ഡബ്ലിൻ: പബ്ലിക് ആശുപത്രികളിൽ സ്റ്റാഫുകളുടെ ശുചിത്വമില്ലായ്മ രോഗികളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി ഹിക്വ (ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അഥോറിറ്റി) റിപ്പോർട്ട്. ഹെൽത്ത് കെയർ സ്റ്റാഫുകൾ കൈകൾ വൃത്തിയായി സൂക്ഷിക്കാത്തത് രോഗങ്ങൾ പടരുന്നതിനും ചികിത്സ തേടി ആശുപത്രിയിലെത്തിയിരിക്കുന്ന രോഗികളെ കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നതിനും കാരണമാക്കുന്നു. അതുപോലെ തന്നെ ആശുപത്രി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്റ്റാഫുകൾ കാട്ടുന്ന അലംഭാവം രോഗികളുടെ ജീവനു തന്നെ ഭീഷണി ഉയർത്തുമെന്ന് ഹിക്വ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒരു വർഷമായി പബ്ലിക് ആശുപത്രികളിൽ ഹിക്വ നടത്തി വരുന്ന പരിശോധനയിൽ മിക്കയിടങ്ങളിലും നാഷണൽ ഇൻഫെക്ഷൻ പ്രിവെൻഷൻ ആൻഡ് കൺട്രോൾ സ്റ്റാൻഡേർഡ്‌സ് സൂക്ഷിക്കുന്നുണ്ടെങ്കിലും സ്റ്റാഫുകളുടെ കൈകളുടെ ശുചിത്വത്തിലും പരിസര ശുചീകരണത്തിലും കൂടുതൽ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

2014 ഫെബ്രുവരിക്കും 2015 ജനുവരിക്കും ഇടയിൽ 49 ഇടങ്ങളിലായി 54 പരിശോധനകളാണ് ഹിക്വ നടത്തിയത്. ഇതിൽ അഞ്ച് ആശുപത്രികളിലെ അവസ്ഥ തീരെ മോശമായതിനെത്തുടർന്ന് റീ ഇൻസ്‌പെക്ഷനും ഹിക്വ നടത്തിയിരുന്നു. മിക്കയിടങ്ങളിലും രോഗികളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള അവസ്ഥയാണ് ഹിക്വ കണ്ടെത്തിയത്. തുടർന്ന് 49 ആശുപത്രികളിൽ ഏഴു ആശുപത്രികൾക്ക് ഹൈ റിസ്‌ക് കത്തു നൽകാനും ഹിക്വ തയാറായി.

ഇതിൽ സ്റ്റാഫുകളുടെ കൈകളുടെ വൃത്തിയിലും ആശുപത്രി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള രീതിയിലും ഗൗരവകരമായ വീഴ്ചകൾ കണ്ടെത്തിയ ആശുപത്രികളിലാണ് ഹൈ റിസ്‌ക് കത്തുകൾ നൽകിയത്. നിയോ നേറ്റൽ ഇന്റൻസീവ് കെയർ, റീനൽ ഡയാലിസിസി, ഓപ്പറേഷൻ തിയേറ്ററുകൾ എന്നീ മേഖലകളും ആദ്യമായി കഴിഞ്ഞ വർഷം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

മിക്കയിടങ്ങളിലും രോഗികൾക്കുള്ള ഉപകരണങ്ങൾ വേണ്ടവിധത്തിൽ ശുചിയാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കമോഡുകൾ, മാട്രസുകൾ, ബെഡ് കവറുകൾ, ബ്ലഡ് ഷുഗർ മോണിട്ടറിങ് കിറ്റ് തുടങ്ങിയ പൊതുവായി ഉപയോഗിക്കുന്ന വസ്തുക്കൾ വേണ്ടത്ര ശുചിയാക്കാതെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ രോഗികൾ പലരും കൈകാര്യം ചെയ്യുന്ന വസ്തുക്കൾ വേണ്ട രീതിയിൽ അണുവിമുക്തമാക്കാതെ ഉപയോഗിക്കുന്നതിനാൽ പലർക്കും പകർച്ചവ്യാധികൾ പിടിപെടുമെന്നും ഹിക്വ മുന്നറിയിപ്പു നൽകുന്നു.