വെറ്റിലപ്പാറ: തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത തങ്ങളുടെ കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാൻ സഹപാഠികളും സ്‌കൂൾ അധികൃതരും കൈകോർത്ത് മാതൃകയാവുന്നു.വെറ്റിലപ്പാറ ഗവൺമെന്റ് സ്‌കൂളിൽ പഠിക്കുന്ന നിർധനരായ മൂന്ന് വിദ്യാർത്ഥികൾക്ക് വീടൊരുക്കാനാണ് സഹപാഠികളും, സ്‌കൂൾ പി.ടി.എയും, സന്നദ്ധ സംഘടനകളും കൈകോർത്തത്. പ്രകൃതിദുരന്ത ബാധിത പ്രദേശത്തെ കുടുംബങ്ങൾക്കാണ് സഹജീവികളുടെ കാരുണ്യ പ്രളയത്തിൽ വീടൊരുങ്ങുന്നത്.

തെരട്ടമ്മൽ, വിളക്കുപറമ്പ്, കിണറടപ്പൻ എന്നിവിടങ്ങളിലായി മൂന്ന് വീടുകളുടെ തറക്കല്ലിടൽ കർമം മുക്കം സബ് ഇൻസ്പെക്ടർ കെ.പി അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ ശൗകത്തലി, മെംബർ ബെന്നി പോൾ എന്നിവർ ചേർന്ന് നിർവഹിച്ചു.

വെറ്റിലപ്പാറയിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള ചെങ്കുത്തായ മലമുകളിൽ വെറും 2 സെന്റ്ിൽ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ 4 മക്കളുമായി താമസിക്കുന്ന കുടുംബത്തിന്റെ ദയനീയ ചിത്രമാണ് നാട്ടുകാരുടെ കണ്ണുതുറപ്പിച്ചത്. ഇവർക്ക് തെരട്ടമ്മലിൽ 3 സെന്റ് സ്ഥലം ദാനമായി നൽകാൻ ഉദാരമതിയായ ഒരാൾ തയ്യാറാവുകയായിരുന്നു. ആ സ്ഥലത്താണ് ഒരു വീട് നിർമ്മിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കൽ, ഹെഡ്‌മാസ്റ്റർ മോഹൻദാസ്, റോജൻ പി.ജെ, സാദിഖലി സി, തണൽ ജി.എ കോഡിനേറ്റർ സാലിം ജീറോഡ്, പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ, ജോഷി ജോസഫ്, ബേബി മാത്യു, കെ.എം കുര്യാക്കോസ്, മജീദ്, ഉ്സ്മാൻ, അബ്ദുൽ മുനീർ, അലി അക്‌ബർ, അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

വിവിധ സന്നദ്ധസംഘടനകളുട സഹകരണത്തിൽ സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തിനായി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ ഷൗക്കത്തലി ചെയർമാനും, ഹെഡ്‌മാസ്റ്റർ എൻ മോഹൻദാസ് കൺവീനറും, റോജൻ പി.ജെ ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
വീട് നിർമ്മാണത്തിന് ഉദാരമതികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി വെറ്റിലപ്പാറ കനറാബാങ്കിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്.