കൊച്ചി: സിനിമ അഭിനേതാക്കളുടെ പ്രണയവും വിവാഹവുമെല്ലാം അറിയാൻ ജനങ്ങൾക്ക് പൊതുവേ താൽപ്പര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ അർദ്ധസത്യങ്ങൾ പോലും വ്യാപകമായി വളച്ചൊടിച്ച് പ്രചരിപ്പിക്കും. നുണകളും സോഷ്യൽ മീഡിയയിൽ സത്യങ്ങളാണെന്ന വിധത്തിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. പലപ്പോഴും ഇത്തരത്തിൽ ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നത് നടി ഹണി റോസിനെയാണ്.

നേരത്തെ വിവാഹം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച ഹണി റോസ് അടുത്തിടെ താൻ വിവാഹം കഴിക്കുമെന്ന് പറഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ വീണ്ടും പ്രചരിച്ചു തുടങ്ങിയത്. വിവാഹം വേണ്ടെന്ന് പറഞ്ഞ ഹണി റോസ് തീരുമാനം മാറ്റിയത് പ്രണയത്തിൽ കുടുങ്ങിയതു കൊണ്ടാണെന്നും ഒരു യുവനടനാണ് ഹണിയുടെ കാമുകനെന്നുമാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഉടൻ തന്നെ നടി വിവാഹിതയാകുമെന്ന വിധത്തിൽ വാർത്തകളും വന്നു. ഹണി തന്നെ ഒരു ചടങ്ങിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാകുന്നു എന്ന് പറഞ്ഞതിനെ ചേർത്തുവച്ചാണ് ഇത്തരം ഗോസിപ്പുകൾ ഉണ്ടായത്. ഇതേക്കുറിച്ച് മറുനാടനോട് പ്രതികരിച്ച ഹണിറോസ് പറഞ്ഞത് താൻ ആരുമായും പ്രണയത്തിൽ അല്ലെന്നും, അടുത്തെങ്ങും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഹണി മറുനാടനോട് പറഞ്ഞു.

ജിഷ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കവേ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചാണ് ഇത്തരം ഗോസിപ്പുകൾ പ്രചരിപ്പിച്ചതെന്നാണ് ഹണി റോസ് പറഞ്ഞത്. മെയ് മാസത്തിൽ ജിഷ കൊലപാതകവുമായി ബന്ധപ്പെട്ടു പെരുമ്പാവൂരിൽ ഡിവൈഎഫ് ഐ സംഘടിപ്പിച്ച രാപകൽ സമരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. അന്ന് സമരത്തിൽ പ്രസംഗിച്ചപ്പോൾ ജിഷയുടെ അനുഭവം വച്ച് ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാൻ സ്ത്രീകൾക്ക് ഭയമാണെന്നാണ് പറഞ്ഞത്. സ്ത്രീസുരക്ഷയിലുള്ള ആശങ്ക പങ്കുവച്ചാണ് താൻ അങ്ങനെ പറഞ്ഞത്. എന്നാൽ ഇങ്ങനെ നടത്തിയ പ്രസംഗം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ വളച്ചൊടിച്ച് ചില വാരികകൾ പ്രസിദ്ധീകരിക്കുകയായിരുന്നു.

തനിക്കു രാത്രി ഒറ്റയ്ക്ക് കിടക്കാൻ പോലും പേടിയാണ് എന്നൊക്കെ പറഞ്ഞു ഇത് വാർത്തകളായി വന്നു. എന്നാൽ, ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കുന്ന സ്വഭാവം ഉള്ളതിനാൽ ആണ് താൻ അന്ന് അങ്ങനെ പറഞ്ഞത്. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ വളച്ചൊടിച്ച് ഒരു പരുവത്തിൽ ആക്കിയതിൽ തനിക്ക് വിഷമമുണ്ടെന്നും ഹണി റോസ് പറഞ്ഞു. ഒറ്റക്കിരിക്കാൻ ഭയമാണെന്ന ഗോസിപ്പ് വന്നതിന് ശേഷമാണ് സോഷ്യൽ മീഡിയ തന്നെ കുറിച്ച് മറ്റൊരു ഗോസിപ്പും പ്രചരിപ്പിച്ചത്.

മലയാളത്തിലെ യുവ താരവുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നു എന്നുമായിരുന്നു അത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഹണിക്ക് തന്നെ ആദ്യം ഞെട്ടലാണ് ഉണ്ടായത്. ചിരിച്ചുകൊണ്ടാണ് ഹണി റോസ് പ്രതികരിച്ചതും. ആരാണ് ഈ യുവ നടൻ? ആരാണ് എന്ന് ഞാനും ഒന്നു അറിഞ്ഞു വെക്കുന്നത് നല്ലതല്ലേ.. എന്നായി ഹണി റോസ്. ഈ സംഭവങ്ങളെല്ലാം അസത്യമാണെന്നാണ് ഹണി റോസ് പറയുന്നത്. പ്രണയിക്കാനോ കല്യാണം കഴിക്കാനോ തൽക്കാലം ഉദേശമില്ല. ഒപ്പം ഒറ്റക്ക് കിടക്കാൻ ലവലേശം പേടിയും തനിക്കില്ലെന്ന് ഹണി റോസ് വ്യക്തമാക്കി.

തൽക്കാലം സിനിമ മാത്രമാണ് തന്റെ മനസിലുള്ളതെന്നും ഹണി റോസ് വ്യക്തമാക്കി. അവളുടെ രാവുകൾ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഹണി റോസ് ഇപ്പോൾ.