തിരുവനന്തപുരം :ഷാർജാ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദിന് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ശുപാർശ ഗവർണറെക്കൊണ്ട് അംഗീകരിപ്പിച്ചെടുത്തത് പിണറായി സർക്കാർ. സുൽത്താൻ വിദേശ പൗരനായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡോക്ടറേറ്റ് നൽകാനാവില്ലെന്നായിരുന്നു ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവത്തിന്റെ നിലപാട്. അദ്ദേഹം ശുപാർശ തള്ളുകയും ചെയ്തിരുന്നു.

സുൽത്താന് ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാലാ സെനറ്റ് തീരുമാനിച്ചത് 2014ലായിരുന്നു. പി.കെ.അബ്ദുറബ്ബായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. സുൽത്താനൊപ്പം മോഹൻലാലിനും പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് നൽകാനും അന്ന് തീരുമാനിച്ചിരുന്നു. വൈസ്ചാൻസലറായിരുന്ന ഡോ. എം. അബ്ദുൾ സലാമിന്റെ ശുപാർശ സെനറ്റ് അംഗീകരിക്കുകയായിരുന്നു. എന്നാൽ വിദേശ പൗരന് ഡോക്ടറേറ്റ് നൽകാൻ കേന്ദ്ര സർക്കാരിനറെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവം സർവകലാശാലയുടെ ശുപാർശ അംഗീകരിച്ചില്ല. ഇതോടെ യു.ഡി.എഫ് സർക്കാർ തുടർനടപടികൾ വേണ്ടെന്നുവച്ചു.

എൽ.ഡി.എഫ് ഭരണകാലത്ത് 2017ലാണ് ഷാർജാ സുൽത്താന് ഡോക്ടറേറ്റ് നൽകാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചത്. സർക്കാരിന്റെ താത്പര്യപ്രകാരമായിരുന്നു നടപടി. സുൽത്താനൊപ്പം ഉഷയ്ക്കും മോഹൻലാലിനും ഡോക്ടറേറ്റ് നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സുൽത്താന് രാജ്ഭവനിൽ വച്ച് 2017ലും ഉഷയ്ക്കും മോഹൻലാലിനും 2018ൽ കോഴിക്കോട്ടു വച്ചുമാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. സർവകലാശാല ചട്ടമനുസരിച്ച് ബിരുദദാന സമ്മേളനത്തിൽ ഗവർണർ, വിസി, രജിസ്ട്രാർ എന്നിവരേ പങ്കെടുക്കേണ്ടതുള്ളൂ. എന്നാൽ മുഖ്യമന്ത്രി കോൺവൊക്കേഷൻ റോബ് ധരിക്കാതെ സാധാരണ വേഷത്തിൽ ചടങ്ങിൽ പങ്കെടുത്തതും പ്രസംഗിച്ചതും വിവാദമായിരുന്നു. അന്ന് പ്രവാസി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ.ടി.ജലീലിനായിരുന്നു സുൽത്താന്റെ സന്ദർശനത്തിന്റെ പൂർണ ചുമതല.

രാജ്ഭവനിൽ സുൽത്താന് ഡോക്ടറേറ്റ് സമ്മാനിക്കുന്ന ചടങ്ങിൽ സ്ഥലം എംപിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎയായിരുന്ന പി.അബ്ദുൽ ഹമീദ് എന്നിവരെ ക്ഷണിക്കാത്തതും വിവാദമായിരുന്നു. സർവകലാശാലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലമായ മലപ്പുറത്തുനിന്നുള്ള എംപിയായിരുന്നു കുഞ്ഞാലിക്കുട്ടി. അബ്ദുൽ ഹമീദ് ഈ പ്രദേശം ഉൾപ്പെടുന്ന വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയുമായിരുന്നു. സർവകലാശാലയുമായി ബന്ധപ്പെട്ടു വലിയ ചടങ്ങുകൾ നടക്കുമ്പോൾ എംപിയേയും എംഎൽഎയും അറിയിക്കാനുള്ള മര്യാദ പോലും സർക്കാർ കാട്ടിയില്ല.

കലിക്കറ്റ് സർവകലാശാലയ്ക്ക് ഷാർജാ ഷേഖ് പ്രത്യേകം ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വി സിയായിരുന്ന മുഹമ്മദ് ബഷീർ അറബിക് ഭാഷാ ഗവേഷണത്തിനുള്ള 500കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. പിന്നീട് കോഴിക്കോട് ഒളവണ്ണ കേന്ദ്രമാക്കി ഇൻഡോ ഷാർജാ കൾച്ചറൽ സെന്റർ, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സാംസ്‌കാരികസമുച്ചയം, രാജ്യാന്തര കൺവൻഷൻ സെന്റർ എന്നിവ തുടങ്ങാൻ 30.40 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മന്ത്രിയായിരുന്ന എ.കെ.ബാലൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനായി കിഫ്ബിയിൽ നിന്നാണ് പണം നൽകിയത്. ഷാർജാ ഭരണാധികാരിയുടെ കേരള സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിക്കു തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാർജാ സുൽത്താൻ കേരളത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ സ്വീകരിക്കാൻ മുന്നിൽ നിന്നത് സ്വപ്നയായിരുന്നു. യു.എ.ഇ കോൺസുലേറ്റ് കേരളത്തിൽ നടത്തുന്ന പരിപാടികളിലെല്ലം, യു.എ.ഇയുടെ മുഖമായി വിലസിയതും സ്വപ്ന തന്നെ. കോൺസുലേറ്റിന്റെ ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും അടക്കമുള്ളവരെ വരവേറ്റതും സ്വപ്നയായിരുന്നു. ദുബായിലെ ജോലി പരിചയവും അറബ് അടക്കം വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള മികവുമാണ് അവിടെയെല്ലാം സ്വപ്നയ്ക്ക് തുണയായത്. ഇപ്പോൾ സ്വപ്ന തന്നെ അന്നത്തെ കള്ളക്കളികളെല്ലാം വിളിച്ചുപറയുകയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങാൻ സുൽത്താനുമായി പിണറായി നടത്തിയ രഹസ്യചർച്ചകളുടെ വിവരങ്ങൾ സ്വപ്ന പുറത്തുവിട്ടത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.