കോഴിക്കോട് : കരിപ്പൂരിൽ സ്വർണക്കടത്തിന് പിന്നാലെ ഹണിട്രാപ്പും സജീവം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കുന്നു എന്നാണ് പരാതി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന മാഫിയ കേരളത്തിലെ പെൺകുട്ടികളെ സെക്സ് റാക്കറ്റിന്റെ കണ്ണികളാക്കി മാറ്റുന്ന പതിവുണ്ടായിരുന്നു. ദുബായിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ കേരളത്തിലെ പെൺകുട്ടികളെയാണ് മാഫിയ ലക്ഷ്യം വച്ചിരുന്നത്. ഉന്നത കുലജാതരായ പല പെൺകുട്ടികളും ഈ റാക്കറ്റിന്റെ പിടിയിൽ കുരുങ്ങി ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലുമായി. ദുബായ് ബന്ധങ്ങളുപയോഗിച്ച് പെൺകുട്ടികളെ സെക്സ് റാക്കറ്റിൽ കുരുക്കിയത് കടത്തിന് കാരിയർമാരാക്കാനായിരുന്നു. എന്നാൽ കോവിഡുകാലമായതോടെ ഇതിന് സാധ്യത കുറഞ്ഞു. ഇതോടെയാണ് പുതിയ ഹണിട്രാപ്പ് തന്ത്രം.

യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകൾക്കൊപ്പം നിർത്തി ഫോട്ടോ എടുക്കും. തുടർന്ന് സമൂഹമാധ്യമത്തിൽ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കർണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രവാസികളുമായി സ്ത്രീകൾ വഴി ബന്ധം സ്ഥാപിക്കും. തുടർന്ന് കരിപ്പൂരിലെത്തുമ്പോൾ കാണണമെന്ന് ആവശ്യപ്പെടും. വരുന്ന യാത്രക്കാരന്റെ സൗകര്യം കൂടി പരിഗണിച്ച് ഹോട്ടലിലോ മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഉറപ്പിക്കും.

അവിടെ എത്തുന്ന യാത്രക്കാർക്കൊപ്പം സ്ത്രീകളെ നിർത്തി ഫോട്ടോ എടുക്കുകയാണ് പതിവ്. യൂറോപ്പിൽ നിന്നുള്ള യാത്രക്കാരനെ പറ്റിച്ച് ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇതിനൊപ്പം ഇവരെ അടിമകളാക്കി സ്വർണ്ണ കടത്തിനുള്ള ഭാവിയിലെ കാരിയർമാരുമാക്കും. ഇതിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് നല്ലളം സ്വദേശി നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെ ഇത്തരത്തിൽ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തതായാണ് സൂചന.

നിരവധി പ്രവാസികൾ ഇവരുടെ തട്ടിപ്പിന് ഇരയായായിട്ടുണ്ടെന്നാണ് പൊലീസിന് പറയുന്നത്. നാണക്കേട് ഭയന്നും വിദേശത്തേക്ക് തിരിച്ചുപോകേണ്ടതിനാലും ഇരകൾ പരാതി നൽകാതായതോടെ ഇവർ തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു. ഈ ഫോട്ടോകൾ കടത്തുകാർക്കും നൽകി. പിന്നീട് എല്ലാം കുടുംബത്തിൽ അറിയിക്കുമെന്ന ബ്ലാക് മെയിൽ അവരും നടത്തും. ഇതോടെ അവർ നൽകുന്ന സാധനങ്ങൾ ദുബായിലെത്തി വീണ്ടും നാട്ടിലെത്തുമ്പോൾ കൊണ്ടു വരാൻ നിർബന്ധിതരാകും. ഇങ്ങനെ വരുന്ന കാരിയർമാരെ കസ്റ്റംസും സംശയിക്കുന്നത് കുറവാണ്. ഇത്തരത്തിൽ നിരവധി പേരെ ഹണിട്രാപ്പിലൂടെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.

ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിലാണ് കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവർ അറസ്റ്റിലായത്. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കർണാടകയിൽ മറ്റൊരു കേസിൽ ജയിലിലാണ്. സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളുമായി കരിപ്പൂർ പൊലീസ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തെളിവെടുപ്പ് നടത്തി.