ലച്ചിത്ര ലോകത്ത് ആത്മാർഥത കാട്ടിയാൽ തിരിച്ചു കിട്ടില്ലെന്നു നടി ഹണി റോസ്. വൺ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ചു പ്രതികരിക്കവെയാണു ഹണി റോസിന്റെ പരാമർശം.

ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചത് അനിവാര്യമായ സീൻ ആയതിനാലാണ്. അതു ബിസിനസ് പ്രമോഷന് ഉപയോഗിക്കുമെന്ന് കരുതിയില്ല. ആത്മാർഥമായി ചെയ്ത ജോലിയെ കച്ചവടവൽക്കരിച്ചതിൽ വിഷമമുണ്ടെന്നും ഹണി റോസ് പറഞ്ഞു.

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അത് ആവശ്യപ്പെടുന്നത് എന്തും ചെയ്യാൻ ആത്മാർഥത കാട്ടുന്ന നടിയാണു ഹണി റോസ്. അതേസമയം, താൻ കാണിച്ച ആത്മാർഥത തിരിച്ചുകിട്ടുന്നില്ലെന്ന പരാതിയാണു ഹണി റോസിനുള്ളത്. ഒരു സിനിമാവാരികയ്ക്കു നൽകിയ അഭിമുഖത്തിലാണു ഹണിയുടെ പരാമർശം.

വൺബൈ ടൂവിൽ ഇത്തരത്തിലൊരു ചുംബന സീൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ മാതാപിതാക്കളോട് ചോദിച്ചിരുന്നു. അവർക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ കഥയിൽ അനിവാര്യമായ സീൻ ആണിതെന്ന് സംവിധായകനും മറ്റും പറഞ്ഞതോടെ അഭിനയിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. വെറും കുറച്ചു സെക്കൻഡുകൾ മാത്രമായിരുന്നു ലിപ്ലോക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞാൻ വലിയ കാര്യമായിട്ടെടുത്തതുമില്ല. എന്നാൽ സിനിമയുടെ പ്രമോഷൻ സമയത്താണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പരസ്യത്തിലും പോസ്റ്ററിലും ലിപ്ലോക്ക് രംഗങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. ഹണിയുടെ ലിപ്ലോ്ക്കും ഇതിലും കൂടുതലുമെന്ന രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

ഫേസ്‌ബുക്കിൽ പോലും ഞാൻ പോസ്റ്റർ ഇട്ടത് ആ ഭാഗം ഒഴിവാക്കിയാണ്. ഞാൻ വളരെ ഇമോഷണലായി ചെയ്തൊരു രംഗം കച്ചവടമെന്ന നിലയിൽ ഉപയോഗിക്കപ്പെട്ടതിൽ വേദന തോന്നിയിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് അപ്പോൾ തന്നെ തോന്നി. പിന്നീട് അതിനെക്കുറിച്ച് ആരുമൊന്നും പറയാതിരുന്നതിനാൽ ഞാനും പ്രതികരിച്ചില്ല. സിനിമയുടെ ബിസിനസ്സ് എന്ന രീതിയിലായിരിക്കാം അത് പ്രമോട്ട് ചെയ്തത്. എന്തായാലും അത് സംവിധായകന്റെ സൈഡിൽ നിന്ന് വന്നൊരു പ്രമോഷനാണെന്ന് എനിക്ക് തോന്നുന്നില്ല. ലിപ്ലോക്കെല്ലാം പ്രമോട്ട് ചെയ്തത് സിനിമയ്ക്ക് തന്നെ നെഗറ്റീവായെന്ന് എനിക്ക് തോന്നി. കുടുംബ പ്രേക്ഷകരെ അത് ആ സിനിമയിൽ നിന്നും അകറ്റിയിട്ടുണ്ടാകും.

ഇനി മേലിൽ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം രംഗങ്ങൾ വേണമെങ്കിൽ വരുംവരായ്കകളെക്കുറിച്ചെല്ലാം ആലോചിച്ചിട്ടേ ചെയ്യൂ. ലിപ്ലോക്ക് ചെയ്തത് തെറ്റായി പോയെന്ന് എനിക്ക് തോന്നുന്നില്ല. ആ സിനിമയിൽ എന്റെ കഥാപാത്രം വളരെ വൈകാരികമായിട്ടാണ് ലിപ്ലോക്ക് ചെയ്യുന്നത്. പിന്നീട് അത് ബിസിനസിന് ഉപയോഗിച്ചതാണ് മോശമായതെന്നും ഹണി റോസ് പറഞ്ഞു.