- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കാലം മുതലുള്ള പ്രണയം; സാമ്പത്തികമായി അൽപം ഉയർന്ന കാമുകീ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കല്യാണം; താലി ചരടിന് മൂന്ന് മാസത്തെ ആയുസ് മാത്രമെന്ന് മകളോട് പറഞ്ഞ അച്ഛൻ; വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന്റെ തലേദിവസം അനീഷിനെ വെട്ടിക്കൊന്ന ദുരഭിമാനം; പ്രഭുകുമാറും സുരേഷും അറസ്റ്റിൽ; തേൻകുറിശ്ശിയിലേതും കെവിൻ മോഡൽ കൊല
തേൻകുറിശ്ശി : പാലക്കാട്ടെ തേൻകുറിശ്ശിയിൽ സംഭവിച്ചതും കെവിൻ മോഡൽ കൊല. ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. 2017 മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിൻ ദുരഭിമാന കൊലക്ക് ഇരയായത്. അതുവരെ ദുരഭിമാനകൊല ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും മാത്രമുള്ള ഒന്നാണെന്ന് വിശ്വസിച്ചിരുന്ന മലയാളി സമൂഹത്തെ കെവിന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കെവിൻ-നീനു പ്രണയ വിവാഹത്തിന്റെ പേരിൽ നീനുവിന്റെ വീട്ടുകാർക്കുള്ള ജാതീയമായ എതിർപ്പാണ് അരുംകൊലയിൽ കലാശിച്ചത്. ഇതു തന്നെയാണ് തേൻകുറിശ്ശിയിലും ഉണ്ടായത്.
ദളിത്‌ക്രൈസ്തവ വിഭാഗത്തിൽ പെട്ട കെവിൻ നീനുവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോകൽ. നീനുവിന്റെ സഹോദരനും സംഘവും കെവിനെ തട്ടിക്കൊണ്ട് പോയതിനുശേഷം ദിവസങ്ങൾ കഴിഞ്ഞ് തെന്മല ചാലിയേക്കരയിലെ പുഴയിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്റെ മൊഴിയായിരുന്നു കേസന്വേഷണത്തിൽ വെളിച്ചമായത്. വിചാരണയ്‌ക്കൊടുവിൽ നീനുവിന്റെ സഹോദരൻ അടക്കമുള്ളവരെ ശിക്ഷിച്ചു. എന്നാൽ അച്ഛനെ വെറുതെ വിട്ടു. ഇത്തരം കൊള്ളരുതായ്മകൾ ഇപ്പോഴും നടക്കുന്നതിന് തെളിവാണ് തെങ്കുറിശി സംഭവം.
തേൻകുറിശിയിൽ മൂന്നു മാസം മുമ്പാണ് കൊല്ലൻ സമുദായത്തിൽപ്പെട്ട അനീഷും പിള്ള സമുദായത്തിൽപ്പെട്ട പെൺകുട്ടിയും തമ്മിൽ വിവാഹിതരായത് .പ്രണയ വിവാഹമായിരുന്നു .പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിനോട് എതിർപ്പായിരുന്നു. വിവാഹത്തിനു ശേഷം രണ്ടു വട്ടം പെൺകുട്ടിയുടെ വീട്ടുകാർ അനീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയി.ക്രിസ്തുമസ് ദിവസം ഉച്ചയോടെ അനിഷ് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മാനാം കുളമ്പ് എന്ന സ്ഥലത്തു വെച്ച് പെൺകുട്ടിയുടെ അച്ഛൻ പ്രഭു ,അമ്മാവൻ സുരേഷ് എന്നിവർ വെട്ടി കൊല്ലുകയായിരുന്നു.
അനീഷിന്റെ കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനീഷിനെ പ്രഭു കുമാറാണ് വെട്ടിക്കൊന്നത്. മരണം ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ ആരോപണം. കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാൻ കഴിയൂ എന്നാണ് പാലക്കാട് ഡിവൈഎസ്‌പി പറഞ്ഞു.
അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെ സഹോദരൻ അരുൺ പറഞ്ഞു. 'അവർ ബൈക്കിൽ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു', അരുൺ പറഞ്ഞു. മൂന്നുമാസം മുൻപാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നുമാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു.
പാലക്കാട്ടെ തേൻകുറിശ്ശിയിൽ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കിൽ പോവുകയായിരുന്നു. സമീപത്തെ കടയിൽ സോഡ കുടിക്കാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സ്‌കൂൾ കാലം മുതലുള്ള പ്രണയത്തിനൊടുവിലാണ് അനീഷും ഹരിതയും ഒരുമിച്ചത്. പക്ഷേ വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന്റെ തലേദിവസം അനീഷിനെ കൊല്ലുകയായിരുന്നു. പ്രഭുകുമാറാണ് കൊലയുടെ ആസൂത്രകനെന്നും അനീഷിനു നേരത്തേ ഭീഷണിയുണ്ടായിരുന്നെന്നും പിതാവ് അറുമുഖൻ പറയുന്നു. ഹരിതയുടെ ബന്ധുക്കൾ പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും അറുമുഖൻ പറഞ്ഞു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. അന്നു നടപടിയെടുത്തിരുന്നെങ്കിൽ ഇന്ന് അനീഷ് ജീവനോടെയുണ്ടാകുമായിരുന്നു.
വ്യത്യസ്ത ജാതിയിൽപെട്ട അനീഷും ഹരിതയും മൂന്നു മാസം മുൻപാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ഹരിതയുടെ കുടുംബം സാമ്പത്തികമായി അൽപം ഉയർന്നതാണ്. ഹരിതയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് അനീഷ് മുൻപ് പ്രഭുകുമാറിനെ സമീപിച്ചിരുന്നു. അതിനെച്ചൊല്ലി വഴക്കുകളുമുണ്ടായി. അതിനു പിന്നാലെയായിരുന്നു വിവാഹം. തന്റെ അമ്മാവൻ സുരേഷ് ഒരുതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയും ഫോൺ എടുത്തുകൊണ്ടുപോകുകയും ചെയ്‌തെന്ന് ഹരിത പറയുന്നു. ജാതി, സാമ്പത്തിക വ്യത്യാസങ്ങളാണ് കൊലയ്ക്കു കാരണമെന്ന് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ