കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സൂത്രധാരനെ പുറത്തുകൊണ്ടുവരണമെന്നുമുള്ള ആവശ്യം വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. നിയമപോരാട്ടം നടത്തി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ മാത്രമല്ല, ബിജെപിയും ഇക്കാര്യം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ചാരക്കഥയിലെ സൂത്രധാരൻ ആരെന്ന വിഷയത്തിൽ ഫ്്‌ളവേഴ്‌സ് ടിവിയുടെ ശ്രീകണ്ഠൻ നായർ ഷോയിൽ നാല് എപ്പിസോഡുകളിലായി നമ്പി നാരായണൻ അടക്കമുള്ള പ്രമുഖരെ ഉൾപ്പെടുത്തി സംവാദം നടത്തി.തന്നെയും,രാജ്യത്തിന്റെ അഭിമാന സ്ഥാപനത്തെയും കരിവാരി തേയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേസിന് പിന്നിൽ ഒരുസ്ൂത്രധാരൻ ഉണ്ടെന്നും അത് കണ്ടുപിടിക്കാൻ പുതിയ അന്വേഷണം വേണമെന്നുമാണ് നമ്പി നാരായണൻ ആവശ്യപ്പെടുന്നത്.

ഈ പുതിയ അന്വേഷണ സംഘത്തിൽ തന്നെ അറസ്റ്റ് ചെയ്ത സിബി മാത്യൂസിനെ ഉൾപ്പെടുത്തുന്നതിലും വിരോധമില്ലെന്ന ്‌നമ്പി നാരായണൻ പറയുന്നു. നമ്പി നാരായണനും സിബി മാത്യൂസും തമ്മിൽ കേസിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് നിലനിൽക്കുന്ന തർക്കങ്ങളും ഷോയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അഞ്ചു പ്രധാന ചോദ്യങ്ങളാണ് മുഖ്യമായി ഉയരുന്നത്. ചാരക്കേസ് ആരുടെയെങ്കിലും സൃഷ്ടിയാണെങ്കിൽ അതിന്റെ സൂത്രധാരൻ ആര്? ഇന്ത്യൻ ബഹിരാകാശരംഗത്തെ പുരോഗതിയെ തകർക്കാൻ അമേരിക്കൻ ചാര സംഘടന സി. ഐ. എ. നടപ്പാക്കിയ പദ്ധതിയാണോ ഈ ചാരക്കേസ്...? ആണെങ്കിൽ അത് ഇന്ത്യയിൽ നടപ്പാക്കാൻ അവർ ആരെയാണ് വിലക്ക് വാങ്ങിയത്?കെ. കരുണാകരനെതിരെയുള്ള രാഷ്ട്രീയ അട്ടിമറിക്ക് ആയുധമാക്കിയതാണോ ചാരക്കേസ്?

രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസിയും നീതിപീഠവും ചാരക്കേസ് നടന്നിട്ടില്ലെന്നും, അതിൽ കുറ്റക്കാരാണെന്ന് കേരള പൊലീസും ഇന്റലിജൻസ് ബ്യുറോയും കണ്ടെത്തിയവർ നിരപരാധികളാണെന്നും കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നൽകാതെയും ഇതിനു കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതും എന്തുകൊണ്ടാണ്?. ചാരക്കേസിന്റെ സത്യാവസ്ഥ കണ്ടെത്താൻ സത്യസന്ധമായ ഒരു പുനരന്വേഷണത്തിന്റെ ആവശ്യകത.

സിബി മാത്യൂസിന് ഇപ്പോൾ കുറ്റബോധമുണ്ടെന്നും, തന്നെ അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് വിഷമമാണെന്നും നമ്പി നാരായണൻ പറയുന്നു. എന്നാൽ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സിബി മാത്യൂസ് സിബിഐയുടെ കേസ് അന്വേഷണത്തിൽ ഇടപെടൽ നടന്നുവെന്നാണ് വിശ്വസിക്കുന്നത്. സുപ്രീം കോടതി ഇനി അന്വേഷണം വേണ്ടായെന്ന് ഉത്തരവിട്ടപ്പോഴാണ് നമ്പി നാരായണൻ ആരോപണങ്ങളുമായി രംഗത്ത് വന്നതെന്നും സിബി മാത്യൂസ് പറയുന്നു.എന്നാൽ, സിബി മാത്യൂസിന്റെ അന്വഷണം പ്രൊഫഷണൽ രീതിയിലായിരുന്നില്ലെന്നാണ് സിബിഐ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞതെന്നും ഷോയിൽ വെളിപ്പെടുത്തലുണ്ട്.

എല്ലാം സിബി മാത്യു ചെയ്താണെന്ന് പറയുന്നത് വ്യക്തിപരമായ വിരോധം കൊണ്ടാണെന്ന് സിബി മാത്യൂസ് ആരോപിക്കുന്നു.താൻ നമ്പി നാരായണനെ കൊടിയ പീഡനത്തിന് വിധേയമാക്കിയെന്ന ആരോപണവും അദ്ദേഹം തള്ളി. അതേസമയം,
ചാരക്കേസ് അന്വേഷിച്ച അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ഡോ. സിബി മാത്യൂസിന് ഇതിന്റെ സത്യാവസ്ഥ അറിയാമെങ്കിൽ ഇനിയെങ്കിലും തുറന്ന് പറയണം എന്ന ആവശ്യമാണ് ഈ ഷോയിലൂടെ നമ്പി നാരായണൻ മുന്നോട്ടു വെക്കുന്നത്.

'എന്നെ ഫേസ് ചെയ്യാൻ അങ്ങേർക്ക് പേടി.എന്റെ മുഖം നോക്കി സമ്മതിക്കാൻ അങ്ങേർക്ക് പേടി.എന്നെ കാണാൻ പേടി.ഇതാണ് സത്യാവസ്ഥ. അതുകൊണ്ടാണ് പുള്ളിയെ ബോദർ ചെയ്യുന്നത്.അതുകൊണ്ടാണ് പുള്ളി എന്റെ അടുത്ത് മാപ്പ് പറയാനാണെന്ന് പറഞ്ഞ് തിരിച്ചും മറിച്ചും പറയുക.അതുകൊണ്ട്ാമ് അങ്ങേര് സഫർ ചെയ്യുന്നത്.അതുകൊണ്ടാണ് അങ്ങേരുടെ വൈഫ് പൊട്ടിക്കരയുന്നത്.ഞാൻ പറയുന്നത് ഒരപേക്ഷ..ഇപ്പോഴെങ്കിലും പറഞ്ഞുതുലയ്ക്കണം.' അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്. പി. ബാബുരാജും, ഡി. വൈ. എസ്. പി. ജോഷ്വായും ചാരക്കേസ് അന്വേഷണത്തിൽ ഒരുപാട് വീഴ്ചകൾ പറ്റിയെന്ന് തുറന്ന് പറയുന്നതും ഈ പ്രത്യേക സാഹചര്യത്തിൽ പരിഗണിക്കേണ്ടതാണ്. നേരിട്ടുള്ള ഒരു സംസാരത്തിന് സിബി മാത്യൂസിനെ ക്ഷണിക്കുന്ന നമ്പി നാരായണൻ ഇനിയെങ്കിലും സത്യം പുറത്തുവരണമെന്ന ആഗ്രഹത്തിൽ പോരാട്ടം തുടരാനുള്ള പുറപ്പാടിലാണ്.

ഐഎസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം. എന്നാൽ റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നിൽ എന്നും ആരോപണമുണ്ട്.

കുറ്റാരോപിതർക്കെതിരായ മാധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടന്തങ്ങളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്ന ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവെച്ചു. ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സിബിഐ. ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്ത്ത്തള്ളുകയയായിരുന്നു. പ്രതിയായ നമ്പി നാരായണന് ഹൈക്കോടതി 10 ലക്ഷം രുപ നഷ്ടപരിഹാരം അനുവദിച്ചു