കുവൈത്ത്: രാജ്യത്തെ വിദേശികൾക്ക് ഒക്ടബോർ മുതൽ ചികിത്സാ ചെലവ് കുത്തനെ ഉയരും. ആശുപത്രികളിൽ ചികിൽസാ ഫീസ് വർധനവ് ഒക്ടോബർ മുതൽ പ്രാബല്യത്തിലാകുമെന്ന്ആ രോഗ്യ മന്ത്രാലയം അറിയിച്ചു.മരുന്നുകളുടെയും മറ്റ് ചികിത്സാ സേവനങ്ങളുടെയും നിരക്കുകൾ കുത്തനെ വർധിച്ച സാഹചര്യത്തിലാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ചികിത്സാ ഫീസിനുള്ള പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വിദേശികൾക്കും സന്ദർശകർക്കും ചികിത്സാ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാൻ സാങ്കേതിക കമ്മിറ്റി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാ
നത്തിലാണ് ഫീസ് വർധനവ്.

1993 നുശേഷം രാജ്യത്ത് ചികിത്സാ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചിട്ടില്ല. സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ഫീസ് വർധിപ്പിക്കാനാണ് ഒന്നാമത്തെ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദേശികൾക്കുള്ള ഫീസ് വർധിപ്പിക്കാനുള്ളതാണ് രണ്ടാമത്തെ തീരുമാനം.എന്നാൽ, മാനുഷികവും സാമൂഹികവുമായ പരിഗണനകൾ അനുസരിച്ച് ചില കേസുകളിൽ ഫീസ് വർധന നടപ്പാക്കില്ല.

കാൻസർ ബാധിച്ച 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ,കെയർ ഹോമുകളിലെ അന്തേവാസികൾ, സാമൂഹിക സംരക്ഷണ സദനങ്ങളിലെ അന്തേവാസികൾ, അന്ധരായ രോഗികൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവർക്ക് ഫീസ് വർധനയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ചികിത്സാ സേവനങ്ങൾക്കുള്ള ഫീസിൽ വർധന നടപ്പാക്കുന്നുണ്ടെങ്കിലും വാർഷിക ആരോഗ്യ ഇൻഷുറൻസ് തുകയിൽ മാറ്റമൊന്നുമില്ല. വിദേശികൾക്ക് 50 ദിനാറും ഭാര്യയ്ക്ക് 40 ഉം കുട്ടികൾക്ക് 30 ദിനാർ വീതവുമാണ് നിലവിലെ ഇൻഷുറൻസ് തുക.