കോട്ടയം: കൂട്ടിക്കലിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വൻനാശനഷ്ടം. കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ വീട് ഒലിച്ച് പോയി. പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മലമുകളിൽനിന്നുള്ള അതിശക്തമായ വെള്ളപ്പാച്ചിലിലാണ് വീട് അപ്പാടെ തകർന്ന് ഒലിച്ചു പോയത്. റോഡിന്റെ മറുഭാഗത്തുനിന്നവരാണ് ദൃശ്യം പകർത്തിയത്.


മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലിൽ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ അതീവ ഞെട്ടലുണ്ടാക്കുന്നതാണ്. ഇന്ന് രാവിലെയോടെയാണ് മുണ്ടക്കയം കൂട്ടിക്കലിലുള്ള വീട് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

വീടിന് പിന്നിൽ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടർന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂർണമായും വെള്ളത്തിൽ ഒലിച്ചുപോവുകയും ചെയ്തു.