്രതിരോധമരുന്ന്. അതങ്ങട് ഇറക്കിയില്ലെങ്കിൽ ഒരു സുഖമില്ല, അത് തന്നെ.

എന്ത് ചെയ്യാനാണ്, പണ്ടുകാലം മുതൽ ഉള്ള ശീലമാണ്. ചിക്കുൻഗുനിയ കാലത്തും, ഡെങ്കിപ്പനി കാലത്തും, എലിപ്പനികാലത്തും ഒക്കെ കൊടുത്തിരുന്നു അത്രേ. അതുകൊണ്ടു ഇപ്പോഴും കൊടുക്കും, കൊടുക്കണം, കൊടുക്കാൻ സമ്മതിച്ചോളണം അതാണ് നാട്ടുനടപ്പ്. അന്ന് അതൊക്കെ ഫലിച്ചു എന്നും പറയപ്പെടുന്നു, തെളിവ് കൊണ്ടുവരാൻ പറഞ്ഞാൽ പിന്നെ ആ വഴിക്ക് കാണില്ല, കൊടുത്തിരുന്നു എന്നതാണ് ഫലിച്ചിരുന്നു എന്നതിനുള്ള ഏക തെളിവ്.

ഏതായാലും ഇത്തവണ നിപ്പ പനിക്കാലത്താണ് ആദ്യമായി ഒരു തിരിച്ചടി ഉണ്ടായതു. പ്രതിരോധമരുന്നും ഉണ്ട്, ചികിത്സയും ഉണ്ട് എന്ന് മന്ത്രിയെ വഴിയിൽ കൈകാണിച്ചു നിർത്തി വരെ പറഞ്ഞു നോക്കി. ആശുപത്രികളിൽ വെറുതെ മരിക്കാനായി ഇട്ടിരിക്കുന്ന നിപ്പബാധിച്ചവരെ ചികിത്സിക്കാനായി വിട്ടുനൽകണം എന്ന് വരെ വെച്ച് കാച്ചിയില്ലേ നമ്മൾ? അവസാനം ആരോഗ്യവകുപ്പ് തെളിവ് കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ ആയാൽ വിട്ടുതരാം എന്നും. എന്നാൽ വേണ്ട, ഇതുവഴി പോയപ്പോൾ ചുമ്മാ പറഞ്ഞതാണ്, ഞങ്ങൾ പകർച്ചപനിയുടെ കാര്യമാണ് സത്യമായും ഉദ്ദേശിച്ചത് എന്നായി. മാസങ്ങൾ കഴിഞ്ഞില്ല, പ്രളയം വന്നു, പ്രളയാനന്തരം എലിപ്പനിയും. ഹോമിയോ അഭിപ്രായത്തിനൊന്നും കാത്ത്‌നിൽകാതെ തന്നെ ആരോഗ്യമന്ത്രാലയം ഒരു തീരുമാനം അങ്ങെടുത്തു, ഹോമിയോ പ്രതിരോധമരുന്ന് വേണ്ട എന്ന്. നമ്മൾ വിടുമോ, വീണ്ടും ഇറക്കി പകർച്ചപനി പ്രതിരോധമരുന്ന് പത്രിക. ഒരു സുഖം, നമ്മുടെ ആ മീൻവിളി പോലെ.. ഇപ്പൊ ഒരു സമാധാനം ഉണ്ട്.

പക്ഷെ വിഷയം ഇതൊന്നും അല്ല, ഇതിനൊക്കെ ഉത്തരവാദി IMA ആണ്, അവർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് ഇപ്പൊ പരാതി, പഴി. പോരാത്തതിന് മറ്റൊരു വൈദ്യശാസ്ത്രത്തെ ഇകഴ്‌ത്തി പൊതു സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന അൽപത്ത മനോഭാവവും ഞങ്ങൾക്കില്ല, അതുകൊണ്ടു തെരുവുഗുണ്ടകൾക്ക് ഉള്ള ധാർമ്മികത പോലും ഇല്ലാതെയുള്ള IMA യുടെ ഇത്തരം ചെയ്തികൾ മോശമായി പോയി എന്നതാണ് ആകെയുള്ള പ്രശ്‌നം. അതിനെതിരെ തെരുവിലിറങ്ങും, അറസ്റ്റു വരിക്കും എന്നാണ് ഇപ്പൊ ഭീഷണി. ആയിക്കോട്ടെ..

നാഴികക്ക് നാൽപതു വട്ടം പാരസെറ്റമോൾ വിഷമാണ് എന്നും, അത് കഴിക്കുന്നവർക്കും, വാക്‌സിനുകളെടുക്കുന്നവർക്കും ഒക്കെ ക്ലിനിക്കിൽ വിലക്കേർപ്പെടുത്തുവാൻ വരെ മടിക്കാത്തവരേയും ഒക്കെ ഉൾക്കൊള്ളുന്നവരാണ് ഇതൊക്കെ പറയുന്നതെന്ന് ഓർക്കുമ്പോഴാണ് ചിരിവരുന്നത്. ഏതാനും മാസങ്ങൾക്ക് മുന്നേ ആണ് ചില പ്രധാന ചാനലുകളിൽ കയറി ഇരുന്നു ഒന്ന് രണ്ടു 'പ്രമുഖ' ഹോമിയോപ്പതി വിദഗ്ധന്മാർ വാക്്‌സിനുകൾക്കെതിരെ പോയി സംസാരിച്ചു ഇളിഭ്യരായത്. ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞാണ് ഇവിടുന്നു യാത്ര പറഞ്ഞു പോയത്, പിന്നെ ഈ വഴിക്കവരെ കണ്ടിട്ടില്ല. ഭാഗ്യത്തിന് അതൊക്ക യൂട്യൂബിൽ ഉള്ളതുകൊണ്ട് ഇടക്ക് വെച്ച് നോക്കും, എഴുന്നള്ളിച്ച അബദ്ധങ്ങളൊക്കെ ഒന്നുകൂടെ കേട്ട് കുളിരുകോരാൻ. ഇതൊക്കെ വെച്ച് നോക്കുമ്പോൾ, IMA കാണിച്ചത് വളരെ കുറഞ്ഞു പോയോ എന്നാണ് സംശയം.

കോളേജിൽ പഠിക്കാൻ ചേർന്ന അന്നുമുതൽ കേൾക്കുന്നതാണ് ഈ അലോപ്പതി വിരുദ്ധത. എന്നും IMA ആണ് വില്ലൻ സ്ഥാനത്ത്. എന്തായാലും അവർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ, ആരോപണങ്ങൾ എന്തെന്ന് സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം മനസ്സിലാകും - അവർ അന്നും ഇന്നും എന്നും നമ്മുടെ ശാസ്ത്രീയതയിൽ ആണ് സംശയം ഉന്നയിക്കുന്നത്. എന്നാൽ നമ്മൾ തിരിച്ചുന്നയിക്കുന്നതാവട്ടെ, മരുന്ന് മാഫിയ, ശാസ്ത്രീയമായ കൊല്ലൽ, മരുന്ന് പരീക്ഷണം, കച്ചവട മനോഭാവം തുടങ്ങിയവ ഒക്കെ ആണ്. ഇക്കഴിഞ്ഞ ദിവസം ഹോമിയോപ്പതി സുഹൃത്തുക്കളുടെ ഇടയിൽ ഇത്തരം ഒരു ചർച്ച നടന്നപ്പോൾ ഒരു അതിഭയങ്കര പ്രാക്ടീസുള്ള മഹാനായ ഡോക്ടർ പറഞ്ഞത് - എന്തിനാണ് ഈ ശാസ്ത്രീയതയുടെയും മറ്റും പിന്നാലെ പോയി സമയം കളയുന്നത്, ഉള്ള സമയം പത്തു രോഗികളെ നോക്കി കാശുണ്ടാക്കാൻ നോക്ക് എന്നാണ്. എങ്ങനെ ഉണ്ട് സാരോപദേശം? കൊള്ളാമല്ലേ? ഇത്തരം ചിന്താഗതിക്കാരാണ് ഭൂരിപക്ഷം എങ്കിൽ ഹോമിയോപ്പതി രക്ഷപ്പെട്ടത് തന്നെ. അപ്പൊൾ നമുക്ക് കച്ചവടം ആവാം, മരുന്ന് മാഫിയയും ആവാം.. പക്ഷെ അലോപ്പതിക്കാർ, അവർ ഭയങ്കര കച്ചവടക്കാർ ആണ്...

ഇനി അൽപം കാര്യം. ഈ തട്ടുപൊളിപ്പൻ പരിപാടി ഇനി എത്ര നാൾ? ഉത്തരം തയാറാണെന്നറിയാം, എന്നാലും ഇതാണ് ചോദ്യം?
ഇത്രയധികം സർക്കാർവക സംവിധാനങ്ങൾ മുഖേന വളർന്നു വലുതായ ഇന്ത്യയിലെ - കേരളത്തിലെ ഹോമിയോപ്പതി മേഖല എന്നും സുരക്ഷിതം ആണ്, അതിനൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇതാണ് ആ ഉത്തരം. എന്നാൽ ഇത് വാസ്തവമാണോ? വർഷങ്ങളോളം ബ്രിട്ടനിലെ സർക്കാർ വളർത്തിക്കൊണ്ടുവന്ന അവിടുത്തെ ഹോമിയോപ്പതി മേഖലയിൽ നിന്നും സർക്കാർ പിൻവാങ്ങിയത് ഈ അടുത്ത കാലത്താണ്. അങ്ങനെ പല രാഷ്ട്രങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളിൽ ഓരോന്നായി ഹോമിയോപ്പതി നാമാവശേഷമായി കൊണ്ടിരിക്കുന്നു, അല്ലെങ്കിൽ ഇൻഷുറൻസിൽ നിന്നും എടുത്ത് മാറ്റപ്പെടുന്നു. എന്താണ് അങ്ങനെ ഒക്കെ സംഭവിക്കാതെയിരിക്കാൻ നമ്മുടെ നാടിനു മാത്രം ഒരു പ്രത്യേകത ഉള്ളത്?

ഇവിടെ നമ്മളൊരുകാര്യം സൗകര്യപൂർവം മറക്കുകയാണ്. നമ്മുടെ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ ഇത്രയും നാൾ നമ്മൾ പിടിച്ചു നിന്നതു എന്തോ മഹാഭാഗ്യം കൊണ്ടാണ് എന്ന കാര്യമാണത്. മഹാരാജ രഞ്ജിത്സിങ് ജിയുടെയോ, ഗാന്ധിജിയുടെയോ, ടാഗോറിന്റെയോ, ചില ഭരണാധികാരികളുടെയോ, മന്ത്രിമാരുടെയോ ഒക്കെ പ്രീതി കാരണം ആണ് നമ്മൾ ഇത്രയും നാൾ ഗവൺമെന്റ്റുകളുടെ പങ്കുപറ്റി പിടിച്ചു നിന്നതു തന്നെ. അത് ഇനിയും അങ്ങനെ തന്നെ എന്നും ഉണ്ടാകും എന്നാണോ നമ്മൾ കരുതുന്നത്?

എന്നാൽ ഇന്ന് കാണുന്നതെന്താണ്? ശാസ്ത്രീയ പിൻബലത്തോടെ WHO നിഷ്‌കർഷിക്കുന്ന പോളിസികൾ നടപ്പിലാക്കാൻ ബാധ്യസ്ഥരായ ആരോഗ്യ മന്ത്രാലയത്തെ വെല്ലുവിളിച്ചുകൊണ്ട് നമ്മൾ ഒരു സമാന്തര മന്ത്രാലയം ചമയുകയല്ലേ മിക്കപ്പോഴും ചെയ്യുന്നത്? വാക്‌സിനുകൾക്കെതിരെയും മറ്റും അഭിനവ വ്യാജവൈദ്യശിരോമണിമാർ പടച്ചു വിടുന്ന നുണകൾ ഒക്കെയും ഏറ്റുപാടുന്നവരായി അധഃപതിക്കുയായിരുന്നില്ലേ നമ്മൾ? ഉള്ള സമയം കാശുണ്ടാക്കാൻ നോക്ക് എന്ന് പരിഹസിക്കുന്ന തരം രണ്ടുംകെട്ടവരെ നമ്മുടെ ഇടയിൽ കാണേണ്ടിയും വന്നില്ലേ? ഇരുനൂറു വർഷങ്ങൾക്ക് മുന്നേ ഹാനിമാൻ ജീവിച്ച കാലത്തെ പരിമിത ശാസ്ത്ര അറിവുകൾ വെച്ച് പറഞ്ഞപോയി എന്ന ഒറ്റ കാരണം കൊണ്ട് ഇന്നും ശാസ്ത്ര വിരോധവും അലോപ്പതി വിരോധവും അല്ലെ കോളേജുകളിൽ കുട്ടികളിൽ കുത്തിനിറച്ചു വിടുന്നത്?

ജീനസ് എപിഡെമിക്കസ് (GENUS EPIDEMICUS) ചില വസ്തുതകൾ:
ഹാനിമാൻ എഴുതിയ ഓർഗനോൺ ഓഫ് മെഡിസിനിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണിത്. പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള മരുന്ന് കണ്ടെത്തി അത് അസുഖം വരാത്ത ആളുകൾക്ക് പ്രതിരോധം തീർക്കുന്നതിന് വേണ്ടി നൽകപ്പെടുന്നു. അതുവഴി രോഗാണുക്കൾ രോഗിയിൽ പ്രവേശിച്ചു കഴിഞ്ഞാലും അസുഖം വരാതെ നോക്കുന്നു. ഇതാണ് ഇപ്പറഞ്ഞ ജീനസ് എപിഡെമിക്കസിന്റെ ചുരുക്കം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഹോമിയോപ്പതിയിൽ സാധാരണ ഒരു അസുഖം വന്നതിനു ശേഷം കൊടുക്കുന്ന മരുന്ന്, അതെ അസുഖം പടർന്നു പിടിക്കുന്ന അവസ്ഥയിൽ അസുഖം വരുന്നതിന് മുന്നേ തന്നെ കഴിച്ചാൽ എന്താണോ സംഭവിക്കുക ആ ഒരു ഗുണമാണിതിന് ഉള്ളൂ.

ഒറ്റനോട്ടത്തിൽ തന്നെ വളരെ അധികം ഉപകാരമുള്ളത് എന്ന് തോന്നിക്കാവുന്ന ഈ ഒരു സംവിധാനം പക്ഷെ ഇന്ന് അത് എന്താണെന്നും, എവിടെ ഉപയോഗിക്കണം എന്നും, എവിടെ ഉപയോഗിക്കരുത് എന്നും, എങ്ങിനെ ഉപയോഗിക്കണം എന്നും ഹോമിയോപ്പതിക്കാർക്ക് പോലും ഒരു വ്യക്തത ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ ആ 'പ്രതിരോധം' എന്ന വാക്ക് തന്നെ ആണ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു പോയത്. അപ്പപ്പോഴുണ്ടാകുന്ന മരുന്നുകളുടെ പ്രവർത്തനത്തെ മാത്രം ബന്ധപെട്ടു കിടക്കുന്നതും, മരുന്ന് ശരീരത്തിൽ ഇല്ലെങ്കിൽ നിലനില്കാത്തതുമായ ഒരു വളരെ ക്ലിപ്തമായ ഫലമാണ് ഇതിനുള്ളൂ എന്ന് നമ്മൾ മനപ്പൂർവ്വം ഓർക്കാതെ പോയി. അത് വാക്‌സിനുകൾക്ക് സമാനം ആണെന്ന് തന്നെ അങ്ങ് നമ്മൾ തെറ്റിദ്ധരിച്ചും പോയി. നമ്മൾ ഹോമിയോപ്പതിക്കാർ തെറ്റിദ്ധരിച്ചതോടെ, നാട്ടുകാർക്കും അത് പകർന്നു കിട്ടി. ചുരുക്കി പറഞ്ഞാൽ വാക്‌സിനുകൾ വേണ്ട, ഹോമിയോ മരുന്ന് മതി എന്ന ആ അബദ്ധ പ്രചാരണത്തിന്റെ തുടക്കം തന്നെ ആ തെറ്റിദ്ധാരണയിൽ നിന്നും ആണെന്ന് അധികം ആർക്കും അറിയില്ല. അതുകൊണ്ടു തന്നെ കൊടുക്കാമായിരുന്ന പല സന്ദർഭങ്ങളിലും അതിപ്പോൾ പുറത്തു പറഞ്ഞുകൊണ്ട് കൊടുക്കാൻ പറ്റാത്ത അവസ്ഥയും ആണ് ഉള്ളത്. അതുകൊണ്ടാണല്ലോ, ചിക്കൻപോക്‌സ് വരില്ല എന്നൊക്കെ നൂറു ശതമാനം ഉറപ്പുകൊടുത്തു കാശുവാങ്ങി കീശയിലിട്ട ഹോമിയോഡോക്ടർക്ക് തന്നെ ചിക്കൻപോക്‌സ് വന്നപ്പോൾ, മാസങ്ങളോളം ഒളിവിൽ പോകേണ്ടി വന്നതും.

ഗുരുതരമായ ഒരു പകർച്ചവ്യാധിയുടെ കാലത്തു ഇങ്ങനെ നിരുത്തരവാദപരമായതും, തെളിവില്ലാത്തതും ആയ അവകാശവാദങ്ങൾ ഉന്നയിച്ചാലുണ്ടാകുന്ന വലിയ അപകടം എന്തെ നമ്മൾ കാണാതെ പോകുന്നു? നമ്മൾ കാരണം ഇവിടെ ഒരു ശിശു മരണപെട്ടാൽ തന്നെ കേരളത്തിന്റെ ഹെൽത്ത് ഇൻഡെക്‌സുകളിലെ മാറ്റങ്ങൾ എത്ര ഗുരുതരം ആയിരിക്കും എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? അതുകൊണ്ടു തന്നെ നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആശയക്കുഴപ്പം മുൻകൂട്ടി കണ്ടുകൊണ്ടു അത് തടുക്കാൻ കങഅ യും ആരോഗ്യ വകുപ്പും ആവുന്നത് ചെയ്യുന്നതിൽ അവരെ നമുക്ക് പഴിക്കാനാകുമോ?

കേരളത്തിലെ അഞ്ചോളം ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ മാത്രം മനസ്സുവച്ചിരുന്നെങ്കിൽ ഇപ്പറഞ്ഞ പകർച്ചവ്യാധികളെ ചികിത്സിക്കാൻ പാകത്തിനുള്ള സജീകരണങ്ങൾ നടത്തി, രോഗികളെ നേരിട്ട് കണ്ടു, കുറച്ചു കൂടെ ഉത്തരവാദിത്തത്തോടെയും സമർപ്പണത്തോടെയും ഹാനിമാൻ പറഞ്ഞ തരത്തിൽ തന്നെ ഉള്ള ആ പ്രതിരോധം നമുക്ക് തീർക്കാമായിരുന്നില്ലേ? അതല്ലായിരുന്നോ നമ്മൾ ചെയ്യേണ്ടിയിരുന്നത്? അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മൾ സൃഷ്ടിച്ച ആശയ കുഴപ്പം ഉണ്ടാകുമായിരുന്നോ? ഇപ്പോൾ യഥാർത്ഥത്തിൽ പ്രതിരോധ മരുന്നെന്ന നമ്മുടെ സങ്കേതം തന്നെ ഒരു പരിഹാസ പത്രമായില്ലേ?

ഒരു പകർച്ചവ്യാധിയുടെ സീസൺ തീരുന്നതുവരേക്കും പ്രതിരോധ മരുന്ന് കൊടുക്കുന്നത് തുടരണം എന്ന് ഹാനിമാൻ തന്നെ നിഷ്‌കർഷിച്ച കാര്യം നമ്മൾ അത് എന്തിനു എന്ന് മനസ്സിലാക്കാതെ കാറ്റിൽ പറത്തിയ അവസ്ഥ. പക്ഷെ ഇപ്പൊ പറഞ്ഞു പറഞ്ഞു പ്രതിരോധമരുന്നുകൾ അഞ്ചു ദിവസം ഒക്കെ കൊടുത്താൽ മതി പിന്നെ ആ അസുഖം വരുകയേ ഇല്ല എന്നൊക്കെ ഉള്ള തരത്തിൽ ആണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇന്ന് കാണുന്ന എലിപ്പനിയുടെ കാര്യത്തിൽ, രോഗം വരാൻ കൂടുതൽ സാധ്യതയുള്ള ആളുകൾ ആ സാധ്യത നിലനിൽക്കുന്നിടത്തോളം കാലം ഡോക്‌സിസൈക്ലിൻ എന്ന ആന്റിബയോട്ടിക് കഴിക്കണം എന്ന് നമ്മുടെ പൊതുആരോഗ്യവിഭാഗം നമ്മോടിന്നു പറയുന്നതിൽ നിന്നെങ്കിലും ഹോമിയോപ്പതിക്കാർക്ക് ഡോക്‌സിസൈക്ലിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് സ്വപ്നം കണ്ടു പോകുകയാണ്. പക്ഷെ അപ്പോഴും നമ്മൾ അവിടെയും കണ്ടത് ഡോക്ക്‌സിസൈക്ലിന്റെ പാർശ്വഫലങ്ങൾ മാത്രം ആണ്.

വാസ്തവത്തിൽ ഹോമിയോപ്പതി മരുന്നുകൾ പ്രതിരോധ ശക്തി വർധിപ്പിക്കുന്നുണ്ടോ? അങ്ങനെ ആണോ അവ അസുഖങ്ങൾ മാറ്റുന്നത്? ഹോമിയോപ്പതിയിലെ പ്രഗത്ഭരായ ഡോക്ടർമാരെന്നോ, അല്ലെന്നോ, മരുന്ന് കഴിക്കുന്ന രോഗികളെന്നോ വ്യത്യാസമില്ലാതെ ഏവരും ഒരുപോലെ കരുതുകയും 'വിശ്വസിച്ചു' പോരുകയും ചെയ്യുന്ന ഒരു കാര്യമാണ് - 'ഹോമിയോപ്പതി മരുന്ന് പ്രതിരോധ ശേഷി വർധിപ്പിക്കുന്നു', അങ്ങനെ ആണ് രോഗങ്ങൾ മാറ്റുന്നത് എന്ന്. ഇതുതന്നെ എടുത്തു പറഞ്ഞു കൊണ്ടാണ് പ്രതിരോധമരുന്ന് വ്യാപാരവും പൊടിപൊടിക്കുന്നത്.

മാത്രമല്ല, ഈ ഒരു വിശ്വാസത്തിനു അടിത്തറ പാകാൻ പലപ്പോഴും വാക്‌സിനുകളുടെ പ്രവർത്തനരീതിയെ കൂട്ട് പിടിക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും. കാരണം ഹോമിയോപ്പതിയിലും വാക്‌സിനുകളിലും ഒരു 'നേർപ്പിക്കൽ' നടക്കുന്നു എന്നതാണ് കാരണം ആയി പറയുന്നത്. ഹാനിമാൻ മരിച്ചതിനു ഒരു നൂറ്റാണ്ടിനപ്പുറം വെറും അമ്പതു വർഷത്തിന് മുൻപ് മാത്രം വളർച്ചകൊണ്ട ഇന്നുകാണുന്ന ആധുനിക ആന്റിബോഡി റിസേർച്ചുകളെ കുറിച്ച് ഒരു ധാരണയുമില്ലാതെ, നാമിങ്ങനെ തട്ടിവിടുന്നത് നമ്മുടെ ഭാവിക്ക് ഗുണകരമാണോ?

പ്രതിരോധ ശേഷി എന്നാൽ എന്താണ്?
രോഗപ്രതിരോധ ശേഷി എന്നത് രോഗമുണ്ടാക്കുന്നതു സ്വയം തടയുവാനുള്ള ജീവജാലങ്ങളുടെ ഒരു പൊതു പ്രത്യേകത ആണ്. അതുപയോഗിച്ചു കൊണ്ടാണ് മനുഷ്യ ശരീരം തന്റെ ചുറ്റുപാടുമുള്ള രോഗകാരികളായ കാരണങ്ങളിൽ നിന്നും ശരീരത്തിനെ സംരക്ഷിച്ചു നിർത്തുന്നത്. മനുഷ്യ ശരീരം അതിന്റെ പ്രതിരോധം തീർക്കുന്നത് മൂന്നു തട്ടുകളായാണ്.

1. FIRST LINE OF DEFENCE
ഒരു രോഗകാരിയായ കാരണം ശരീരത്തിന് സമീപം വന്നു കഴിഞ്ഞാൽ, ശരീരം അതിനെതിരെ അഴിച്ചുവിടുന്ന ആദ്യത്തേതും പെട്ടെന്നുള്ളതുമായ പ്രതിരോധമാണ് ഇത്. ശരീരത്തിലെ ചർമ്മം, മ്യൂക്കസ് സർഫേസുകൾ, രോമങ്ങൾ, സ്രവങ്ങൾ, എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

2. SECOND LINE OF DEFENCE
മേല്പറഞ്ഞ ആദ്യത്തെ പ്രതിരോധം ഭേദിച്ച് കൊണ്ട് രോഗാണു ശരീരത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഉണ്ടാകാനിടയുള്ള പ്രതിരോധ വിന്യാസമാണ് ഇത്. ഇവിടെ ശരീരം തന്റെ ഊഷ്മാവ് വർധിപ്പിച്ചോ, ുഒ ൽ മാറ്റം വരുത്തിയോ, ചില ഫാഗോസൈറ്റുകളെ ഉപയോഗിച്ചോ, ഇൻഫ്‌ളമേഷൻ മുഖേനയോ, ചില പ്രോട്ടീനുകൾ ഉൽപ്പാദിപ്പിച്ചോ ഒക്കെ രോഗാണുവിനെതിരെ നോൺ-സ്‌പെസിഫിക് ആയ ഒരു പ്രതിരോധം ആണ് തീർക്കുന്നത്. എന്നാൽ ഇതുവഴി രോഗാണുവിനെ ഓർമിച്ചുവെക്കാനുള്ള സംവിധാനം ഉണ്ടാകുന്നുമില്ല.

3. THIRD LINE OF DEFENCE
ആദ്യത്തെ രണ്ടു പ്രതിരോധ കവചവും ഭേദിച്ച് രോഗാണു മുന്നേറുകയാണെകിൽ പിന്നീട് ശരീരം അവസാനമായി ഏർപ്പെടുത്തുന്ന പ്രതിരോധമാണ് മൂന്നാമത്തേത്. ഇതിന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ, രോഗാണുവിനെ കൃത്യമായി പഠിച്ച ശേഷം, അതിനെതിരെ ഉള്ള ഒരു സ്‌പെസിഫിക് ആയ പരിഹാര മാർഗം ആണ് ശരീരം കൈക്കൊള്ളുക എന്നതാണ്. അതിന്റെ ഭാഗമായി രൂപം കൊള്ളുന്ന ആന്റിബോഡികൾ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇങ്ങനെ രൂപം കൊള്ളുന്ന അന്റിബോഡികളെ കുറിച്ചുള്ള അറിവ് അത് ഏതു ആന്റിജൻ മൂലമാണെന്നുള്ള വിവരം മെമ്മറി കോശങ്ങൾ മുഖേന സൂക്ഷിക്കപെടുകയും, മറ്റൊരു അവസരത്തിൽ വീണ്ടും അതേ രോഗാണു/ആന്റിജൻ ശരീരത്തിൽ കയറുകയാണെങ്കിൽ അതിനെതിരെ പെട്ടെന്ന് തന്നെ ആന്റിബോഡികൾ ഉത്പാദിപ്പിച്ചു ഉപയോഗപ്പെടുത്താനുമുള്ള ഒരു വളരെ പ്രായോഗികമായ ഒരു സംവിധാനം ഒരുക്കുകയുമാണ് ഇവിടെ ശരീരം ചെയ്യുന്നത്.

നമ്മൾ കാണുന്ന മിക്കവാറും അപകടകാരികളായ പകർച്ചവ്യാധികൾക്കെതിരെ ശരീരം സാധാരണ കൈക്കൊള്ളുന്ന പ്രതിരോധമാർഗം ഇതാണ്. അതുകൊണ്ടാണ് ഒരിക്കൽ ചിക്കൻപോക്‌സ് വന്ന വ്യക്തിക്ക് അതെ അസുഖം വീണ്ടും പിടിപെട്ടാൽ, ശരീരം അതിനെ പെട്ടെന്ന് തന്നെ കീഴ്‌പെടുത്തുന്നത്, അല്ലെങ്കിൽ രണ്ടാമത് ചിക്കൻപോക്‌സ് വരാതെ ഇരിക്കുന്നത്. അതുപോലെ ജീവിതകാലം മുഴുവൻ സംരക്ഷണം തരുന്ന അസുഖങ്ങൾ എല്ലാം ഇങ്ങനെ ആണ് സംഭവിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ.

ശരീരം ചെയ്യുന്ന ഈ ഒരു സംവിധാനത്തെ അപ്പാടെ ഉപയോഗപെടുത്തിക്കൊണ്ടാണ് നമ്മൾ ഇന്ന് കാണുന്ന പല വാക്‌സിനുകളും പ്രവർത്തിക്കുന്നത്. ഒരിക്കൽ നമ്മൾ എടുത്ത വാക്‌സിൻ, അതിലൂടെ മെമ്മറികോശങ്ങളിൽ സൂക്ഷിക്കപ്പെട്ട വിവരം ഉപയോഗിച്ച് അസുഖം യഥാർഥത്തിൽ പിടി പെടുന്ന സമയത്തു അത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു, ആന്റിബോഡി ഉത്പാദനം നടത്തികൊണ്ട് ആ അസുഖം ഉണ്ടാവുന്നതിൽ നിന്നും നമ്മെ രക്ഷിക്കുന്നത് അങ്ങനെ ആണ്. ഇത്തരത്തിൽ ആണ് വസൂരിയും, പോളിയോയും, മറ്റു മഹാമാരികളും നമുക്കിന്നു പഴംകഥയായത്.

ഇതുവരെ നമ്മൾ കണ്ടത് പ്രതിരോധശേഷി എന്നത് എന്താണെന്നും, വാക്‌സിനുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെയും ഒരു വളരെ ചുരുങ്ങിയ വിവരണം ആണ്. ഇതിൽ നിന്നും തന്നെ നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം.

ഹോമിയോപ്പതി മരുന്ന് നൽകപ്പെടുമ്പോൾ, ഇതിൽ ഏതു വിധേനയാണ് പ്രതിരോധ ശേഷി വർധിക്കുമാറ് അത് ശരീരത്തിൽ പ്രവർത്തിക്കുന്നത്? ആദ്യത്തെയും രണ്ടാമത്തെയും ഘട്ടങ്ങൾ എന്നത് തികച്ചും നോൺ-സ്‌പെസിഫിക് ആയ ഒരു പ്രവർത്തനം ആണ്, അതിനെ നമ്മൾ INNATE IMMUNITY എന്നാണ് വിളിക്കാറ്. അത് എല്ലാ ജീവജാലങ്ങൾക്കും പൊതുവായുള്ളതും ആണ്. ഏതായാലും അവിടെ സൂചിപ്പിച്ച പ്രകാരം ഉള്ള ഒരു പ്രവർത്തനവും ഒരു ഹോമിയോപ്പതി മരുന്ന് കഴിക്കുന്നതിലൂടെയും ഉണ്ടാകുന്നില്ല. പ്രതിരോധ മരുന്ന് കൊടുത്താലും ഉണ്ടാകില്ല. ഇനി അഥവാ അങ്ങനെ ഉണ്ട് എന്ന് വാദിച്ചാൽ തന്നെ, ഇൻഫെക്ഷനുകൾ അല്ലാത്ത, നമ്മൾ മരുന്നു കൊടുക്കാറുള്ള മറ്റു മെറ്റബോളിക് അസുഖങ്ങൾക്ക് എന്തിനാണ് ഇങ്ങനെ ഒരു പ്രതിരോധം തീർക്കേണ്ട ആവശ്യകത?.

ഇനിയുള്ളതു മൂന്നാമത്തെ പ്രതിരോധ സംവിധാനം, അഉഅജഠകഢഋ കങങഡചകഠഥ യുടെ ഭാഗമാണ്. അതായതു മുൻപ് സൂചിപ്പിച്ച പോലെ അവിടെ തികച്ചും ക്ലേശകരമായ ഒരു പ്രവർത്തനം ആണ് ശരീരം കാഴ്ച വെക്കുന്നത്. ശരീരത്തിൽ പ്രവേശിച്ച അണുവിനെ - ആന്റിജനെ മനസ്സിലാക്കി, അതിനെതിരെ ആന്റിബോഡി നിർമ്മാണം നടത്തുക എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം.

അങ്ങനെ ഇരിക്കെ നമ്മൾ നൽകുന്ന മരുന്നുകൾ ഇത്തരത്തിൽ പ്രതിരോധം വർധിപ്പിക്കണമെങ്കിൽ നമ്മുടെ മരുന്നുകൾ ഒരു ആന്റിജൻ ആയി നിലകൊള്ളണം. എന്നാൽ നമ്മൾ കൊടുക്കുന്ന മരുന്നുകൾ പല ആവർത്തി നേർപ്പിക്കുക വഴി അവഗാഡ്രോ ലിമിറ്റും മറികടന്നു മരുന്ന് കണികയുടെ സാന്നിധ്യം തരിമ്പും ഇല്ലാത്ത ഒന്നാണ്. ഇങ്ങനെ ഒരു മരുന്ന് എങ്ങനെ ഇത്തരത്തിൽ ആന്റിബോഡി ഉത്പാദനം സാധിപ്പിക്കും എന്നാണ് നമ്മൾ വാദിക്കുന്നത്?

ഇനി ഇപ്പൊ പുതിയതായി കണ്ടെത്തിയ പ്രകാരമുള്ള നാനോ കണികകളാണ് അതിനുത്തരവാദി എന്ന് പറയുന്നവരോട്, ഒരു വസ്തു ആന്റിജൻ ആയി നിലകൊള്ളണം എന്നുണ്ടെങ്കിൽ അത് ഏറ്റവും ചുരുങ്ങിയത് ഒരു അന്യ പ്രോട്ടീൻ എങ്കിലും ആയിരിക്കണം എന്നതാണ് ആദ്യത്തെ നിബന്ധന. എങ്ങനെ ആണ് നാനോ കണങ്ങൾക്ക് ഇങ്ങനെ നിലകൊള്ളാനാവുക? മാത്രമല്ല, എങ്ങനെ ആണ് നാനോ പഠനം പ്രകാരം മരുന്ന് ലായനിയുടെ മുകളിലത്തെ ഒരു ശതമാനം മാത്രമായി ഒതുങ്ങി നിൽക്കുന്ന നാനോ കണികകൾ മരുന്ന് കുപ്പിയിലെ അവസാനത്തെ തുള്ളി മരുന്നുകൊണ്ടും പ്രതിരോധം വർധിപ്പിക്കും എന്ന് നമുക്ക് പറയാൻ കഴിയുന്നത്? എല്ലാ ചോദ്യത്തിനും നമ്മൾ ഉത്തരം പറയേണ്ടതുണ്ട്.

കൂടാതെ പല ഇൻവിട്രോ പരീക്ഷണങ്ങളുടെയും അവസാനം കണ്ടത്, ഹോമിയോമരുന്നുകൾ ചില ക്യാൻസർ സെൽ കൽച്ചറുകളിൽ അതിന്റെ വളർച്ച തടയുന്നു എന്നതാണ്. അതിനർത്ഥം മേല്പറഞ്ഞ ഒരു ഇമ്മ്യൂണോളജിക്കൽ മാറ്റവും ഉണ്ടാക്കാതെ തന്നെ ആണ് അത് സംഭവിച്ചത് എന്നും, അത്തരം ഒരു പരീക്ഷണ വിജയത്തിന് കാരണം ഇപ്പറഞ്ഞ 'പ്രതിരോധ ശേഷി വർധിപ്പിക്കൽ' അല്ല എന്നും, പകരം മറ്റെന്തോ ആണ് എന്നും കൂടിയാണ്. ആ 'മറ്റെന്തോ കാരണം' എന്നത് നിർഭാഗ്യവശാൽ ഹാനിമാന്റെ കാലം മുതൽ കൈമാറി വരുന്ന ഒന്നാണെന്നും മാത്രം. അതിന്നും അജ്ഞാതം ആണ്. അതുകണ്ടെത്തുവാനായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്.

ചുരുക്കി പറഞ്ഞാൽ, 'ഹോമിയോമരുന്നുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ചാണ് നിപ്പാ വൈറസിനെതിരെ , അല്ലെങ്കിൽ ലെപ്‌റ്റോസ്‌പൈറെക്കെതിരെ പ്രവർത്തിക്കുന്നത്' എന്നൊക്കെ പറയുമ്പോ നമ്മൾ ഒന്നോർക്കണം, നമുക്ക് അറിയാത്ത പല കാര്യങ്ങളും പുറത്തുള്ളവർക്ക് നന്നായറിയാം എന്ന്. ഇനിയെങ്കിലും ഹോമിയോപ്പതി മരുന്നുകളുടെ പ്രവർത്തനം 'കോപ്പി അടിച്ചാണ്' വാക്‌സിനുകൾ കണ്ടുപിടിപിച്ചതെന്നൊക്കെ നമ്മൾ 'തള്ളുമ്പോൾ' ശാസ്ത്ര ബോധമുള്ള ഒരു കൂട്ടം ആളുകൾ നമുക്ക് മുന്നിൽ ഉണ്ട് എന്ന് നമ്മൾ അറിയണം.

വാക്‌സിനുകളുടെയും ഹോമിയോപ്പതിയുടെയും നിർമ്മാണത്തിലോ, അതിന്റെ പ്രവർത്തന രീതിയിലോ ഒരു തരത്തിലും നമുക്ക് സങ്കല്പിക്കാവുന്ന സമാനതകളില്ല. കാരണം, വാക്‌സിനുകളുടെ പ്രവർത്തനം വളരെ ക്രുത്യമായി നിർവചിക്കപ്പെട്ടുണ്ട്, എന്നാൽ ഹോമിയോപ്പതിയുടെ പ്രവർത്തന രീതിയോ, അതിലടങ്ങിയിരിക്കുന്ന ആക്റ്റീവ് പ്രിൻസിപ്പിൾ എന്തെന്നോ ഇത് വരെ കണ്ടെത്തപ്പെട്ടിട്ടില്ല. പിന്നെ എങ്ങനെ ആണ് അവ തമ്മിൽ സമാനതകൾ ഉണ്ട് എന്ന് പറയാനാവുക?

അഥവാ ഇനി അങ്ങനെ ഒരു പ്രവർത്തനം ഹോമിയോപ്പതിമരുന്നുകൾക്ക് കാഴ്ചവെക്കാനാകും എന്ന് നമ്മൾ തെളിയിച്ചാൽ തന്നെ, പിന്നെ അങ്ങോട്ട് ഹോമിയോപ്പതി മരുന്നുകൾ പാർശ്വഫല രഹിതം ആണെന്ന് പറയുന്നതും നമ്മൾ ഒഴിവാക്കേണ്ടി വരും. നമ്മൾ ശരിയായോ തെറ്റായോ കൊടുക്കുന്ന ഒരു ഡോസ് മരുന്ന് ശരീരത്തിൽ ദൂരവ്യാപകമായ തരത്തിൽ ഇമ്മ്യൂണോളജിക്കൽ മാറ്റങ്ങൾക്ക് വഴിവെക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അതിന്റെ അർഥം അതാണ്.

ഇനി അതല്ല, നമ്മൾ പ്രതിരോധ മരുന്ന് കൊടുത്തേ അടങ്ങൂ എന്നാണെങ്കിൽ ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്നും കൂടെ പറയാം. ഇത്രയും കാലം, അതായതു 1973 മുതൽ നമുക്ക് അവസരം തന്നു. വേണ്ടരീതിയിലുള്ള സമയവും, പണവും, സഹകരണവും എല്ലാം തന്നു. നമ്മൾ നാട്ടിലൊരാൾക്കും ആവശ്യമില്ലാത്ത ഡ്രഗ്ഗ് റീപ്രൂവിങ്ങും, വെറും അക്കാദമിക ആവശ്യങ്ങൾക്കായി മാത്രം റിസേർച് പ്രൊജെക്ടുകൾ നടത്തിയും പൊതുഖജനാവ് വേണ്ടുവോളം കൈയിട്ടു വാരി. സമയമായപ്പോൾ കണ്ടെത്തിയ തെളിവുകൾ നൽകുവാൻ നമ്മോടു ആവശ്യപ്പെട്ടു. നിപ്പ ചികിത്സിച്ചില്ലെങ്കിൽ പോട്ടെ, ഒരു ജലദോഷപ്പനിയെങ്കിലും ചികിത്സിച്ചതിനു, അത് മാറ്റിയതിനു ആധികാരികമായ പഠനങ്ങൾകൊണ്ട് സാക്ഷ്യപ്പെടുത്താൻ നമ്മോടു നിർദ്ദേശിക്കപ്പെട്ടു. നമ്മൾ അപ്പോൾ അവിടെ കൈമലർത്തുകയാണ് ചെയ്തത്. നിപ്പ പനിക്കാലത്തു നമ്മൾ സാക്ഷിയായത് അതിനാണ്. ഇപ്പൊൾ ഗവൺമെന്റുകൾ നമ്മെ പതിയെ തഴയുവാൻ തുടങ്ങി. അപ്പോഴും നമ്മൾ പറയുന്നുണ്ട്, നമ്മൾ സർക്കാരിന്റെ സംരക്ഷണയിൽ ആണെന്ന്. അങ്ങനെ ഇരിക്കുമ്പോഴാണ് ഇനി ഇതേ സർക്കാരുതന്നെ ഹോമിയോപ്പതിയുടെ ഫലപ്രാപ്തി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു ഉന്നത സമിതിയെ ഏൽപ്പിക്കുവാൻ തുനിയുക. അമേരിക്കയിലും, ഓസ്ട്രേലിയയിലും, യൂറോപ്പിലും, എല്ലാം ഏർപെടുത്തിയപോലെ ഇന്ത്യയിലും വരും അങ്ങനെ ഒന്ന്, ഹോമിയോപ്പതിയുടെ അന്തകനാകാൻ പോകുന്ന ഒരു സമിതി. പിന്നെ എന്താണുണ്ടാവുക എന്ന് ഇനി വേറെ പ്രവചിക്കേണ്ടതില്ലല്ലോ..

ഹോമിയോപ്പതി ഏറ്റവും ഫലപ്രദമാകുന്ന മേഖലകളിൽ അത് കൂടുതൽ ഉപയോഗിച്ച് തെളിവുകൾ നിരത്താൻ ഇനിയുള്ള സമയം എങ്കിലും നമുക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാം. അലോപ്പതി മേഖലയിലെ പ്രധാന കണ്ടുപിടുത്തങ്ങളിൽ വലിയ പങ്കു വഹിക്കാറുള്ള മരുന്നുകമ്പനികളെ നമ്മൾ കണ്ടു പഠിക്കേണ്ടതുണ്ട്. നമ്മുടെ മരുന്ന് മരുന്നുകമ്പനികളും ഇത്തരം പഠനങ്ങളിൽ ഇനിയെങ്കിലും താൽപ്പര്യം കാണിക്കണം. യഥാർത്ഥത്തിൽ നിങ്ങളുടെ പക്കലാണ് ഹോമിയോപ്പതിയുടെ ഭാവി തന്നെ. വഴിപാടുപോലെ ഇന്ന് നടമാടുന്ന സെമിനാർ മഹാമഹങ്ങളിൽ നിങ്ങൾ പൊടിക്കുന്ന പണത്തിനലൊരംശമെങ്കിലും ഇതിനായി നിങ്ങൾ നീക്കിവെച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ്. ഇങ്ങനെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് തുടക്കമിട്ടാൽ മാത്രം ആണ് ഹോമിയോപ്പതിയുടെ നിലനിൽപ്പിനു സഹായകമാകുന്ന തരത്തിലുള്ള കാര്യങ്ങൾ സംജാതമാകുകയുള്ളൂ.

ഏതായാലും ഒരുകാര്യം നമുക്ക് വ്യക്തമായി ബോധ്യമുണ്ട്, അതായത് ഹോമിയോപ്പതി മരുന്നുകൾ അസുഖങ്ങൾക്ക് ഫലപ്രദമാണ് എന്നത്. എന്നാൽ അതെങ്ങനെ എന്ന് വിശദീകരിക്കാൻ ഇന്ന് വരെ നമുക്ക് സാധിച്ചിട്ടില്ല എന്നതും കൂടെ നമ്മളോരോരുത്തരും അറിയണം, ഉൾക്കൊള്ളണം. അങ്ങനെ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധികാത്ത ഒരുകാര്യത്തെ അധികരിച്ചു പല അവകാശവാദങ്ങളും, വിശദീകരണങ്ങളും പടച്ചുവിടാൻ നമ്മൾ വെമ്പൽ കൊള്ളുമ്പോൾ ഹാനിമാനു സംഭവിച്ച അതെ അമളി തന്നെ നമുക്കും ആവർത്തിച്ചു പിണയുകയാണ് എന്ന് കൂടെ ഓർക്കണം. വൈറ്റലിസം അല്ലാതെ മറ്റൊന്നും തന്റെ മുന്നിൽ ഇല്ലാതിരുന്ന അക്കാലത്തു അസുഖങ്ങൾ പടരുന്നതെങ്ങനെ എങ്ങനെ എന്ന് കൃത്യമായി ഓർഗനോണിൽ എഴുതിയത് ഒന്നുകൂടെ വായിക്കണം. അതിൽ പറഞ്ഞ പ്രകാരം ഇന്നാരെങ്കിലും കാന്തങ്ങൾ തമ്മിൽ വലിച്ചടുപ്പിക്കുന്ന പോലെ ഒക്കെ ആണ് അസുഖങ്ങൾ പടരുന്നത് എന്നൊക്കെ പറഞ്ഞാൽ, പഠിപ്പിച്ചാൽ, എന്താണ് പിന്നെ സംഭവിക്കുക എന്നും കൂടെ നമ്മൾ ആലോചിക്കണം.

അതുകൊണ്ട്, നമ്മുടെ മരുന്നുകൾ ഫലിക്കുന്നുണ്ട് എന്ന് 'വിശ്വസിക്കുന്ന' നമ്മൾ, അത് പല സർക്കാർ-സർക്കാരിതര പദ്ധതികളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന നമ്മൾ, ഇനിയെങ്കിലും ഇത്തരം ശാസ്ത്രീയാടിസ്ഥാനമില്ലാത്ത പൊള്ളയായ വാദങ്ങൾ ഉന്നയിക്കുന്നത് നിർത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ ഹോമിയോപ്പതി പാഠശാലകളിൽ ഇത്തരം അബദ്ധങ്ങൾ പഠിപ്പിക്കില്ലെന്നു ഉറപ്പു വരുത്തണം. അതിനുവേണ്ടി വേണ്ടിവന്നാൽ സിലബസിലടക്കം മാറ്റങ്ങൾ കൊണ്ടുവരണം. വരും തലമുറകൾ എങ്കിലും ഇത്തരം അബദ്ധങ്ങൾ അവർത്തിച്ചുന്നയിക്കുന്നതിൽ നിന്നും നമുക്ക് തടയിടേണ്ടതുണ്ട്. ശരിയായ വിശദീകരണങ്ങൾ വരുന്നത് വരെക്കെങ്കിലും നമുക്ക് മൗനം ഭജിക്കാം.

ഹോമിയോപ്പതി പ്രതിരോധമരുന്ന് എന്ന ഈ നാടകം നമ്മൾ തൽക്കാലം ഇവിടെ അവസാനിപ്പിക്കണം. അത് ഏറ്റവും ഭംഗിയായി ചെയ്യാൻ നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായിടത്തോളം നമുക്ക് ആശയക്കുഴപ്പം ഉണ്ടാക്കാതെ മാറി നിൽക്കാം. നമ്മുടെ മരുന്നുകൾ ഫലിക്കുന്നുണ്ട് എന്നതിനുള്ള തെളിവുകൾ നമുക്ക് അങ്ങോട്ട് കൊടുക്കാം, അല്ലെങ്കിൽ ഫലിക്കുന്നില്ല എന്ന തെളിവുകൾ അവർ നമുക്ക് ഇങ്ങോട്ട് നല്കുന്നത് കാണേണ്ടി വരും. ഇന്ത്യയിൽ എങ്കിലും ഹോമിയോപ്പതി നിലനിൽക്കണമെങ്കിൽ അതാണ് നമുക്ക് നല്ലത്.

Dr. Arif Hussain Theruvath
Homeopath, Calicut - 9400968236