- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; സ്കൂൾ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികൾക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കും; ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി മന്ത്രി വി ശിവൻകുട്ടി; ഒടുവിൽ ഹോമിയോ മരുന്നിന്റെ വഴിയേ സർക്കാർ
തിരുവനന്തപുരം: ഹോമിയോ ചികിത്സയോട് അത്ര പ്രതിപത്തി പുലർത്താത്ത സംസ്ഥാന സർക്കാർ ഒടുവിൽ ഹോമിയോയുടെ വഴിയേ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള ആലോചനയിലാണ് സർക്കാർ. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ തുറക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് പ്രതിരോധ ഹോമിയോ മരുന്ന് നൽകാൻ ആലോചനയുണ്ടെന്ന് ശിവൻകുട്ടി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാഴാഴ്ച ഇതിന്മേൽ കൂടൂതൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
'സ്കൂൾ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പരമാവധി കുട്ടികൾക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ്. ഹോമിയോ മരുന്ന് കുട്ടികൾക്ക് കഴിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല,' മന്ത്രി പറഞ്ഞു. ഐ.സി.എം.ആർ അംഗീകരിച്ച പാറ്റേണിൽ വരുന്നതാണ് ഹോമിയോ മരുന്ന്. നമ്മുടെ നാട്ടിൽ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നാണല്ലോയെന്നും മന്ത്രി അവകാശപ്പെട്ടു.
നവംബർ ഒന്നിന് കേരളത്തിലെ മുഴുവൻ സ്കൂളുകളും തുറക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന രീതിയിലായിരിക്കും ക്ലാസ് മുറിയിലെ ക്രമീകരണം. കുട്ടികൾ കൂട്ടം ചേരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ക്ലാസുകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഇനിമുതൽ കോവിഡ് ചികിത്സ നടത്താൻ അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരുന്നു.
പ്രതിദിന കോവിഡ് കേസുകളിലും മരണ നിരക്കിലും കേരളം മുന്നിലെത്തിയിട്ട് നാളുകളേറെയായി. രോഗവ്യാപന തോത് കുറഞ്ഞെന്ന് സർക്കാർ അവകാശവാദം ഉന്നയിക്കുമ്പോഴും രോഗഭീതിയിൽ നിന്നും കേരളം മുക്തമായിട്ടില്ലെന്നുള്ളതാണ് വസ്തുത. അലോപ്പതിക്കൊപ്പം മാത്രം കേരളം സഞ്ചരിച്ചാൽ മതിയെന്ന ചില തത്പര കക്ഷികളുടെ പിടി വാശിക്ക് പിണറായി വിജയൻ സർക്കാരും ഇത്രയും നാൾ കുടിപിടിക്കുകയായിരുന്നു. ഹോമിയ ആശുപത്രികളിൽ നിന്ന് ഇതുവരെ കോവിഡ് പ്രതിരോധ മരുന്നുകൾ മാത്രമാണ് ലഭ്യമായിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാർ-സ്വകാര്യ ഹോമിയോ ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകിയത്.
സുപ്രീംകോടതിയും കേന്ദ്ര ആയുഷ് മന്ത്രാലയവും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും ഐഎംഎയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ നിലപാടിൽ നിന്ന് പിന്നോക്കം പോവുകയായിരുന്നു എന്നാണ് ഉയർന്നിരുന്ന ആക്ഷേപം. സർക്കാരിന്റെ പ്രതികൂല നടപടിക്കെതിരെ ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി സുസജ്ജമാണെന്നും വൈറൽ രോഗങ്ങൾക്ക് ഏറെ ഗുണകരമായ ഈ ചികിത്സാരീതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കോവിഡിന്റെ പ്രാരംഭദശയിലുള്ളവരും ചെറിയ ലക്ഷണങ്ങളുള്ളവരും ഹോമിയോ ചികിത്സ തേടിയാൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാമെന്നും ആശുപത്രി പ്രവേശനം, ഐ.സി.യു/വെന്റിലേറ്റർ സാഹചര്യവും ഒഴിവാക്കാമെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ വാദിക്കുന്നുണ്ട്. രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാനാകും. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. കോവിഡിന്റെ രണ്ടാംഘട്ടം രൂക്ഷമായ സാഹചര്യത്തിൽ മൈൽഡ് ആൻഡ് മോഡറേറ്റ് കോവിഡ് കേസുകൾക്ക് എല്ലാ സി.എഫ്.എൽ.ടി.സികളിലും ആശുപത്രികളിലും സുപ്രീംകോടതി നിർദ്ദേശ പ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച ഹോമിയോ മരുന്നുകൾ നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്.
കോവിഡിന്റെ ഒന്നാംഘട്ടത്തിൽ ഹോമിയോപ്പതിക് ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ ഉപയോഗിച്ചവരിൽ രോഗം മൂർച്ഛിച്ചത് വളരെക്കുറവാണെന്ന് സി.സി.ആർ.എച്ച് പഠനംവ്യക്തമാക്കിയിരുന്നു. ശ്വസന പ്രക്രിയയെ ഉത്തേജിപ്പിച്ച് ശരീരത്തിലെ ഓക്സിജൻ അളവ് ക്രമപ്പെടുത്താനും ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയെ ചെറുക്കാനുമുള്ള മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്നും ഐ.എച്ച്.എം.എ വ്യക്തമാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഹോമിയോപ്പതിരംഗം ഏറെ മികവുറ്റതാണെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ