ബംഗളൂരു: ഹണി ട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റിൽ. സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായിരുന്ന കവിതയാണ് അറസ്റ്റിലായത്. 22കാരനായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

വൈവാഹിക വെബ്‌സൈറ്റുകളിൽനിന്ന് ഫോൺനമ്പർ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താൽപര്യം അറിയിക്കുന്ന യുവതി പിന്നീട് ഇവരുമായി ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തിൽ വീഴുന്നവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ഈ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.

പണം നൽകിയില്ലെങ്കിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നൽകുമെന്നാണ് ഭീഷണി. യുവതി നൽകിയ പരാതിയിൽ ഇതിനകം നിരവധി യുവാക്കൾക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുണ്ട്.

പരാതിക്കാരനായ 22കാരനെ സമാനമായ രീതിയിൽ വലയിലാക്കിയ കവിത രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് പണം നൽകാതെ പൊലീസിൽ പരാതി നൽകുകയായിരുന്നു.