ലണ്ടൻ: കോച്ച് ഹോസെ മൗറീന്യോയെ മാഞ്ചെസ്റ്റർ യുണൈറ്റഡ് പുറത്താക്കി. പുതിയ സീസണിൽ യുണൈറ്റഡിന്റെ മോശം പ്രകടനം തുടർക്കഥയായ സാഹചര്യത്തിലാണ് ക്ലബ്ബിന്റെ തീരുമാനം. ഈ സീസൺ അവസാനം വരെ ഒരു താൽക്കാലിക മനേജരെ നിയമിക്കുമെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. പോൾ പോഗ്ബ അടക്കമുള്ള പ്രമുഖ താരങ്ങളുമായി മൗറീന്യോയുടെ ബന്ധം വഷളാകുന്നതും പ്രശ്നം സങ്കീർണമാക്കി. കഴിഞ്ഞ ദിവസം ആൻഫീൽഡിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് ലിവർപൂളിനോട് തോറ്റത്. തുടരെ തോൽവികളായതോടെ മുൻ താരങ്ങളും മൗറിഞ്ഞോക്ക് എതിരെ രംഗത്ത് വന്നിരുന്നു

സീസണിൽ 17 മത്സരങ്ങളിൽ നിന്ന് ഏഴു ജയവും അഞ്ചു സമനിലയും അഞ്ചു തോൽവിയുമായി 26 പോയിന്റോടെ ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. കഴിഞ്ഞ 29 വർഷത്തിനിടെ ക്ലബ്ബിന്റെ ഏറ്റവും മോശം തുടക്കവും ഈ സീസണിലായിരുന്നു. 17 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളാണ് ടീം വഴങ്ങിയത്. ലീഗിൽ ആദ്യ 15 സ്ഥാനത്തുള്ള ടീമുകളിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയതും യുണൈറ്റഡാണ്.

മൗറീന്യോയുമായുള്ള ബന്ധം മോശമായതിനാൽ കഴിഞ്ഞ ലീഗ് കപ്പ് മത്സരത്തിനുമുമ്പ് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ പോൾ പോഗ്ബയെപ്പോലുള്ള മുതിർന്ന താരങ്ങൾ പരിശീലകനുമായി ഒട്ടും സുഖത്തിലുമായിരുന്നില്ല. 2016-ലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2016ൽ ആണ് ലൂയി വാൻ ഗാളിന്റെ പിൻഗാമിയായി മൗറീഞ്ഞോ എത്തിയത്.