കൊല്ലം: ബീച്ചിന് സമീപത്തെ പാർക്കിലെ കുതിരയെ ജോലിക്കാരൻ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കൊല്ലം ബീച്ചിന് സമീപത്തെ പാർക്കിലെ കുതിരയെ പരിപാലകൻ തല്ലുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇന്നലെ ഉച്ചയോടെ ബീച്ചിനുള്ളിൽ വച്ച് പരിചരിക്കാൻ എത്തിയ ബംഗാളി യുവാവ് ഹുസൈൻ കുതിരയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ബീച്ചിലെത്തിയ നിയാസ് എന്ന യുവാവ് പകർത്തി എം ടി.വി എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ നൽകുകയായിരുന്നു.

ഈ ഗ്രൂപ്പിലെ  അംഗം ദൃശ്യങ്ങൾ മറുനാടൻ മലയാളി ലേഖകന് കൈമാറി. ഇതിനിടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ബീച്ച് പാർക്കിലേക്ക് കാര്യം അന്വേഷിച്ച് കൂടുതൽ ആളുകൾ എത്തുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികൾ പ്രതികൂലമാണെന്ന് മനസ്സിലാക്കായ ഹുസൈൻ ഇവിടെ നിന്നും മുങ്ങി. ഇതിനിടെ കൊല്ലം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടർ പി.അജിത്തും സംഘവും പ്രത്യേക ആംബുലൻസുമായി പാർക്കിലെത്തുകയും മർദ്ദനമേറ്റ കുതിരയെ പരിശോധിക്കുകയും ചെയ്തു. ജീവന് ഹാനിയാകുന്ന തരത്തിൽ മർദ്ദനമേറ്റിട്ടില്ല എന്ന് പരിശോധനയിൽ വ്യക്തമായി.

പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുതിരയെ ശുശ്രൂഷിക്കാനായി എത്തിയതായിരുന്നു ബംഗാൾ സ്വദേശിയായ ഹുസൈൻ. ഇയാൾ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ എന്ന് പാർക്കിന്റെ നടത്തിപ്പുകാരൻ രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കുളിപ്പിക്കാനായി കുതിരയെ അഴിച്ചപ്പോൾ കുതറി ഓടിയെന്നും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നതായും ഇതിനെ തുടർന്നാണ് ഹുസൈൻ പ്രകോപിതനായതെന്നും രാജേഷ് പറഞ്ഞു.

എന്നാൽ കുതിരയെ ഉപദ്രവിച്ചത് വലിയ ചർച്ചയായതോടെ ഹുസൈനെ ജോലിയിൽ നിന്നും പുറത്താക്കിയതായി രാജേഷ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ മിണ്ടാപ്രാണിയെ നിഷ്ഠൂരമായി തല്ലിച്ചതച്ചതിന് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇത് ചെയ്തയാളെയും ഇങ്ങനെ തന്നെ ചെയ്യണമെന്നാണ് ഭൂരിഭാഗം ആൾക്കാരുടെയും പ്രതികരണം. ദൃശ്യങ്ങളിൽ ഹുസൈൻ കുതിരയെ വലിയ വടി ഉപയോഗിച്ച് തല്ലുന്നതായാണ് കാണുന്നത്.