- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വീഡിയോ ചാറ്റ് നടത്തി; യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോയും; വീഡിയോ കൈവശമുണ്ടെന്ന് കാണിച്ചു യുവാവിനോട് ചോദിച്ചത് അഞ്ച് ലക്ഷം രൂപ; പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ; തട്ടിപ്പുകാരിൽ പൊലീസിന് സൈബർ സുരക്ഷാ ക്ലാസെടുത്ത വ്യക്തിയും
കോട്ടയം: സമൂഹമാധ്യമങ്ങളിൽനിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ. കേരളാ പൊലീസിനു വേണ്ടി സൈബർ സുരക്ഷാ ക്ലാസെടുക്കുന്ന യുവാവും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ഇതിൽ വിചിത്രമായ കാര്യം. നാല് പേരടങ്ങിയ സംഘമാണ് ബ്ലാക്മെയിലിങ് കേസിൽ അറസ്റ്റിലായത്.
തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്.അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻപുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.
താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി. ഇതിൽ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പണം നൽകണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വർധിച്ചതോടെയാണ് പരാതി നൽകിയത്.
ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദേശാനുസരണം യുവാവ് സംഘവുമായി സംസാരിച്ചു. രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാൻ എത്തിയ സംഘത്തെ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടിമത ബോട്ട് ജെട്ടി റോഡിൽ സൈബർ സുരക്ഷാ സ്ഥാപനം നടത്തിവരികയായിരുന്നു അരുൺ. പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകൾ അരുൺ എടുത്തിരുന്നു.
അടുത്തകാലത്തായ ഫേസ് ബ്ുക്ക് വഴി നഗ്ന വീഡിയോ കാൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവമാണ് കേരളത്തിൽ. സ്ത്രീയുടെ പ്രൊഫൈൽ ഫോട്ടോ വെച്ച് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. താനൂരിൽ നിരവധിപേർ തട്ടിപ്പിനിരയാതായി പൊലീസ് അറിയിച്ചു. ആദ്യം ഒരു സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് റിക്വസ്റ്റ് വരും. അത് അക്സെപ്റ്റ് ചെയ്താൽ പിന്നീട് ഒരു വീഡിയോ കോൾ വിളിക്കുകയും കോളിലെ സ്ത്രീ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യും.
അതോടൊപ്പം തന്നെ കോൾ സ്വീകരിച്ചയാളുടെ വിഡിയോ അവർ റെക്കോർഡ് ചെയ്യുകയും വീഡിയോയിലെ മുഖം വെച്ച് അശ്ലീലരൂപേണ വീഡിയോ എഡിറ്റ് ചെയ്ത് സ്ക്രീൻ ഷോട്ടുകൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഒരു നമ്പറിലേക്ക് ഗൂഗിൾ പേ വഴി പണം ആവശ്യപ്പെടും. പലരും മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നൽകും. ഡിലീറ്റ് ചെയ്യാം എന്ന് ഉറപ്പിന്മേലാണ് പണം നൽകുന്നതെങ്കിലും വീണ്ടും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. പരിചയമില്ലാത്തവരുടെ പേരിൽ വീഡിയോ കോൾ വന്നാൽ അറ്റൻഡ് ചെയ്യാതെ അവരെ ബ്ലോക്ക് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
മറുനാടന് മലയാളി ബ്യൂറോ