തിരുവനന്തപുരം: പൊതുജനങ്ങളുടെകണ്ണിൽ കേരളത്തിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചിരിക്കയാണ്. മുഖ്യമന്ത്രി പറഞ്ഞതു പ്രകാരം സ്വകാര്യ ആശുപത്രികൾ ശമ്പളം നൽകാൻ തയ്യാറാകും എന്ന് കരുതുന്നവരും ഏറെയാണ്. എന്നാൽ, നഴ്‌സിങ് സമൂഹത്തെ സംബന്ധിച്ചടത്തോളം കടുത്ത ആശങ്കയാണ് പുതിയ കരാർ നിലവിൽ വന്നപ്പോഴും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകില്ലെന്നതാണ് നഴ്‌സുമാരുടെ സമരം വെറുതേയാകുമെന്ന ആശങ്ക ശക്തമാകാൻ ഇടയാക്കിയത്. നിലവിൽ അൻപതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മൊത്തശമ്പളം 20,000 രൂപയായി ഉയർത്തിയതിന്റെ ഗുണം ലഭിക്കുന്നത് അയ്യായിരത്തോളം പേർക്ക് മാത്രമാണ്. സർക്കാർ നിർദേശപ്രകാരം ആറു കിടക്കകൾക്ക് ഒരു നഴ്‌സാണു വേണ്ടത്.

നിലവിൽ പോളി ക്ലിനിക് മുതൽ 50 കിടക്കകൾ വരെയുള്ള രണ്ടായിരത്തോളം ആശുപത്രികൾ സംസ്ഥാനത്തുണ്ട്. ഇവയിൽ ഭൂരിഭാഗം സ്ഥലത്തും നഴ്‌സിങ് കോഴ്‌സ് പഠിച്ചിറങ്ങി നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നോ രണ്ടോ നഴ്‌സുമാരേയുള്ളൂ. മറ്റുള്ളവരെല്ലാം സഹായിയായി വന്നു 'നഴ്‌സ്' ആയവരാണ്. വർധിപ്പിച്ച ശമ്പളം ഇവർക്കു ബാധമാകില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലവിലെ വേതന വർദ്ധനവ് കൊണ്ട് ഗുണം ലഭിക്കുക ചുരുങ്ങിയ വിഭാഗത്തിന് മാത്രമേയുള്ളൂ.

സ്വകാര്യമേഖലയിൽ ഒന്നര ലക്ഷം നഴ്‌സുമാർ ജോലി ചെയ്യുന്നുവെന്നാണു കണക്ക്. കൃത്യമായ കണക്ക് ആരുടെയും കൈവശമില്ല. നിയമന ഉത്തരവു ലഭിച്ചവരും അല്ലാത്തവരും ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. നല്ലൊരുഭാഗം പേർ വർഷങ്ങളായി ട്രെയിനിയായി തുടരുന്നു. അതിനാലാണു ക്രോഡീകരിച്ച കണക്കു ലഭ്യമല്ലാത്തത്. കഴിഞ്ഞ ദിവസം ചർച്ചയ്ക്കു മുൻപു മുഖ്യമന്ത്രി നഴ്‌സുമാരുടെ കണക്ക് അന്വേഷിച്ചപ്പോഴും ഊഹക്കണക്കേ ഉള്ളൂവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

സ്വകാര്യമേഖലയിൽ അൻപതു കിടക്കകൾക്കു മുകളിലുള്ള 1200 ആശുപത്രികളുണ്ട്. ഇതിൽ 200 വരെ കിടക്കകളുള്ളത് 800 ആശുപത്രികളിൽ. മുന്നൂറിനു മേൽ കിടക്കകൾ വർധിക്കുന്നതു പലതരത്തിലും അധികച്ചെലവുണ്ടാക്കും. 300 കിടക്കകൾക്കു മുകളിലാകുമ്പോൾ മാനേജ്‌മെന്റുകൾ അതിനെ മറ്റൊരു ആശുപത്രിയായി രജിസ്റ്റർ ചെയ്യുന്നതാണു പതിവ്. ചിലർ 200 കിടക്കകൾ വീതം രണ്ട് ആശുപത്രിയാക്കും.

കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചെങ്കിലും നഴ്‌സുമാരുടെ സമരം ശുഭപര്യവസായിയായെങ്കിലും പുതുക്കിയ ശമ്പളം കൈയിൽ കിട്ടാൻ ഇനിയും കടമ്പകൾ കടക്കണം. ഈ തീരുമാനം അംഗീകരിക്കാത്ത ആശുപത്രികൾ കോടതിയെ സമീപിക്കാനും ഇടയുണ്ട്. ചുരുക്കത്തിൽ സമരം വിജയകരമായി മാറണമെങ്കിൽ ഒരുപാട് കടമ്പകൾ അവശേഷിക്കുന്നുണ്ട്. മിനിമം വേജസ് അഡൈ്വസറി സമിതി വിജ്ഞാപനം വന്ന ശേഷം മാത്രമേ ശമ്പളം പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ. മിനിമം വേജസ് കമ്മിക്ക് മുമ്പാകെയാവും ഈ വിഷയം വീണ്ടുംവരുമ്പോൾ മാനേജുമെന്റുകൾ തങ്ങളുടെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണറിയുന്നത്.

മുഖ്യമന്ത്രി നടത്തിയത് ഏകപക്ഷീയമായ പ്രഖ്യാപനമാണെന്നും സ്വകാര്യ മേഖലകളിലെ ശമ്പളം ഉയർത്താൻ സർക്കാറിന് അധികാരമില്ലെന്നുമാണ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പറയുന്നത്. തങ്ങളുടെ അഭിപ്രായം ചെവിക്കൊള്ളാതെ മാധ്യമങ്ങളെ വിളിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചേരുന്ന മിനിമം വേജസ് അഡൈ്വസറി സമിതിക്ക് മുമ്പാകെ തങ്ങൾ ഈ വിഷയം അവതരിപ്പിക്കും. 50 ശതമാനം വർധനയാണ് തുടക്കത്തിൽ നഴ്‌സുമാർ ആവശ്യപ്പെട്ടത്. എന്നാലിപ്പോൾ 115 ശതമാനം നൽകണമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അത് തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

അതത് കാലത്തെ ജീവിത സൂചിക അനുസരിച്ചാണ് മിനിമം വേതനം ഉയർത്തുന്നത്. സുപ്രീംകോടതി പറഞ്ഞത് ഡൽഹിയിലെ ജീവിത സൂചിക അനുസരിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച രാവിലെ നടന്ന മിനിമം വേജസ് കമ്മിറ്റിയുടെയും വ്യവസായ ബന്ധസമിതിയുടെയും (ഐ.ആർ.സി) യോഗതീരുമാനമായിരുന്നു അംഗീകരിക്കേണ്ടിയിരുന്നത്. അതിൽ ആദ്യം നിശ്ചയിച്ച 17,200 എന്ന കുറഞ്ഞ ശമ്പളംതന്നെയായിരുന്നു തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.20,000 രൂപ കുറഞ്ഞശമ്പളമെന്നത് സർക്കാറിന്റെ നിർദേശമായി ഈ സമിതി പരിഗണിക്കും. മാനേജ്‌മെന്റുകളുടെ കൂടി ഭാഗം കേട്ടശേഷമാകും സമിതി വിജ്ഞാപനം ഇറക്കുക.

മിനിമം വേജസ് കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അഞ്ചുവർഷമാണ് കാലാവധി. 2014നു ശേഷം നഴ്‌സുമാരുടെ വേതനം പുതുക്കിയിട്ടില്ല. എന്നാൽ, 2013ൽ യു.ഡി.എഫ് ഭരണകാലത്ത് നഴ്‌സുമാർ സമരവുമായി രംഗത്തുവന്നപ്പോൾ അന്നത്തെ തൊഴിൽ മന്ത്രി ഷിബു ബേബിജോൺ അടിസ്ഥാന ശമ്പളം പുതുക്കി. എന്നാൽ, മിനിമം വേജസ് കമ്മിറ്റി ശിപാർക്ക് 2014വരെ കാലാവധി ഉണ്ടായിരുന്നതിനാൽ ആ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. അതോടെ നഴ്‌സുമാരുടെ മിനിമം വേജസ് പുതുക്കൽ ഉണ്ടായില്ല. പിന്നീട് സുപ്രീംകോടതി നിർദ്ദേശം വന്നതോടെയാണ് വീണ്ടും വിഷയം ചർച്ചയായത്.

അതേസമയം, സർക്കാർ പ്രഖ്യാപനം വന്നതുമുതലുള്ള വേതനം മാനേജ്‌മെന്റുകൾ നൽകാൻ ബാധ്യസ്ഥരാണെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മിനിമം വേജസ് അഡൈ്വസറി സമിതി മാനേജ്‌മെന്റുകളുടെ അഭിപ്രായം ആരായും. പക്ഷേ, സർക്കാർ പ്രഖ്യാപനം അവർക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ സമരം വിജയമാണെങ്കിലും സർക്കാറും ആശുപത്രികളും മനസുവച്ചാൽ മാത്രമേ നഴ്‌സുമാർക്ക് ശമ്പളം വർദ്ധിപ്പിച്ചു ലഭിക്കുകയുള്ളൂ. ശമ്പളം വർദ്ധിപ്പിക്കില്ലെന്ന് ആശുപത്രികൾ ഉറപ്പിച്ചു പറഞ്ഞതോടെ നഴ്‌സുമാരുടെ ഐക്യത്തിൽ നടത്തിയ ഐതിസാഹിക സമരമാണ് സംശയത്തിലാകുന്നത്.