- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ ഹണിട്രാപ്പിങ് കേസ്: രാജസ്ഥാനികളായ നഹർ സിംഗിനും സുഖ്‌ദേവ് സിംഗിനും ജാമ്യമില്ല; ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി

തിരുവനന്തപുരം: കോളേജ് കുമാരികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് ഹണി ട്രാപ്പൊരുക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടു രാജസ്ഥാനികൾക്ക് ജാമ്യമില്ല. ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി.
പ്രതികളെ കസ്റ്റഡിയിൽ വച്ച് വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ട കോടതി അന്തിമ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ സിറ്റി സൈബർ ക്രൈം ഡിവൈഎസ് പിയോട് നിർദ്ദേശിച്ചു. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി വിചാരണയിൽ മൊഴി തിരുത്താനും സാധ്യതയുണ്ട്. തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. ജാമ്യ ഹർജി തള്ളിയ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കിയാണ് ജില്ലാ കോടതി ജാമ്യ ഹർജികൾ തള്ളിയത്.
തലസ്ഥാന ജില്ലക്കാരനായ യുവാവിൽ നിന്നും പണം തട്ടിയ കേസിൽ റിമാന്റിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളും രാജസ്ഥാനിലെ കാമൻ സ്വദേശികളുമായ നഹർ സിങ്ങും സുഖ്‌ദേവ് സിങ്ങും സമർപ്പിച്ച ഹർജിയാണ് ജില്ലാ കോടതി പരിഗണിച്ചത്. ഇരുവരുടെയും ആദ്യ ജാമ്യ ഹർജികൾ തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ടേട്ട് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. തങ്ങൾ നിരപരാധികളാണെന്നും പൊലീസിന് ആളുമാറി തങ്ങളെ അറസ്റ്റ് ചെയ്തതാണെന്നും ഉള്ള പ്രതികളുടെ വാദം വിചാരണ കോടതി വിചാരണയിൽ പരിഗണിക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു.

