തിരുവനന്തപുരം: ഹണി ട്രാപ്പു കേസിൽ അവ്യക്ത റിപ്പോർട്ടു ഹാജരാക്കിയ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ മൃദുലിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനവും ശകാരവും.കോടതിയിൽ മാപ്പിരന്ന സി ഐ ക്ക് പ്രായം കണക്കിലെടുത്ത് മേലിൽ ആവർത്തിക്കരുതെന്ന (സെൻഷ്വർ) താക്കീതും കോടതി നൽകി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാറാണ് സി ഐ യുടെ കൃത്യവിലോപം നീതി നിർവ്വഹണത്തിലുള്ള ഇടപെടലായ കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച് സി ഐ യെ വിളിച്ചു വരുത്തിയത്.

ബുധനാഴ്ച ഹാജരായ സി ഐ വ്യക്തമായ റിപ്പോർട്ടും സി ഡി ഫയലും സിഐ ഹാജരാക്കി. ഒരിക്കലത്തേക്ക് മാപ്പു നൽകുമാറാകണമെന്ന് സിഐ കോടതിയിൽ മാപ്പപേക്ഷിക്കുകയായിരുന്നു. ഇനിയാവർത്തിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് കോടതി സി ഐ ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് സി ഐക്കെതിരായ നടപടി അവസാനിപ്പിച്ചത്. സ്ഥിരമായി സി ഐ മൃദുൽ ഇത്തരത്തിലുള്ള റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. നിങ്ങളാണോ അതോ മറ്റാരെങ്കിലുമാണോ റിപ്പോർട്ട് തയ്യാറാക്കിയതെന്ന ചോദ്യത്തിന് വിറച്ചു നിന്ന സി ഐ കോടതിയിൽ മാപ്പപേക്ഷിക്കുകയായിരുന്നു.

കോടതിയുടെ ഓരോ ചോദ്യങ്ങൾക്കും മുന്നിൽ പതറിപ്പോയ സിഐ 'സർ' വിളി ആവർത്തിച്ച് കേണപേക്ഷിക്കുകയായിരുന്നു. ആരെങ്കിലും എഴുതുന്ന റിപ്പോർട്ടിൽ ഒപ്പിടും മുമ്പ് വസ്തുതകൾ ഒത്തു നോക്കി പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. വരും വരായ്കകൾ ചിന്തിച്ചു വേണം ഒപ്പിടാന്നെന്നും കോടതി ഓർമ്മിപ്പിച്ചു. ദീർഘകാലം സർവ്വീസുള്ളതിനാൽ സർവ്വീസ് ബുക്കിൽ സ്റ്റിഗ്മ ( കളങ്കം) ചുവപ്പു മഷി പുരളണ്ടന്ന് കരുതിയാണ് വെറുതെ വിടുതെന്നും കോടതി ഓർമ്മിപ്പിച്ചു. ജാമ്യഹർജിയിൽ കോടതി 12 ന് വിധി പറയും.

തേൻ കെണിക്കേസിൽ സി ഡി ഫയൽ ഹാജരാക്കാത്തതും സെക്ഷൻ ഓഫ് ലാ, കുറ്റാരോപണം തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ഇല്ലാത്ത അവ്യക്ത റിപ്പോർട്ടു ഹാജരാക്കിയതുമാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി നടപടികളിൽ കൃത്യവിലോപം കാട്ടിയ വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ കേസ് ഡയറി ഫയൽ സഹിതം ബുധനാഴ്ച നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.

തിരുവനന്തപുരം റൂറൽ വെള്ളറട പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാണ് ഹണി ട്രാപ്പ് പണം തട്ടൽ നടന്നത്. 5 ൽ പരം ക്രൈം കേസുകളിൽ പ്രതിയായ തേൻ കെണിക്കാരിയുടെ പരാതിയിൽ സുരേഷ് എന്ന യുവാവിനെതിരെ തേൻ കെണിക്കാരിയുടെ ചെകിട്ടത്തടിച്ചെന്ന പരാതിയിൽ വെള്ളറട പൊലീസ് ഐപിസി 354 ഇട്ട് ജാമ്യമില്ലാ കേസെടുക്കുകയായിരുന്നു. പൊലീസിന്റെ ഭീഷണിയിൽ അറസ്റ്റു ഭയന്ന യുവാവ് മുൻകൂർ ജാമ്യഹർജിയുമായി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു.

റിപ്പോർട്ടും സി ഡി ഫയലും ഹാജരാക്കാൻ പലകുറി കോടതി ആവശ്യപ്പെട്ടിട്ടും സി ഐ ഹാജരാക്കിയില്ല. മാത്രമല്ല അവ്യക്തമായ റിപ്പോർട്ട് വനിതാ പൊലീസുകാരിയുടെ കൈവശം കൊടുത്തു വിടുകയായിരുന്നു. തേൻ കെണിക്കാരി പ്രതിയായ കേസുകളുടെ എഫ് ഐ ആർ പകർപ്പുകൾ യുവാവ് ജാമ്യഹർജിയോടൊപ്പം കോടതിയിൽ സമർപ്പിക്കുകയും ചെയ്ത് വസ്തുതകൾ കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു.