റിയാദ്: പ്രകൃതിവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ട സ്വവർഗാനുരാഗിയായ യുവാവിന് ഈസ്റ്റേൺ സൗദി അറേബ്യയിലെ ഒരു കോടതി മൂന്നു വർഷത്തെ ജയിൽശിക്ഷ വിധിച്ചു. കൂടാതെ 100,000 റിയാൽ പിഴയായി നൽകാനും വിധിയുണ്ട്.

സോഷ്യൽ മീഡിയയിൽ തന്റെ നഗ്ന ചിത്രങ്ങൾ പോസ്റ്റു ചെയ്യുകയും മറ്റു പുരുഷന്മാരുമായി സെക്‌സിൽ ഏർപ്പെടാൻ താത്പര്യമുണ്ടെന്നും കാണിച്ച്  ചാറ്റ് ഇടുകയും ചെയ്തതിനെത്തുടർന്നാണ് യുവാവ് അധികൃതരുടെ പിടിയിൽപ്പെടുന്നത്. ഇയാളുടെ മൊബൈൽ നിന്ന് ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റു ചാറ്റുകളും കണ്ടെത്തിയിട്ടുണ്ട്. മുപ്പതു വയസിനു മുകളിലുള്ളയാളാണ് ഇയാൾ.

സ്വവർഗാനുരാഗവും, ക്രോസ് ഡ്രെസ്സിംഗും സൗദി ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ കുറ്റകരമാണ്. ക്രോസ് ഡ്രെസ്സിങ് നടത്തിയ 23 പേരെ കുവൈറ്റിൽ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. സൗദിയിൽ സ്വവർഗാനുരാഗികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്കുകൾ വെളിവാക്കുന്നത്. ഇതിനെതിരേ കടുത്ത നിയമങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിയമജ്ഞരുൾപ്പെടെയുള്ളവരുടെ വാദം.
പ്രവാസികളായിട്ടുള്ള സ്വവർഗാനുരാഗികളെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ഇമിഗ്രേഷൻ നടപടികൾക്ക് വിധേയമാക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.