ദോഹ: മുഹമ്മദുണ്ണി ഒളകരക്ക് ഹോണററി ഡോക്ടറേറ്റ്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലം ഗൾഫിലും നാട്ടിലും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ടോംഗോയിലെ കോമൺവെൽത്ത് വൊക്കേഷണൽ യൂണിവേഴ്സിറ്റിയാണ് മുഹമ്മദുണ്ണി ഒളകരക്ക് ഹോണററി ഡോക്ടറേറ്റ് നൽകിയത്. ദുബൈ ഡബ്ല്യു ഹോട്ടലിൽ നടന്ന ബിരുദ ദാന ചടങ്ങിൽ പ്രൊഫ. അഫ്താബ് അൻവർ ശൈഖും പ്രോ. വൈസ് ചാൻസിലർ പ്രൊഫ. രാഗേഷ് മിത്തലും ചേർന്നാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക വളർച്ചക്ക് മുഹമ്മദുണ്ണി ഒളകര നൽകിയ സംഭാവനകൾ ശ്ലാഘനീയമാണെന്ന് യുണിവേഴ്സിറ്റി പ്രോ. ചാൻസിലർ പ്രൊഫ. അഫ്താബ് അൻവർ ശൈഖ് അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ ഒളകര സ്വദേശിയായ മുഹമ്മദുണ്ണി ഒളകര. യു.എ.ഇയിലും ഖത്തറിലുമായി നാല് പതിറ്റാണ്ടിലേറെ കാലം സജീവമായി സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ, ഡൽഹി പബ്ലിക് സ്‌ക്കൂൾ, നേബിൾ ഇന്റർനാഷണൽ സ്‌ക്കൂൾ, കംഗാരു കിഡ്, എന്നിവയുടെ സ്ഥാപകാംഗമായ അദ്ദേഹം നാട്ടിൽ ഹൊറൈസൺ സ്‌ക്കൂൾ, സൽ സബീൽ പബ്ലിക് സ്‌ക്കൂൾ, മുണ്ടൂർ അൽ അസ്ഹർ പബ്ലിക് സ്‌ക്കൂൾ, ഫ്ളോറൻസ പബ്ലിക് സ്‌ക്കൂൾ, ടാലന്റ് പബ്ലിക് സ്‌ക്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. സുഹറയാണ് ഭാര്യ, ഷെറീൻ, റഷീൻ എന്നിവർ മക്കളാണ്.