കോതമംഗലം: സ്വകാര്യ വ്യക്തി സ്വന്തം പുരയിടത്തിൽ ആശുപത്രി മാലിന്യം തള്ളി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.കോട്ടപ്പടി പഞ്ചായത്തിലെ ആയപ്പാറയിൽ തേക്കുംക്കുടി വീട്ടിൽ ടി വി പൗലോസിന്റെ ഉടമസ്ഥയിലുള്ള പുരയിടത്തിലെ പാറക്കുഴിയിലാണ് മാലിന്യം തള്ളിയത്.

സ്ഥല ഉടമയുടെ ഒത്താശയോടെ മണ്ണ് മാഫിയ ലോഡ് കണക്കിന് ആശുപത്രി മാലിന്യം തള്ളുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വിരിപ്പക്കാട്ട് ചിറയിലേക്ക് പി വി ഐ പി ഹൈ ലെവൽ കനാലിൽ നിന്നും വെള്ളം വരുന്ന തോടിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്ന പാറക്കുഴി സ്ഥിതി ചെയ്യുന്നത്.

മഴ പെയ്താൽ മാലിന്യം ഒലിച്ചിറങ്ങി വിരിപ്പക്കാട്ട് ചിറയിൽ ചെല്ലാനുള്ള സാദ്ധ്യത ഏറെയാെണെന്നും ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പാറക്കുഴി നികത്താൻ മണ്ണടിക്കുന്നതാണെന്ന് അയൽവാസികളെ ധരിപ്പിച്ചതിന് ശേഷം രാത്രിയാണ് മാലിന്യം നിക്ഷേപിച്ചെതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.