മലയാളികൾ ഏറെ ചർച്ച ചെയ്ത വെള്ളം എന്ന ചിത്രത്തിലെ ' ഇൻസൾട്ട് ഈസ് ആൻ ഇൻവെസ്റ്റുമെന്റ്' എന്ന ഡയലോ​ഗിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഹണി ഭാസ്‌കരൻ എന്ന യുവതി. ഇൻസൾട്ടിനെ ഇൻവെസ്റ്റ്‌മെന്റ് ആയി കാണാൻ ഒരിക്കലും സാധിക്കാത്ത ജീവിതാനുഭവങ്ങളാണ് തനിക്കുള്ളതെന്ന് ഹണി കുറിക്കുന്നു.അപമാനിക്കപ്പെട്ട ജീവിതത്തിൽ നിന്നും സുന്ദരമായ ജീവിതത്തിലേക്കുള്ള മുരളി എന്ന കഥാപാത്രത്തിന്റെ ഉയർത്ത് എഴുന്നേൽപാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്ന ഡയലോഗ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പുറമെ വെളുക്കെ ചിരിക്കയും അകമേ നിന്ന് വിഷം തുപ്പുകയും ചെയ്യുന്ന ഇൻസൾട്ടുകൾ മനുഷ്യരെ നന്നാക്കിക്കളയും എന്നു ചിന്തിക്കുന്നവരേ. നിങ്ങൾ തൊടുത്ത വിടുന്ന ഇൻസൾട്ടുകൾ കുറഞ്ഞ പക്ഷം എനിക്കെങ്കിലും ഇൻവെസ്റ്റുമെന്റുകൾ അല്ല. ഇൻസൾട്ടുകൾ ഇൻവസ്റ്റുമെന്റുകൾ ആക്കി സൂക്ഷിച്ച മനുഷ്യരെക്കാൾ അതിന്റെ പേരിൽ ജീവനൊടുക്കുകയും സ്വയം ഇല്ലാതായി പോവുകയും ഒരിക്കലും തിരിച്ചു കയറാനാവാത്ത ട്രോമയിൽ നിലം പൊത്തി വീണവരെയുമാണ് ഇക്കാലമത്രയും കണ്ടതും കേട്ടതും അനുഭവിച്ചതും- ഹണി ഭാസ്‌കരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം,

' ഇൻസൾട്ട് ഈസ് ആൻ ഇൻവെസ്റ്റുമെന്റ്' 'വെള്ളം' സിനിമയിലെ ഡയലോഗു ഉയർത്തിപ്പിടിക്കുന്നവരേ...
ഇൻസൾട്ടിനെ ഇൻവെസ്റ്റ്‌മെന്റ് ആയി കാണാൻ ഒരിക്കലും സാധിക്കാത്ത സ്ത്രീയാണ്. വാക്കുകൾകൊണ്ടോ പെരുമാറ്റം കൊണ്ടോ പൊതുവിടത്തിലോ സ്വകാര്യ ഇടത്തിലോ ഇൻസൾട്ട് ചെയ്യപ്പെട്ടിട്ടുള്ള ഓരോ ഓർമ്മയും ഒറ്റ നിമിഷം കൊണ്ട് സർവ്വ സന്തോഷങ്ങളെയും ദിവസങ്ങളോളം നിശ്ശബ്ദതയിലേക്ക് തള്ളിവിട്ടിട്ടുള്ള മാരക സ്‌ഫോടനശേഷിയുള്ള ഓർമ്മകളാണ്.

ഇൻസൾട്ട് അനുഭവിച്ച കാലങ്ങളിലെല്ലാം അത് പെട്ടന്ന് ഒരു മനുഷ്യനും തിരിച്ചറിഞ്ഞേക്കാൻ സാധിക്കാത്ത അസാധാരണമായ ചില ട്രോമകളിലേക്ക് കൊണ്ടു ചെന്നിട്ടിട്ടുണ്ട്. എന്റെ സ്വഭാവത്തെ, ചിന്തകളെ എന്തിന് സ്‌നേഹത്തെ, വിശ്വാസങ്ങളെ, ബന്ധങ്ങളെ ഭയക്കാൻ കാരണമായിട്ടുണ്ട്. മാസങ്ങളോളം മനുഷ്യരോട് മിണ്ടാൻ ഭയന്ന്, കണ്ണീരൊലിപ്പിച്ചിരുന്നിട്ടുണ്ട്...!

ഉണ്ണുമ്പോൾ, ഉറങ്ങുമ്പോൾ, പാചകം ചെയ്യുമ്പോൾ, തിരക്കു പിടിച്ച ഹൈവേയിൽ വണ്ടി നിർത്തിപ്പിച്ച്, ഓഫിസിൽ എഡിറ്റു ചെയ്യേണ്ട ഫയലുകൾ ഡിലീറ്റ് ചെയ്യിപ്പിച്ച്, എന്നും പോകുന്ന വഴികളുടെ ദിശ തെറ്റിച്ചിച്ച്, വല്ലവന്റെയും ഫ്‌ളാറ്റിൽ പോയി താക്കോലിട്ട് തുറക്കാൻ നോക്കി പറ്റുന്നില്ലല്ലോ എന്നോർത്ത് മീതേക്ക് നോക്കി സ്വന്തം വീടല്ല എന്ന സത്യത്തിലേക്ക് ബോധം തെറിച്ചു വീണ് ആ ഇൻസൾട്ടുകൾ എന്റെ ചിന്തകളെ പിന്തുടർന്ന് ആക്രമിച്ചിട്ടുണ്ട്.

സ്ത്രീയാണല്ലോ എന്ന ലിംഗവിവേചനത്തിൽ വാക്കും കൊണ്ടും പ്രവൃത്തികൊണ്ടും ഇൻസൾട്ടു ചെയ്തവർ. പഠിക്കുന്ന കാലത്തും ജോലി തെണ്ടി നടക്കുന്ന കാലത്തും ഫിനാൻഷ്യൽ ഇൻസ്റ്റബിലിറ്റിയെ നിരന്തരം കളിയാക്കിയ ബന്ധുമിത്രാദികൾ. തനിച്ചു പൊരുതാനുറച്ച കാലങ്ങളിൽ, ഒറ്റയെന്ന ഊഹാപോഹങ്ങളെ ചൂഷണം ചെയ്യാൻ മനുഷ്യർ പറഞ്ഞ ഇൻസൾട്ടുകൾ. തോളത്തു കയ്യിട്ടു നടന്ന്, ഒപ്പമുള്ള ഫോട്ടോസ് ഫേസ്‌ബുക്കിൽ പോസ്റ്റി പിന്നിൽ മനോവൈകല്യങ്ങൾക്കനുസരിച്ച് പരദൂഷണ സഭകളിൽ ജീവിതത്തിന്റെ നിയോഗങ്ങൾക്ക് ആവും വിധം പൊടിപ്പും തൊങ്ങലും വച്ച് കഥ മെനഞ്ഞവർ.

പുറമെ വെളുക്കെ ചിരിക്കയും അകമേ നിന്ന് വിഷം തുപ്പുകയും ചെയ്യുന്ന ഇൻസൾട്ടുകൾ മനുഷ്യരെ നന്നാക്കിക്കളയും എന്നു ചിന്തിക്കുന്നവരേ.... നിങ്ങൾ തൊടുത്ത വിടുന്ന ഇൻസൾട്ടുകൾ കുറഞ്ഞ പക്ഷം എനിക്കെങ്കിലും ഇൻവെസ്റ്റുമെന്റുകൾ അല്ല. ഇൻസൾട്ടുകൾ ഇൻവസ്റ്റുമെന്റുകൾ ആക്കി സൂക്ഷിച്ച മനുഷ്യരെക്കാൾ അതിന്റെ പേരിൽ ജീവനൊടുക്കുകയും സ്വയം ഇല്ലാതായി പോവുകയും ഒരിക്കലും തിരിച്ചു കയറാനാവാത്ത ട്രോമയിൽ നിലം പൊത്തി വീണവരെയുമാണ് ഇക്കാലമത്രയും കണ്ടതും കേട്ടതും അനുഭവിച്ചതും.

ഇൻസൾട്ടു ചെയ്ത് തൃപ്തിയടയുന്ന മനുഷ്യരെ 'മനുഷ്യൻ' എന്ന് സംബോധന ചെയ്യാൻ പോലും മടിയാണ്. ഉപേക്ഷിച്ചാൽ വീണ്ടും ഉയർത്തിയേക്കാവുന്ന ഇൻസൾട്ടുകളെ ഓർത്ത് ചിലർ നിങ്ങളോടു ചേർന്നു നിൽക്കുമ്പോഴും നിങ്ങളെ ഭയക്കുന്നുണ്ടാവും, അവിശ്വസിക്കുന്നുണ്ടാവും, മാനസികമായി അകന്നു നിൽക്കുന്നുണ്ടാവും. ഒരായുഷ്‌ക്കാലം മുഴുവൻ നിങ്ങളതറിയാതെ കടന്നു പോവുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ കഴിവില്ലായ്മയാണ്.

ബന്ധങ്ങളുടെ റ്റാഗ് ലൈനിട്ട് അതിനെ നിസാരവൽക്കരിക്കാൻ സാധിക്കുമെന്ന വിശ്വാസം ബുദ്ധിശൂന്യത മാത്രമാണ്...! ഇൻസൾട്ടുകൾ മരണത്തോളം വേട്ടയാടുന്ന മുറിവുകളാണ്. മാപ്പപേക്ഷകൾക്കു മുമ്പിൽ പൊറുത്താലും അവ മനുഷ്യരുടെ ഉള്ളിൽ ഒന്നനങ്ങിയാൽ പഴുത്തു പൊട്ടുന്ന വ്രണമായി മറവിയില്ലാതെ ശേഷിക്ക തന്നെ ചെയ്യും...!

അതുകൊണ്ടാണല്ലോ സിനിമയിൽ പോലും മുരളിയെന്ന കഥാപാത്രം 'Dec 25, 26 കലണ്ടറിൽ മാർക്ക് ചെയ്‌തോളൂ' എന്നു പറയുന്നത്. താൻ ഇൻസൾട്ടു ചെയ്യപ്പെട്ട ദിവസത്തിന്റെ ഓർമ്മ. പൊരുതാനുറപ്പിച്ച് മുന്നോട്ടു നടക്കുമ്പോഴെല്ലാം ആ ഇൻസൾട്ട് നൽകുന്ന വേദനയാണ് സിനിമയുടെ ആകെ സത്ത. പ്രചോദനം എന്നതിൽ കവിഞ്ഞുള്ള നിരന്തരം വേട്ടയാടുന്ന വേദന.

ആരോടും അത്തരത്തിൽ പെരുമാറാതിരിക്കുക എന്നത് മനുഷ്യന്റെ അടിസ്ഥാന സ്വാഭാവങ്ങളിൽ പെടേണ്ട ഒന്നാണ്...! ഇൻസൾട്ടു ചെയ്യുന്ന മനുഷ്യരല്ല, വെന്ത കാലങ്ങളിൽ ജീവിക്കാനുള്ള പ്രേരണ നൽകി, വീഴാതെ കാത്ത, കാക്കുന്ന മനുഷ്യർക്കൊപ്പമാണ് എക്കാലവും. അവരാണ് ലോകത്തിന്റെ ശേഷിക്കുന്ന വെളിച്ചത്തെ നിലനിർത്തുന്നവർ...!