കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടർ മോഷണം പൊലീസിനെ എത്തിച്ചത് കോഴിക്കോട്ടെ പെൺകണി മാഫിയയിൽ. സ്ത്രീകളെ ഉപയോഗിച്ചുള്ള ബ്ളാക്ക് മെയിൽ തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളാണ് പൊലീസ് പൊളിച്ചത്. സ്‌കൂട്ടർ മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ രഹസ്യ കോഡുകളാണ് വഴിത്തിരിവായത്. ഇതിന്റെ തുടർച്ചാണ് സമീറയുടെ അറസ്റ്റ്.

കാസർകോട്ടെ ആഡംബര ഫ്‌ളാറ്റിൽ നിന്നാണ് യുവതി പിടിയിലായത്. കിടപ്പറരംഗങ്ങൾ കാമറയിൽ പകർത്തി പണം തട്ടിയെടുക്കുകയായിരുന്നു ഹണിട്രാപ്പ് സംഘത്തിന്റെ രീതി. കാസർകോഡ് കുഡ്‌ലു കളിയങ്ങാട്ടെ മൈഥിലി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എം.ഹഷിദ എന്ന സമീറയെയാണ്(32) അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹഷിദ ബിഎംഎസ് നേതാവായ ദിനേശ് എന്ന യുവാവിനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ആഡംബര ഫ്‌ളാറ്റിൽ ജീവിതം നയിച്ചുവരുന്നതെന്ന് പൊലീസ് പറഞ്ഞു. ആഡംബര ജീവിതത്തിനായാണ് സമീറ തട്ടിപ്പുകാർക്കൊപ്പം ചേർന്നതെന്നാണ് സൂചന. പ്രതിമാസം 25,000 രൂപ വാടക നൽകിയാണ് പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്വാർട്ടേഴ്‌സിൽ ഇവർ താമസിച്ചിരുന്നത്.

ഏപ്രിൽ നാലിന് തളിപ്പറമ്പ് ഏഴാം മൈലിൽ നിസ്‌കാരത്തിന് പള്ളിയിലെത്തിയ ഒരാളുടെ ആക്ടിവ സ്‌കൂട്ടർ കവർന്ന കേസിലാണ് കുറുമാത്തൂർ ചൊറുക്കളയിലെ കൊടിയിൽ റുബൈസിനെ (22) പൊലീസ് പൊക്കിയത്. ഇതോടെയാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള സൂചന കിട്ടിയത്. മോഷ്ടിച്ച സ്‌കൂട്ടറിൽ ബന്ധുവിന്റെ പേരിലുള്ള ആക്ടിവയുടെ നമ്പർ പതിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവരികയായിരുന്നു. സുഹൃത്തായ ചുഴലി സ്വദേശി കെ.പി ഇർഷാദും (20) ഈ സ്‌കൂട്ടർ ഉപയോഗിക്കുന്നതായി അറിഞ്ഞതോടെ ഇയാളെയും പൊലീസ് പിടികൂടി. റുബൈസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇർഷാദ് അയച്ച സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സിദ്ധാർത്ഥ് അഭിമന്യുവിന്റെ ടൂൾസ് സേഫാക്കണം എന്നായിരുന്നു സന്ദേശം. ഈ സന്ദേശത്തിന്റെ അർത്ഥതലങ്ങളിലേക്ക് പൊലീസ് അന്വേഷണം നടത്തി. ഇതോടെ എല്ലാം പുറത്തായി. പയ്യന്നൂർ കാങ്കോൽ സ്വദേശി ടി. മുസ്തഫ (45)യും കേസിലെ പ്രധാന കണ്ണിയാണ്.

ടൂൾസ് പറഞ്ഞു വന്നപ്പോൾ അതു പെൺകെണി പകർത്താൻ ഉപയോഗിച്ച കാമറയായി. ദൃശ്യങ്ങൾ സൂക്ഷിച്ച ലാപ്ടോപ് അവരുടെ ഭാഷയിൽ പ്രൊജക്ടർ ആയിരുന്നു. ഇരകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണിനെ ടെലികോം എന്നും വിളിച്ചു. തലശേരിയിൽ എൻജിനിയറിങ് വിദ്യാർത്ഥിയായ നെടിയേങ്ങ നെല്ലിക്കുന്നിലെ അമൽദേവിനെ (21) ഏല്പിക്കാനായിരുന്നു സന്ദേശത്തിൽ ആവശ്യപ്പെട്ടത്. അമൽദേവിനെ പൊക്കിയപ്പോൾ എല്ലാം മണിമണിയോടെ പുറത്തായി. കാസർകോട് സ്വദേശിനിയായ യുവതിയെ ഉപയോഗിച്ച് ചപ്പാരപ്പടവ് സ്വദേശിയെയും മറ്റൊരു വ്യാപാരിയെയുമാണ് സംഘം ഭീഷണിപ്പെടുത്തിയത് പുറത്തായി. ഇവർ പടിയിലായത് അറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായെത്തി. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തിയും വലുതായി.

പയ്യന്നൂർ ഹോട്ടൽ വ്യാപാരിയായിരുന്നയാളെ പെൺകെണിയിൽ കുടുക്കി സ്ത്രീയോടൊപ്പം ഫോട്ടോ എടുത്ത്, വീട്ടുകാരെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിലാണു പൊലീസ് കേസെടുത്തത്. കിടപ്പറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തളിപ്പറമ്പ് സ്വദേശികളോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതിനും കേസുണ്ട്. റിമാൻഡിൽ കഴിയവേ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ട റുബൈസ് ഇപ്പോഴും ഒളിവിലാണ്. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശൻ എന്നിവർ അടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. പയ്യന്നൂരിലെ ഹോട്ടലുടമയായ മാതമംഗലത്തെ ഭാസ്‌കരന്റെ ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സമീറ അടക്കമുള്ളവർ ഇപ്പോൾ അറസ്റ്റിലായത്.

മുസ്തഫയുടെ സഹോദരിയെന്ന നിലയിൽ സമീറയെ ഭാസ്‌കരന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി അകന്നുനിൽക്കുകയായിരുന്ന ഭാസ്‌കരന് സമീറയെ വിവാഹം െചയ്തുതരാമെന്ന് മുസ്തഫ അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂരിൽ കൊണ്ടുപോയി വിവാഹാവശ്യത്തിനെന്ന പേരിൽ സ്വർണവും തുണികളുമായി ഒന്നരലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ വാങ്ങി. തിരിച്ചുവന്ന് മുസ്തഫയുടെ വീട്ടിൽവെച്ച് മാല അണിയിക്കുകയും ഇരുവരെയും ചേർത്തുനിർത്തി വീഡിയോയിൽ പകർത്തുകയും ചെയ്തു. പരാതിക്കാരന്റെ വീട്ടുകാരോ നാട്ടുകാരോ അറിയാതെയായിരുന്നു കാര്യങ്ങൾ നടത്തിയത്. ആദ്യദിവസം തന്നെ ഭാസ്‌കരന്റെ കൂടെ താമസിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി സമീറ കാസർകോട്ടേക്ക് പോയപ്പോഴാണ് തട്ടിപ്പാണെന്ന് ഭാസ്‌കരന് ബോധ്യമായത്.

ചെമ്പന്തൊട്ടിയിൽ നടന്ന വിവാദമായ പെൺകെണി സംഭവത്തിലും സമീറയുടെ സാന്നിധ്യമുള്ളതായി സംശയമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. അതേസമയം വീഡിയോ ചിത്രീകരണമുൾപ്പെടെയുള്ള കാര്യങ്ങൾ സമീറയറിയാതെയാണ് പ്രതികൾ ഒരുക്കിയതെന്നും പൊലീസ് പറഞ്ഞു. പെൺകെണി വിവാദമായതോടെ ഹോട്ടലുടമ പരാതിയുമായി ഡിവൈ.എസ്‌പി. കെ.വി.വേണുഗോപാലിനെ സമീപിച്ചു.ഭാസ്‌കരന്റെ പരാതിയിലാണ് സമീറയെ ഇപ്പോൾ അറസ്റ്റുചെയ്തത്. സമീറയെ പിടികൂടാൻ ഏതാനും ദിവസങ്ങളായി തളിപ്പറമ്പിലെ അന്വേഷണസംഘം കാസർകോട്ട് തിരച്ചിലിലായിരുന്നു. ഇവർ താമസിക്കുന്ന സ്ഥലവും ബന്ധപ്പെടാറുള്ള വ്യക്തികളെയും കണ്ടെത്തിയശേഷം വലയിലാക്കുകയായിരുന്നു.

കണ്ണൂർ ജില്ലയിലും കാസർകോടുമുള്ള നിരവധിപേരെ ഹണിട്രാപ്പിൽ കുരുക്കി പ്രതികൾ ബ്ലാക്ക്‌മെയിൽചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങൾ തകരുമെന്ന് ഭയമുള്ളതിനാൽ മാത്രമാണ് പെൺകെണിയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിൽ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്മാരെ പെൺകെണിയിൽ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേർത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിർത്തി ഫോട്ടോകളും വീഡിയോകളും പ്രതികൾ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ചപ്പാരപ്പടവിലെ അബ്ദുൾ ജലീൽ, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ കേസുമുണ്ട്.

കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന വൻ പെൺകെണി സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്തഫ 12 വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടത്തി. ഇതിൽ കുറെയേറെ സ്ത്രീകളെ തട്ടിപ്പുകൾക്ക് ഉപയോഗിച്ചു. റുബൈസ് നേരത്തെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കർണാടകയിൽ ഉൾപ്പെടെ മോഷണക്കേസിൽ ഇയാൾ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. റിമാൻഡ് തടവുകാരനായ റുബൈസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയപ്പോൾ ആശുപത്രിയിൽ നിന്ന് ഓടിപ്പോയിരുന്നു. പല വിദ്യാർത്ഥിനികളുമായും റുബൈസിന് അടുത്ത ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളുമായി ഇടപെടാൻ പ്രത്യേക കഴിവുതന്നെ ഇയാൾക്കുണ്ടത്രേ. ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ പോലും നിരന്തരം ഫോണിൽ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കും. ഇവർക്ക് വിലകൂടിയ ഗിഫ്റ്റുകളും പണവും നല്കി ബന്ധം ദൃഢമാക്കുന്നതും ഇയാൾ പതിവാക്കിയിരുന്നു.