ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിലെ എമർജൻസി വിഭാഗത്തിൽ ട്രോളിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 9,600 കവിഞ്ഞതായി റിപ്പോർട്ട്. ഫെബ്രുവരി മാസത്തെ കണക്കു പ്രകാരം ആശുപത്രികളിൽ രോഗികളുടെ ബാഹുല്യം നിയന്ത്രണാതീതമാണെന്നാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡി വൈഫ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. ട്രോളി രോഗികളുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരി മാസത്തെക്കാൾ 33 ശതമാനവും 2013 ഫെബ്രുവരി മാസത്തെക്കാൾ 75 ശതമാനവും കൂടുതലാണെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത ശേഷം കഴിഞ്ഞ മാസം 9,657 രോഗികൾ ട്രോളിയിൽ കഴിയുന്നതായാണ് റിപ്പോർട്ട്. ഇതിൽ ബോമോണ്ട് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളിയിലുള്ളത്. ഇവിടെ മാത്രം 769 പേരാണ് ബെഡ് കാത്ത് ട്രോളിയിൽ കിടക്കുന്നത്. ആശുപത്രികളിൽ കൂടുതൽ കിടക്ക അനുവദിക്കാനുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രികളിൽ ട്രോളിയിൽ കഴിയുന്ന രോഗികളുടെ എണ്ണം തിട്ടപ്പെടുത്തിയത്.

ആശുപത്രികളിൽ ഓവർ ക്രൗഡിങ് എത്രത്തോളം വ്യക്തമാക്കുന്നതാണ് ട്രോളി രോഗികളുടെ എണ്ണമെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ലിയാം ഡോറൻ വെളിപ്പെടുത്തി. ഈ പ്രശ്‌നം പരിഹരിക്കാൻ തക്ക നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ലിയാം ഡോറൻ ആഹ്വാനം ചെയ്തു. ആശുപത്രികൾക്ക് കൂടുതൽ കിടക്ക അനുവദിക്കക, കമ്യൂണിറ്റി നഴ്‌സിങ് സർവീസുകൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിനൊരു പരിഹാരമായി ചൂണ്ടിക്കാട്ടാവുന്നതെന്നും ഐഎൻഎംഒ ജനറൽ സെക്രട്ടറി വ്യക്തമാക്കി.