ബംഗളുരുവിലെ അഡ്വക്കേറ്റായ ടി. നരസിംഹ മൂർത്തിയിൽ നിന്നും അവിടുത്തെ റസ്റ്റോറന്റായ വാസുദേവ അഡിഗാ'സ് ഫാസ്റ്റ്ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് 24 രൂപയുള്ള ഇഢലിക്ക് 25 രൂപ ഈടാക്കി. ഒരു രൂപയല്ലേ പോകട്ടെയെന്ന് കരുതി വിട്ട് വീഴ്ച ചെയ്യാനൊന്നും മൂർത്തി തയ്യാറായിരുന്നില്ല. അദ്ദേഹം നേരെ ഉപഭോക്തൃ കോടതിയിൽ പോയി പരാതി നൽകുകയും അദ്ദേഹത്തിന് നീതി ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിലൂടെ അധികം ഈടാക്കിയ ഒരു രൂപയും നഷ്ടപരിഹാരമായി 100 രൂപയും മൂർത്തിക്ക് നൽകാനാണ് ജില്ലാ കൺസ്യൂമർ ഫോറം ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ തങ്ങൾ ബില്ലിനൊപ്പം ഒരു രൂപ അധികമായി വാങ്ങിയത് നിരവധി സ്റ്റേറ്റുകളിൽ മിഡ് ഡേ മീൽസ് സ്‌കീം നടത്തുന്ന എൻജിഒയ്ക്ക് സംഭാവന നൽകാനാണെന്നാണ് റസ്റ്റോറന്റ് സ്വയം ന്യായീകരിച്ചിരുന്നത്. എന്നാൽ ഉപഭോക്തൃ കോടതി ഇത് തള്ളിക്കളയുകയാിരുന്നു.

ഇതിന് പുറമെ കോടതി ചെലവായി മൂർത്തിക്ക് 1000 രൂപ കൂടി നൽകാനും ഉത്തവിട്ടിട്ടുണ്ട്. മെനുകാർഡിൽ ഇഢലിയുടെ വില 24 രൂപയായിരുന്നുവെന്നും എന്നാൽ തന്റെയടുത്ത് നിന്നും അതിന് 25 രൂപ വാങ്ങിയെന്നുമാണ് മൂർത്തി പരാതിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ അധികം ചാർജീടാക്കിയത് തികച്ചും അനീതികരമാണെന്നാരോപിച്ചായിരുന്നു മൂർത്തി കോടതിയിലെത്തിയത്. എൻജിഒയ്ക്ക് പണം നൽകാനായി അധികചാർജീടാക്കുമെന്ന കാര്യം മെനുകാർഡിൽ ഉണ്ടായിരുന്നുവെന്നാണ് ഹോട്ടലുകാർ വാദിക്കുന്നത്.ഇത്തരത്തിൽ കൂടുതൽ ചാർജ് വാങ്ങുന്നുണ്ടെന്ന് കസ്റ്റമർമാരോട് വെളിപ്പെടുത്താൻ താൻ പരാതി കൊടുത്തതിനെ തുടർന്ന് ഹോട്ടലുകാർ തയ്യാറായെന്നും മൂർത്തി പറയുന്നു. തന്റെ ബില്ലിലെയും മെനുകാർഡിലെയും സംഖ്യ ഒന്നല്ലെന്നുള്ളതാണ് തന്റെ പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൺസ്യൂമർ ഫോറത്തിന്റെ ഇത് സംബന്ധിച്ച വിധി 2014 ആദ്യമായിരുന്നു പുറത്ത് വന്നിരുന്നത്. തുടർന്ന് ഹോട്ടൽ ഇതിനെതിരെ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇത് തള്ളിക്കളയുകയായിരുന്നു. ഹോട്ടലുകാർ ലോവർ കൺസ്യൂമർ കോർട്ട് ഓർഡറിനെ വെല്ലുവിളിച്ച് കൊണ്ട് 2014 ഏപ്രിലിൽ സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റെഡ്രസൽ കമ്മീഷനിൽ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ അത് ഇക്കഴിഞ്ഞ എട്ടാം തിയതി നിരസിക്കപ്പെടുകയും കീഴ്ക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.