ആലപ്പുഴ: ആശുപത്രി വേസ്റ്റുകൾ അതത് ആശുപത്രികളിൽ തന്നെ കത്തിച്ചുകളയണമെന്നാണ് വ്യവസ്ഥ. എന്നാൽ കൂണുപോലെ പൊട്ടിമുളച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഉൾപ്പെടെ മിക്ക ആശുപത്രികളിലും അത്തരമൊരു സൗകര്യം ഇല്ല. അത് നിർബന്ധമായും ഉണ്ടാവണമെന്നാണ് വ്യവസ്ഥയെങ്കിലും. ഇപ്പോൾ ഒരു വീട്ടമ്മ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ആലപ്പുഴ മാരാരിക്കുകളം സ്വദേശിനിയായ ശ്രീമോൾ എന്ന വീട്ടമ്മ നടത്തിയ വിനോദയാത്രയ്ക്കിടെയാണ് ഉണ്ടായ സംഭവം എല്ലാർക്കും ഒരു മുന്നറിയിപ്പാണ്. ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ കുട്ടി ഒരു പാവ കണ്ട് കൊതിച്ച് അതിനായി വാശിപിടിച്ചു. അങ്ങനെയാണ് ആ പാവയെ വാങ്ങുന്നത്. പക്ഷേ അപ്പോൾ വലിയൊരബദ്ധം ആ വീട്ടമ്മ പ്രതീക്ഷിച്ചില്ല. പക്ഷേ, വീട്ടിലെത്തിയതിന് പിന്നാലെ വീട്ടിലൊരു ദുർഗന്ധം. പരിശോധിച്ചപ്പോൾ പുതുതായി വാങ്ങിയ പാവയ്ക്കുള്ളിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലായി. പരിശോധിച്ചപ്പോൾ ശ്രീമോൾ ഞെട്ടിപ്പോയി. ടെഡി ബെയറിനുള്ളിൽ കണ്ട വസ്തുക്കൾ വീട്ടമ്മയെ മാത്രമല്ല എല്ലാവരേയും അമ്പരപ്പിച്ചു.

പഞ്ഞി നിറച്ചുണ്ടാക്കുന്നത് എന്ന് പ്രതീക്ഷിച്ച് തുറന്ന പാവയ്ക്കുള്ളിൽ കണ്ടത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാൻഡ് എയ്ഡും. ആശുപത്രികളിൽ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളിൽ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്. ഉപയോഗിച്ച സാനിറ്ററി പാഡുൾപ്പെടെ ശേഖരിച്ച് കൊണ്ടുപോകുന്ന ഏജൻസികൾ അവ കൈമാറുന്നത് ഇത്തരത്തിൽ പാവ നിർമ്മിക്കുന്ന ഏജൻസികൾക്ക് ആണെന്ന വിവരങ്ങൾ ഇടക്കാലത്ത് ചർച്ചയായിരുന്നു.

ഏതായാലും ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീമോൾ ഇക്കാര്യം സോഷ്യൽമീഡിയയിൽ വീഡിയോ നൽകി പങ്കുവച്ചു. വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. പാവ തുറന്നതിന് പിന്നാലെ രൂക്ഷമായ ദുർഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാൻ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോൾ വീഡിയോയിൽ പറയുന്നു.

വയനാടിനും ഗൂഡല്ലൂരിനും ഇടയിൽ ഒരു വഴിക്കച്ചവടക്കാരനിൽ നിന്നാണ് വലുപ്പമുള്ള ടെഡി ബെയർ വാങ്ങിയത്. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കൽ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിയത്. ടൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുതൽ വീട്ടിൽ ഒരു അസ്വാഭാവികത. അസ്വസ്ഥത ഉണ്ടാക്കുന്ന ദുർഗന്ധം. ഇതോടെ പലതും പരിശോധിച്ചെങ്കിലും അപ്പോഴൊന്നും പുതിയ പാവയെ സംശയിച്ചില്ല. ദുർഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പാവ പരിശോധിച്ചത്. ഇതോടെയാണ് ഇത്തരമൊരു കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും വീട്ടമ്മ വീഡിയോയിൽ പറയുന്നു.