ഡബ്ലിൻ: രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിൽ സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട്. ഷെഫുമാർക്ക് ധാരാളം അവസരങ്ങൾ തുറന്നു കിടപ്പുണ്ട് എന്നതിനൊപ്പം തന്നെ മാനേജർമാർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, വെയിറ്റർമാർ, മറ്റു സ്റ്റാഫുകൾ എന്നിവർക്കും ഒട്ടേറെ അവസരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിലുള്ള ഡിമാൻഡ് അനുസരിച്ച് 2020- വരെയുള്ള സമയത്ത് ഏകദേശം അയ്യായിരത്തോളം ഷെഫുമാരുടെ ആവശ്യമുണ്ടെന്നാണ് ദ എക്‌സ്പർട്ട് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇപ്പോൾ വർഷം 1,800 പേർ വീതമാണ് ട്രെയിനിങ് പ്രോഗ്രാമുകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിൽ ജൂണിയർ തലത്തിലും മാനേജ്‌മെന്റ് തലത്തിലും ഒട്ടേറെ അവസരങ്ങളാണ് ഇപ്പോഴുള്ളത്. ടൂറിസം മേഖലയിലും പ്രൊഡക്ട് ഡെവലപ്‌മെന്റ് മേഖലയിലും ഷെഫുമാർക്കും അതുപോലുള്ളവർക്കും വൻ അവസരങ്ങളാണ് ഒരുങ്ങുന്നത്.

രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കൂടുതൽ പേർ കടന്നുവരുന്നതിന് സർക്കാർ തന്നെ പ്രോത്സാഹനം നൽകുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. നിലവിലുള്ള സ്റ്റാഫിനെ ഈ മേഖലയിൽ തന്നെ നിലനിർത്തിപോരാനും ഹോട്ടലുകളും മറ്റും പരിശ്രമിക്കുന്നുമുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലിനു വേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളതെങ്കിലും അതിന്റെ തോത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

രാജ്യത്ത് ഷെഫ് പോലെയുള്ള സ്‌കിൽഡ് ലേബറിന് ഷോർട്ടേജ് അനുഭവപ്പെടുന്നത് ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏറെ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.