കാസർഗോഡ്: കിടപ്പറക്കെണിയിൽ വീഴ്‌ത്തി പ്രമുഖരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തിലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ ദിനേശന്റെ നേതൃത്വത്തിൽ കാസർകോട്ടെ ആഡംബര ഫ്ളാറ്റിൽ നിന്നാണ് യുവതി പിടിയിലായത്. കിടപ്പറരംഗങ്ങൾ കാമറയിൽ പകർത്തി പണം തട്ടിയെടുക്കുകയായിരുന്നു ഹണിട്രാപ്പ് സംഘത്തിന്റെ രീതി. കാസർകോഡ് കുഡ്ലു കളിയങ്ങാട്ടെ മൈഥിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന എം.ഹഷിദ എന്ന സമീറയെയാണ്(32) അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ ജില്ലയിലും കാസർകോടുമുള്ള നിരവധിപേരെ ഹണിട്രാപ്പിൽ കുരുക്കി പ്രതികൾ ബ്ലാക്ക്മെയിൽചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങൾ തകരുമെന്ന് ഭയമുള്ളതിനാൽ മാത്രമാണ് പെൺകെണിയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിൽ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്മാരെ പെൺകെണിയിൽ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേർത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിർത്തി ഫോട്ടോകളും വീഡിയോകളും പ്രതികൾ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഇവരുടെ വലയിൽ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടിൽ ഭാസ്‌ക്കരൻ (62) എന്നയാൾ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അൻവർ എന്നിവർക്കുമെതിരെ പരാതി നൽകിയിരുന്നു. 2017 ഡിസംബറിൽ പെൺവാണിഭ സംഘത്തിൽ പെട്ട മുസ്തഫയുടെ താഴെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടിൽ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഷഹിദയോടൊപ്പം ഫോട്ടോ എടുപ്പിച്ച് ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികൾ ഭാസ്‌ക്കരനിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ അറസ്റ്റിലായ ഹഷിദ ബിഎംഎസ് നേതാവായ ദിനേശ് എന്ന യുവാവിനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ആഡംബര ഫ്ളാറ്റിൽ ജീവിതം നയിച്ചുവരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിമാസം 25,000 രൂപ വാടക നൽകിയാണ് പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്വാർട്ടേഴ്സിൽ ഇവർ താമസിച്ചിരുന്നത്. ചുഴലിയിലെ കെ പി ഇർഷാദ്(20), കുറുമാത്തൂരിലെ കൊടിയിൽ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമൽദേവ്(21) എന്നിവരെയാണ് കഴിഞ്ഞ ഓഗസ്റ്റ് 24 ന് തളിപ്പറമ്പ് എസ്ഐ കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.

ചപ്പാരപ്പടവിലെ അബ്ദുൾ ജലീൽ, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. തളിപ്പറമ്പിലെ പല ഉന്നതന്മാരും ഈ സംഘത്തിന്റെ വലയിൽ കുടുങ്ങിയതിന്റെ തെളിവുകൾ ലാപ്ടോപ്പിൽ നിന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും തന്നെ പരാതിപ്പെടാത്ത സാഹചര്യത്തിൽ കൂടുതൽ കേസുകളെടുത്തിരുന്നില്ല. ബ്‌ളാക്ക് മെയിൽ ചെയ്ത് സമ്പാദിക്കുന്ന പണം വൻനഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ധൂർത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചു വരുന്നത്.