ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പവർ പ്രൊഡക്റ്റ്സ് ഉൽപ്പാദകരായ ഹോണ്ട ഇന്ത്യ പവർ പ്രൊഡക്റ്റ്സ് പുതിയ 1.3 എച്ച്പി ശക്തിയുള്ള 4 സ്ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടർ അവതരിപ്പിച്ചു. യുഎംആർ435ടി മോഡൽ യന്ത്രം ഇന്ത്യയിലുടനീളം ലഭിക്കും. ബ്രഷ് കട്ടർ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന ഹോണ്ട ഇന്ത്യ പവർ പ്രൊഡക്റ്റ്സിന്റെ ശ്രേണിയിൽ ചെറിയ ഉപയോഗത്തിനുള്ള 1എച്ച്പി യന്ത്രം മുതൽ 2എച്ച്പി കരുത്തുള്ള ഹെവി ഡ്യൂട്ടി യന്ത്രംവരെ ഉൾപ്പെടുന്നു.

കൃഷി പണിക്കാരുടെ ദൗർലഭ്യവും കൃഷി സ്ഥലത്തിന്റെ അളവ് കുറഞ്ഞു വരുന്നതും കള നിയന്ത്രണത്തിനും വിളവെടുപ്പിനുമായി കൊണ്ടു നടക്കാവുന്ന ഉപകരണങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചുവെന്നും കളകൾ കളയുന്നതിനും വിളവെടുപ്പിനും തോട്ടങ്ങളും വഴി അരികും വൃത്തിയാക്കുന്നതിനും ഒരുപാട് ഉപഭോക്താക്കൾ ഇപ്പോൾ ബ്രഷ് കട്ടറുകളെ ആശ്രയിക്കുന്നുവെന്നും ഹോണ്ട ഇന്ത്യ പവർ പ്രൊഡക്റ്റ്സ് സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് വിജയ് ഉപ്രേതി പറഞ്ഞു.

ഹോണ്ട ബ്രഷ് കട്ടറുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയുണ്ട്. അതിന്റെ 4 സ്ട്രോക്ക് എഞ്ചിൻ കരുത്തിന്റെ സാങ്കേതിക വിദ്യ തന്നെയാണ് ഉപഭോക്താക്കൾക്ക് പ്രിയങ്കരമായ യന്ത്രമാകുന്നതിന് കാരണം. ഉന്നത നിലവാരവും 600ലധികം വരുന്ന വിപുലമായ സെയിൽസ്, സർവീസ് ഡീലർമാരുടെ പിന്തുണയുമുണ്ട്.

മലയോര മേഖലകളിലെ ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞ ഒരു പരിഹാരം എന്ന നിലയിലാണ് പുതിയ വേരിയന്റിന്റെ അവതരണം. ചെരിവുകളുള്ള ഭുമിയിലും പഴ തോട്ടങ്ങളിലും കളകൾ കാര്യക്ഷമമായി നീക്കം ചെയ്യാവുന്ന രീതിയിലാണ് പുതിയ മോഡലിന്റെ രൂപകൽപ്പന. വിളകൾ തിങ്ങി നിൽക്കുന്ന ഇടങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.

യുഎംആർ435ടി ബാക്ക്പാക്ക് ബ്രഷ് കട്ടർ രണ്ടു വേരിയന്റുകളിൽ വരുന്നുണ്ട്. രണ്ട് ടീത്ത് ബാർ ബ്ലേഡിന്റെ എൽ2എസ്ടി, മൂന്ന് ടീത്ത് ബ്ലേഡിന്റെ എൽഇഡിടി എന്നിങ്ങനെയാണ് വേരിയന്റുകൾ. നൈലോൺ ലൈൻ കട്ടറും ചേർന്ന് ഉപഭോക്താക്കൾക്ക് സ്ഥലത്തിന് അനുസരിച്ചുള്ള യന്ത്രം തെരഞ്ഞെടുക്കാം. ഫ്ളെക്സിബിൾ ഷാഫ്റ്റും കോയിൽ സ്പ്രിങ് മൗണ്ട് ചെയ്ത എഞ്ചിനും എർഗോണോമിക് രൂപകൽപ്പനയും ഉപയോക്താക്കളുടെ ക്ഷീണം കുറയ്ക്കുന്നു, അതിനാൽ ദീർഘ സമയത്തേക്കുള്ള പ്രവർത്തനത്തിന് വളരെ ഉപകാരപ്രദമാണ്.