തിരുവനന്തപുരം: കൊലപാതക കേസിലെ പ്രതിയോടുള്ള വൈരാഗ്യത്തിൽ അയാളുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട് തല്ലിതകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളെ മൂന്ന് മാസമായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. സെപ്റ്റംബറിൽ നൽകി പരാതിയിലെ 12 പ്രതികളിൽ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

വീടിന് മുന്നിൽ ശവപ്പെട്ടികച്ചവടവുമായി ബന്ധപ്പെട്ട് കുന്നത്തുകാൽ തൈപ്പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യനും അയൽക്കാരനായ വർഗീസും തമ്മിൽ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ മെയ് 12 ന് വർഗീസിനെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായി. പെട്രോൾ നിറച്ച കുപ്പി വർഗീസിന്റെ വീടിന് നേരെ എറിഞ്ഞു തീകൊളുത്തി കൊന്നു എന്നായിരുന്നു കേസ്. സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും അയാളുടെ വീടിനും കുടുംബത്തിനും നേരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായി. അതിനെ തുടർന്ന് വീട്ടിൽ നിന്നും മാറിനിൽക്കാൻ മാരായമുട്ടം പൊലീസ് ആവശ്യപ്പെട്ടു.

പൊലീസിന്റെ നിർദ്ദേശപ്രകാരം വീട് പൂട്ടി താക്കോൽ മാരായമുട്ടം എസ്എച്ച്ഒയെ ഏൽപ്പിച്ച് സെബാസ്റ്റ്യന്റെ ഭാര്യ വിമലയും ബിരുദ വിദ്യാർത്ഥിയായ മകനും പ്ലസ്ടൂ വിദ്യാർത്ഥിനിയായ മകളും വീട് വിട്ട് നാല് മാസത്തോളം വിവിധ ഇടങ്ങളിലാണ് മാറി മാറി താമസിക്കുകയായിരുന്നു. നിത്യോപയോഗ സാധനങ്ങൾ പോലും എടുക്കാൻ പൊലീസ് അനുവദിച്ചില്ലെന്ന് വിമല പറയുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അവ എടുത്തുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തെന്നും അവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളുടെ പഠനോപകരണങ്ങളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമൊന്നും അവിടെ നിന്നും എടുക്കാൻ അവർക്ക് സാധിച്ചില്ല. വീട്ടിൽ നിന്നും ഉടുതുണി മാത്രമായി അവർക്ക് ഇറങ്ങേണ്ടിവന്നു.

പൊലീസ് വാഗ്ദാനം ചെയ്തത് പോലെ നിത്യോപയോഗ സ്ഥാനങ്ങൾ എത്തിച്ചുനൽകാൻ മാരായിമുട്ടം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട്ടിലുള്ള സകലമാന വസ്തുക്കളും മോഷണം പോയിരിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റുകളും ഫ്രിഡ്ജ്, മിക്സി തുടങ്ങിയ ഉപകരണങ്ങളും കസേരകളുമടക്കം കൊള്ളയടിക്കുകയും കൊണ്ടുപോകാൻ സാധിക്കാത്തവ തകർക്കുകയും ചെയ്തിരുന്നു. ഇതിൽ മാരായമുട്ടം പൊലീസ് എഫ്ഐആർ ഇട്ട് അന്വേഷണമാരംഭിച്ചെങ്കിലും നാല് മാസം കഴിഞ്ഞിട്ടും പന്ത്രണ്ട് പ്രതികളിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

വീട് അടിച്ച് തകർത്തവരെയും മോഷണം നടത്തിയവരെയും കുറിച്ച് ദൃക്സാക്ഷികൾ കൃത്യമായ തെളിവുകൾ നൽകിയെങ്കിലും അവരെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. സെബാസ്റ്റ്യൻ ചെയ്ത തെറ്റിനെ വിമലയും മക്കളും ന്യായീകരിക്കുന്നില്ല. എന്നാൽ ചെയ്യാത്ത തെറ്റിന് അവർ ഇന്ന് അനാഥരെ പോലെ കഷ്ടപ്പെടുകയാണ്. രണ്ട് മക്കളുടെയും സർട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളുമടക്കം പ്രതികൾ എടുത്തുകൊണ്ട് പോയതിനാൽ തുടർപഠനം പോലും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

സർട്ടിഫിക്കറ്റുകളെങ്കിലും തിരിച്ചുകിട്ടണമെന്ന പ്രാർത്ഥനയിലാണ് ഇവർ. അതിനാൽ ബാക്കിയുള്ള പ്രതികളെ കൂടി എത്രയും വേഗം അറസ്റ്റുചെയ്ത് നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുത്ത് നൽകണമെന്നാണ് ഇവരുടെ അപേക്ഷ. അതിന് വേണ്ടി പൊലീസ് സ്റ്റേഷനും ഉന്നതാധികാരികളുടെ ഓഫീസും കയറിഇറങ്ങുകയാണ് ഈ അമ്മയും മക്കളും.