ഡബ്ലിൻ: പൊതുജനാരോഗ്യ ഭീഷണി ഉയർത്തി കുടിവെള്ളത്തിൽ ലെഡ് കലർന്ന സംഭവത്തിൽ പൈപ്പുകൾ മാറ്റുന്നതിനായി ഐറീഷ് കുടുംബങ്ങൾ 5000 യൂറോ വരെ സ്വയം കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോർട്ട്. അതേസമയം കുറഞ്ഞ വരുമാനക്കാർക്ക് സർക്കാർ 4000 യൂറോ വരെ ഗ്രാന്റ് അനുവദിക്കും. എന്നാൽ വരുമാന പരിധി കണക്കിലെടുത്താണ് സർക്കാർ ഗ്രാന്റ് അനുവദിക്കുക.

അതേസമയം മുൻ കാലങ്ങളിൽ കണ്ടെത്തിയതിനെക്കാൾ ഭയാനകമാണ് ലെഡ്ഡ് പൈപ്പുകൾ മൂലമുള്ള അവസ്ഥയെന്നും ഗർഭിണികൾക്കും കുട്ടികൾക്കും ഇത് ആരോഗ്യപ്രശ്‌നങ്ങൾ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം കുടുംബങ്ങളിലും ഒട്ടനവധി സ്‌കൂളുകൾ, ആശുപത്രികൾ, ക്രഷുകൾ, ജയിലുകൾ, നഴ്‌സിങ് ഹോമുകൾ എന്നിവിടങ്ങളിലും ഈയം കലർന്ന കുടിവെള്ളം കിട്ടുന്നുണ്ട്. ലെഡ് പൈപ്പുകൾ മാറ്റുന്നതിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ഈ സമ്മർ അവസാനമായിരിക്കും സർക്കാർ ധനസഹായം നൽകുക.

വാട്ടർ മീറ്ററുകൾ സ്ഥാപിക്കുന്ന സമയത്താണ് ഐറീഷ് വാട്ടർ ലെഡ്ഡ് പൈപ്പുകൾ കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച് 28,000 വീടുകൾക്ക് ഐറീഷ് വാട്ടർ മുന്നറിയിപ്പ് നൽകുനനുണ്ട്. എന്നാൽ കുടിവെള്ളത്തിൽ ലെഡ്ഡിന്റെ അംശം ഉണ്ടെന്നത് വർഷങ്ങൾക്കു മുമ്പേ കണ്ടെത്തിയിരുന്നതാണെന്നും  ലെഡ്ഡിന്റെ അംശം ജീവനു തന്നെ ഭീഷണി ഉയർത്തുന്ന തോതിലേക്ക് വർധിക്കുന്നതു വരെ കാത്തിരുന്നതിനെ സർക്കാർ ഏറെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. 1970നു മുമ്പ് സ്ഥാപിച്ച പൈപ്പുകളിലാണ് ലെഡ്ഡിന്റെ അംശം കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

അതേസമയം 50,001 യൂറോ മുതൽ 75,000 യൂറോ വരെ വരുമാനമുള്ളവർക്ക് ലെഡ്ഡ് പൈപ്പ് മാറ്റുന്നതിന്റെ 50 ശതമാനം ചെലവ് സർക്കാർ വഹിക്കുമെന്നാണ് കരുതുന്നത്. അതായത് 2500  യൂറോ ഈ വകുപ്പിൽ ഈ കുടുംബങ്ങൾക്ക് ലഭിക്കും. അതേസമയം 50,000 യൂറോ വരെ വരുമാനമുള്ള കുടുംബങ്ങൾക്ക് 80 ശതമാനം ധനസഹായമാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടർക്ക് 4000 യൂറോ വരെയായിരിക്കും ധനസഹായമായി ലഭിക്കുക.